മറുകര കടക്കാനാകാതെ കുടുംബം; പ്രതീക്ഷയോടെ പാറേല്‍ നിവാസികള്‍
text_fieldsകാഞ്ഞിരപ്പള്ളി: പുത്തന്‍വീട്ടില്‍ കുടുംബത്തിലെ മൂന്നുപേര്‍ കട്ടിലില്‍ തന്നെ ജീവിതം ചെലവഴിക്കുമ്പോള്‍ നാട് അധികാരികളുടെ കനിവിനായി കാത്തിരിക്കുകയാണ്. വഴിയില്ലാതെ ദുരിതക്കയത്തിലായ നാടിനെ രക്ഷിക്കാന്‍ ജനപ്രതിനിധികള്‍ മനസ്സുകാണിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. പാറത്തോട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ പാറയില്‍ നിവാസികളാണ് വഴിക്കായി കാത്തിരിക്കുന്നത്.
ആശുപത്രിയില്‍ പോലും കൊണ്ടുപോകാന്‍ വഴിയില്ലാതെ പ്രയാസം അനുഭവിക്കുന്ന ഇവർക്ക് ജനപ്രതിനിധികള്‍ നല്‍കിയ വാഗ്ദാനങ്ങൾ വാക്കുകളില്‍ ഒതുങ്ങി. പൂര്‍ണമായി കാഴ്ചനഷ്ടപ്പെട്ട പുത്തന്‍വീട്ടില്‍ എ.എസ്. പരീത് റാവുത്തര്‍ (89), വഴിയില്‍ വീണ് അസ്ഥിപൊട്ടി കിടപ്പിലായ ഭാര്യ ജമീല (75), പക്ഷാഘാതം മൂലം ശരീരം തളര്‍ന്ന മകന്‍ ഹബീബ് മുഹമ്മദ് (54) എന്നിവര്‍ കിടപ്പിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. സമീപവാസിയായ പി.എം. കബീര്‍ വഴിയില്ലാത്തതിന്‍റെ പേരില്‍ മകന്‍റെ വീട്ടില്‍ അഭയംതേടി. വഴിക്കായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല.
മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് പുത്തന്‍വീട് ഭവനം സന്ദര്‍ശിച്ച് വീടിന് സമീപത്തുള്ള ചിറ്റാര്‍പുഴയുടെ കൈവഴിത്തോടിന് കുറുകെ പാലം പണിയുന്നതിനായി വാഗ്ദാനം നല്‍കിയിരുന്നു. ഇതുപ്രകാരം പാലത്തിലേക്കുള്ള വഴി ഏഴുലക്ഷം രൂപ ചെലവാക്കി പ്രദേശവാസികള്‍ വാങ്ങി. എന്നാല്‍, ഒരു നടപടിയുമുണ്ടായില്ല.
എങ്കിലും നാട്ടുകാര്‍ പ്രതീക്ഷ കൈവിടുന്നില്ല. പ്രതീക്ഷയോടെ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും പഞ്ചായത്ത് അധികാരികളെയും സമീപിച്ചിട്ടുണ്ട്. അവഗണനയാണ് ഇവിടെയും ലഭിക്കുന്നതെങ്കിൽ പ്രതിഷേധം പരസ്യമാക്കി മുന്നേറാനാണ് ഇവരുടെ തീരുമാനം. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികാരികള്‍ക്കെതിരെ സമരമല്ലാതെ മാര്‍ഗം മറ്റൊന്നുമില്ലെന്നാണ് പൗരസമിതി ഭാരവാഹികള്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.