ദുരിതം നിറച്ച് കാരാപ്പുഴ പാറക്കുളം
text_fieldsകോട്ടയം: കാരാപ്പുഴക്കാർക്ക് ദുരിതമായി മാലിന്യക്കുളം. കോട്ടയം നഗരസഭയിലെ 28ാം വാർഡിൽ ഉൾപ്പെട്ട കാരാപ്പുഴ പാറക്കുളമാണ് നാടിന് ദുരിതം സമ്മാനിക്കുന്നത്. മാലിന്യം നിറഞ്ഞിരിക്കുന്ന കുളത്തിനോട് ചേർന്ന് പത്ത് വീടുകളാണുള്ളത്. സമീപങ്ങളിലും നിരവധി വീടുകളുണ്ട്. ഇവർക്കെല്ലാം വലിയ പ്രതിസന്ധിയാണ് കുളം സമ്മാനിക്കുന്നത്.
പായലിനും പോളക്കുമൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞതോടെ കുളത്തിലെ വെളളം കാണാനാകാത്ത സ്ഥിതിയാണ്. മഴയിൽ കുളത്തിലെ വെള്ളം ഉയരുന്നതോടെ ചുറ്റും താമസിക്കുന്നവരുടെ ദുരിതം ഇരട്ടിയാകും. കുളത്തിന്റെ അരികിലൂടെയുള്ള നടപ്പാതയിലൂടെയാണ് ഇവർ സഞ്ചരിക്കുന്നത്. മഴയിൽ നടപ്പാതയിലും മാലിന്യജലം നിറയുന്നതോടെ കാൽനടയാത്രപോലും ദുഷ്കരമാകും. മഴയത്ത് കുളത്തിലെ മലിനജലം സമീപത്തെ വീട്ടുമുറ്റങ്ങളിലേക്കും എത്തുന്നുണ്ട്.
കുളത്തിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. മിക്ക വീടുകളിലും കുട്ടികളും പ്രായമായവരുമുണ്ട്. കൊതുക് ശല്യവും രൂക്ഷമാണ്. രാത്രിയിൽ വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.
നേരത്തെ രണ്ടുതവണ കുളം വറ്റിച്ച് വൃത്തിയാക്കിയെങ്കിലും ഇപ്പോൾ വർഷങ്ങളായി നടപടിയൊന്നുമില്ല. ഇതോടെ മാലിന്യം കൂന്നുകൂടിയിരിക്കുകയാണ്. ആഴം ഏറെയുള്ള കുളത്തിന്റെ പകുതിയിലധികവും മാലിന്യത്താൽ നിറഞ്ഞിരിക്കുകയാണ്. ഇതിനാൽ മഴ പെയ്താലുടൻ കുളം നിറഞ്ഞുകവിയുന്ന സ്ഥിതിയാണ്.
മാലിന്യങ്ങൾ വലിയതോതിൽ വലിച്ചെറിഞ്ഞതോടെ കാമറ സ്ഥാപിച്ചെങ്കിലും ഇതും പ്രവർത്തനരഹിതമായെന്ന് നാട്ടുകാർ പറയുന്നു. ശാസ്താംകാവ് റെസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ 2015ൽ കുളത്തിന് സംരക്ഷണവേലി നിർമിച്ചിരുന്നു.
അതിനാൽ വെള്ളത്തിൽ വീണുള്ള അപകടങ്ങൾ ഒഴിഞ്ഞെങ്കിലും മാലിന്യനിക്ഷേപത്തിന് കുറവില്ല. മറ്റിടങ്ങളിൽനിന്നുള്ള മാലിന്യങ്ങളും കുളത്തിൽ നിക്ഷേപിക്കുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുളം, മണ്ണിട്ട് മൂടാൻ ഇവർ തയാറാണെങ്കിലും ജലസ്രോതസ്സായതിനാൽ അനുമതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതോടെ അവരും ഇവിടേക്ക് തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്.
കോട്ടയം നഗസഭ ഇടപെട്ട് കുളം നവീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജലം വറ്റിച്ച് കുളത്തിലെ മാലിന്യങ്ങൾ അടിയന്തരമായി നീക്കണമെന്ന നിർദേശമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. വർഷങ്ങളായി തുടരുന്ന ദുരിതത്തിന് ഉടൻ പരിഹാരം വേണമെന്നാവശ്യവും ഇവർ ഉയർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.