കുതിപ്പ് തുടർന്ന് കരിമീൻ; കൊഞ്ചിന് വില കുറഞ്ഞു
text_fieldsകോട്ടയം: കരിമീൻ ലഭ്യത കുറഞ്ഞതോടെ വിലയിൽ കുതിപ്പ്. കുമരകത്ത് എ പ്ലസ് കരിമീനിന്റെ വില 600 രൂപയായി ഉയർന്നു. നേരത്തേ 460-500 രൂപയായിരുന്നു വില. തൊട്ടുതാഴെയുള്ള ഗ്രേഡ് 500 രൂപക്കാണ് കുമരകത്തെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം വിൽക്കുന്നത്. നേരത്തേ ഇടത്തരം കരിമീൻ 300 രൂപക്ക് വരെ ലഭിച്ചിരുന്നു.
വലിയതോതിൽ കരിമീൻ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. സംഘത്തിൽ മീൻ ഇല്ലാത്തതിനാൽ വാങ്ങാനെത്തുന്ന പലരും വെറുംകൈയോടെ മടങ്ങുന്ന സ്ഥിതിയുമുണ്ട്. റിസോര്‍ട്ടുകള്‍, കള്ളുഷാപ്പുകള്‍ എന്നിവരാണ് കരിമീനുകൾ കൂടുതലായി വാങ്ങുന്നത്. നേരിട്ട് വാങ്ങാൻ എത്തുന്നവരും ഏറെയാണ്.
വേമ്പനാട്ട് കായലില്‍ കരിമീനിന്റെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് സഹകരണസംഘം അധികൃതർ പറയുന്നു. നേരത്തേ 300 കിലോവരെ കരിമീനുകൾ ലഭിച്ചിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ 100കിലോപോലും കിട്ടാത്ത സ്ഥിതിയാണ്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്ന് കിടക്കുന്നതിനാൽ കായൽ വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതാണ് കരിമീൻ ലഭ്യത കുറയാന്‍ കാരണമായി തൊഴിലാളികള്‍ പറയുന്നത്. മഴയെത്തുടർന്ന് കിഴക്കൻ വെള്ളവും വലിയതോതിൽ എത്തുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യം അടക്കം വലിയതോതിൽ വേമ്പനാട്ട് കായലിൽ കലരുന്നതും മീൻ ലഭ്യതയെ ബാധിക്കുന്നുണ്ട്. നേരത്തേ കരിമീന്‍ സമ്പത്ത് വര്‍ധിപ്പിക്കാന്‍ വേമ്പനാട്ട് കായലില്‍ ആറ് കരിമീന്‍ സങ്കേതങ്ങള്‍ നിര്‍മിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. എന്നാൽ, കരിമീൻ കുഞ്ഞുങ്ങളെ വേമ്പനാട്ട് കായലിൽ നിക്ഷേപിക്കുന്നുണ്ട്.
അതിനിടെ, കൊഞ്ചിന് വില കുറഞ്ഞു. കയറ്റുമതിക്കുള്ള കൊഞ്ചിന് നേരത്തേ കിലോക്ക് 1000 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 100 രൂപ കുറഞ്ഞു. വീട്ടാവശ്യങ്ങൾക്കുള്ളതിന് കിലോക്ക് 300-400 രൂപക്ക് വരെ ലഭിക്കുന്ന സ്ഥിതിയാണ്. നേരത്തേ 500-600 രൂപ വരെ നൽകണമായിരുന്നു. വലിയതോതിൽ വേമ്പനാട്ട് കായലിൽനിന്ന് കൊഞ്ച് ലഭിക്കാൻ തുടങ്ങിയതാണ് വില ഇടിയാൻ കാരണം.
നീർകാക്കകൾ വലിയതോതിൽ കൊഞ്ചിൻ കുഞ്ഞുങ്ങളെ നശിപ്പിക്കുന്നത് പതിവാണ്. ഇതിനിടയിലും ഇത്തവണ ലഭ്യത ഉയർന്നത് മത്സ്യത്തൊഴിലാളികൾക്കും ആഹ്ലാദം പകരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.