കരീമഠം ഗവ.യു.പി സ്കൂൾ മുഖം മിനുക്കുന്നു; കുട്ട്യോൾക്ക് പുത്തൻ പള്ളിക്കൂടം
text_fieldsകോട്ടയം: കരീമഠം ഗവ.യു.പി സ്കൂളിന് പുതുശ്വാസമേകി നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. തിങ്കളാഴ്ച അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിന്റെ നേതൃത്വത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ഭാരവാഹികളും അധ്യാപകരും നടത്തിയ ആലോചനയോഗത്തിലാണ് സ്കൂൾ മിനുക്കി പുതുജീവനേകാൻ തീരുമാനമായത്. ഇതോടനുബന്ധിച്ച് സ്കൂളിന് ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിച്ചു. മാർച്ചിൽ തകർന്ന ഓട് മാറ്റി പുതിയ റൂഫ് സ്ഥാപിച്ചിരുന്നു. ഇതിൽ അവശേഷിച്ചിരുന്ന അവശിഷ്ടങ്ങളും വൃത്തിയാക്കി. തൊഴിലുറപ്പുകാരാണ് സ്കൂളിന് സമീപത്തെ മാലിന്യങ്ങളും കാടുകളും മാറ്റി വൃത്തിയാക്കിയത്.
പ്രൈമറി ക്ലാസുകളിൽ തകർന്ന ടൈലുകൾ മാറ്റി പുതിയത് ഉടനെ സ്ഥാപിക്കും. ഇനി അവശേഷിക്കുന്നത് ശുചിമുറി വൃത്തിയാക്കലും പെയിന്റിങുമാണ്. 2018ലെ പ്രളയത്തിൽ കേടുപാടുണ്ടായ സ്റ്റാഫ് റൂമുകളും നവീകരിക്കേണ്ടതുണ്ട്.
കുട്ടികൾക്കായി ഒരു ലൈബ്രറിയും കമ്പ്യൂട്ടർ ലാബും സ്കൂളിൽ അനിവാര്യമാണ്. പ്രൈമറി ക്ലാസ് ഉൾപ്പെടെ 26ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പുതു അധ്യയനവർഷത്തിൽ സ്കൂളിലെ പരാധീനതകൾ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.