മലവെള്ളപ്പാച്ചിൽ: നെടുംകുന്നത്ത് കനത്ത നാശം
text_fieldsകറുകച്ചാല്‍: മലവെള്ളപ്പാച്ചിലിൽ നെടുംകുന്നം, കറുകച്ചാല്‍ മേഖലയില്‍ വെള്ളം കയറി. ഞായറാഴ്ച രാത്രി 10.30ഓടെയാണ് കനത്തമഴ തുടങ്ങിയത്. 4.30ഓടെ കോവേലി, നെടുമണ്ണി, ഇടത്തിനാട്ടുപടി, മുളയംവേലി തുടങ്ങി നെടുംകുന്നത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി.
നെടുമണ്ണിയില്‍ റോഡില്‍ വെള്ളം കയറിയതോടെ മണിമല റോഡില്‍ മണിക്കൂറോളം ഗതാഗതം മുടങ്ങി. 12ാം മൈല്‍ ഭാഗത്ത് വെള്ളം കയറിയതോടെ വാഴൂര്‍ റോഡിലും ഗതാഗതം മുടങ്ങി. നെത്തല്ലൂര്‍ പനക്കവയല്‍ ഭാഗത്ത് 15 വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകളുടെ സംരക്ഷണഭിത്തിയിടിഞ്ഞു.
പലയിടത്തും തോടിന്റെ വശങ്ങള്‍ ഇടിഞ്ഞു. ഇടയിരിക്കപ്പുഴയില്‍ തോട് കരകവിഞ്ഞതോടെ റോഡില്‍ വെള്ളം കയറി. തോട്ടയ്ക്കാട് ഭാഗത്ത് തോട് കരകവിഞ്ഞതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. വ്യാപകമായി കൃഷിനാശവുമുണ്ട്. തോട്ടയ്ക്കാട് കവല, അമ്പലക്കവല തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു.
കറുകച്ചാല്‍ പഞ്ചായത്തിലെ പനയമ്പാല തോട് കരകവിഞ്ഞതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. നെടുങ്ങാടപ്പള്ളി കവലയിലും റോഡിലും വെള്ളം കയറി.
കോവേലി ഭാഗത്തെ എട്ട് കുടുംബങ്ങളെ പാമ്പാടിയില്‍നിന്നും ചങ്ങനാശേരിയില്‍നിന്നും എത്തിയ അഗ്നിരക്ഷ സേനയാണ് രക്ഷിച്ചത്. കറുകച്ചാല്‍ ഒന്നാം വാര്‍ഡില്‍ ചമ്പക്കര ക്ഷേത്രത്തിന് സമീപവും കാളച്ചന്ത, രണ്ടുതോട് ഭാഗങ്ങളിലും വെള്ളം കയറി കൃഷി നശിച്ചു. മാന്തുരുത്തി കുരിശുകവലയില്‍ മൂന്ന് വീടുകളില്‍ വെള്ളം കയറി.
12ാം മൈലില്‍ പലചരക്ക് കടയില്‍ വെള്ളംകയറി സാധനങ്ങള്‍ നശിച്ചു. മാന്തുരുത്തി തോട് കരകവിഞ്ഞതോടെ കവലക്ക് സമീപത്തെ കട്ടക്കളത്തില്‍ വെള്ളംകയറി.
ഇവിടെ ഗോഡൗണില്‍ സൂക്ഷിച്ച 900 ചാക്ക് സിമന്‍റ് നശിച്ചു. മുളയംവേലിയില്‍ തോടുകള്‍ കരകവിഞ്ഞതോടെ വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകളില്‍ വെള്ളംകയറി. വാഹനങ്ങളടക്കം മുങ്ങി. നെടുംകുന്നം ആര്യാട്ടുകുഴിയില്‍ കോഴിമണ്ണില്‍ ബിജു, മടിയകുന്നേല്‍ വിജയന്‍ വെണ്ണികുളം ജോയി എന്നിവരുടെ കൃഷി നശിച്ചു.
1000 മൂട് കപ്പയും 25 മൂട് തെങ്ങിന്‍തൈകളും മറ്റ് കൃഷികളും നശിച്ചു. മുളയംവേലി, തൊട്ടിക്കല്‍, പാറക്കുഴി ഭാഗത്തെ വിവിധ കുടിവള്ള പദ്ധതികളുടെ കിണറും പമ്പ് ഹൗസുമടക്കം വെള്ളംകയറി നശിച്ചു. പനക്കവയല്‍ ഭാഗത്തും നെത്തല്ലൂരിലും വെള്ളം കയറി കൃഷിനാശമുണ്ടായി. മുളയംവേലിയില്‍ ഓട്ടോയും ഇരുചക്രവാഹനങ്ങളും വെള്ളത്തിലായി.
നെടുംകുന്നം നാലാം വാര്‍ഡ് കളരിക്കല്‍പറമ്പില്‍ ശശിയുടെ വീട്ടുമുറ്റം തോട്ടിലേക്ക് ഇടിഞ്ഞു. മാന്തുരുത്തി കല്ലേപ്പുറം-ഇലഞ്ഞിക്കല്‍പടി തോടിനോട് ചേര്‍ന്നുള്ള അനുബന്ധ റോഡ് മലവെള്ളപ്പാച്ചിലില്‍ പൂര്‍ണമായി തകര്‍ന്നു. ചമ്പക്കര ക്ഷേത്രത്തിന് സമീപത്തെ പാലത്തിെൻറ കൈവരിയും അനുബന്ധ ഭാഗങ്ങളും തകര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.