സംസ്ഥാന തെരഞ്ഞെടുപ്പ് ഇന്ന്; കേരള കോൺഗ്രസ് എമ്മിന് ഇനി െസക്രട്ടേറിയറ്റും
text_fieldsകോട്ടയം: കേരള കോൺഗ്രസ് എമ്മിൽ സെക്രട്ടേറിയറ്റെന്ന പേരിൽ പുതുസമിതി. പാർട്ടിയുടെ ഉന്നതസമിതികളായ ഹൈപവര്‍ കമ്മിറ്റിക്കും സ്റ്റിയറിങ് കമ്മിറ്റിക്കും താഴെയായിരിക്കും 131 അംഗ സെക്രട്ടേറിയറ്റ്. ഞായറാഴ്ച നടക്കുന്ന സംസ്ഥാന സമിതിയിൽ സെക്രട്ടേറിയറ്റ് അംഗങ്ങളെയടക്കം തെരഞ്ഞെടുക്കും. ഞായറാഴ്ച രാവിലെ രാവിലെ 10.30ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്. വാർഡുതലം മുതൽ നടന്ന സമ്മേളനങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നത്.
സെമി കാഡർ എന്ന ലക്ഷ്യത്തോടെ അംഗത്വ കാമ്പയിനും തുടർന്ന് വാർഡ്, ജില്ല സമ്മേളനങ്ങളും പൂർത്തിയാക്കിയശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ്. 14 ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 575 പ്രതിനിധികളാണ് സംസ്ഥാന സമിതിയിലേക്ക് എത്തിയിരിക്കുന്നത്. ചെയർമാൻ അടക്കം മുഴുവൻ പദവികളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ജോസ് കെ. മാണി തന്നെ ചെയർമാനായി തുടരും. ജില്ലതലങ്ങളിൽ ജോസ് കെ. മാണിയുടെ അടുപ്പക്കാർക്കായിരുന്നു ഭാരവാഹിത്വം. ജോസ് കെ. മാണി നിശ്ചയിക്കുന്നവർ തന്നെയാകും പുതുതായി സമിതികളിലേക്ക് എത്തുക.
15 ജനറല്‍ സെക്രട്ടറിമാർ, 23 അംഗ ഹൈപവര്‍ കമ്മിറ്റി, 91 അംഗ സ്റ്റിയറിങ് കമ്മിറ്റി, 131 അംഗ സെക്രട്ടേറിയറ്റ് എന്നിവയെയും ഞായറാഴ്ച നിശ്ചയിക്കും. ഭാരവാഹികളുടെ എണ്ണത്തിൽ ഇത്തവണ കുറവ് വരുത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 25 ജനറൽ സെക്രട്ടറിമാരായിരുന്നെങ്കിൽ ഇത് 15 ആക്കി കുറച്ചു. നേരത്തേ സ്റ്റിയറിങ് കമ്മിറ്റി 121 അംഗങ്ങളായിരുന്നെങ്കിൽ പുതുകമ്മിറ്റിയിൽ 91 പേരെയാകും ഉൾപ്പെടുത്തുക. ഹൈപവർ കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തിൽ മാറ്റമില്ല.
മൂന്നുലക്ഷം സജീവ അംഗങ്ങളാണ് പാർട്ടിക്കുള്ളത്. ഇവരുടെ ഡിജിറ്റൽ രജിസ്ട്രി തയാറാക്കി. പാർട്ടി ചരിത്രത്തിൽ ആദ്യമായാണ് അംഗങ്ങളുടെ സംസ്ഥാനതല രജിസ്റ്റർ തയാറാക്കുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.