സുബൈറിന്റെ പുരസ്കാരലബ്ധിയിൽ അഭിമാനത്തോടെ നാട്
text_fieldsകാഞ്ഞിരപ്പള്ളി: വില്ലേജ് ഓഫിസര്‍ വണ്ടന്‍പതാല്‍ വെള്ളിലാപ്പറമ്പില് വി.എം. സുബൈർ മികച്ച സേവനത്തിനുള്ള സര്‍ക്കാര്‍ പുരസ്കാരം നേടിയതിന്റെ അഭിമാനത്തിലാണ് സ്വന്തം നാടായ മുണ്ടക്കയം വണ്ടന്‍പതാല്‍ ഗ്രാമം.
18 വര്‍ഷമായി റവന്യൂ വകുപ്പില്‍ ജോലിചെയ്യുന്നു. 2016ല്‍ കോരുത്തോട് സ്പെഷല്‍ വില്ലേജ് ഓഫിസറായിരുന്നപ്പോൾ കാഞ്ഞിരപ്പള്ളി താലൂക്ക്തല പുരസ്കാരവും 2017ല്‍ ഭരണഭാഷ പുരസ്കാരവും സുബൈറിനെ തേടിയെത്തിയിട്ടുണ്ട്. പീരുമേട് വില്ലേജ് ഓഫിസിൽനിന്നാണ് കാഞ്ഞിരപ്പള്ളിയിലെത്തിയത്.
തന്റെ ജോലി കൃത്യമായി ചെയ്യാനും പരമാവധി വേഗതയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പരമാവധി ആളുകൾക്ക് സഹായം എത്തിച്ചുനല്കുന്നതിനും ശ്രമിച്ചു. ജോലിസമയം കഴിഞ്ഞും അവധി ദിവസങ്ങളിലും മടികൂടാതെ ജോലി ചെയ്തുവരുന്ന വി.എം. സുബൈര്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് മാതൃകയാണ്.
കൊമ്പുകുത്തി വെള്ളിലാപറമ്പില് സി.കെ. മുഹമ്മദ്-ലൈല ദമ്പതികളുടെ മകനാണ്. നെസിമോളാണ് ഭാര്യ. വിദ്യാര്‍ഥികളായ സൈബ, മുഹമ്മദ് സര്‍ഫാസ് എന്നിവര്‍ മക്കളാണ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.