കേരള കോണ്‍ഗ്രസ്-എമ്മിന്റെ എൽ.ഡി.എഫ് പ്രവേശനം: സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് സി.പി.എം
text_fieldsകോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മിന്റെ എൽ.ഡി.എഫ് പ്രവേശനം സംബന്ധിച്ച് സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് സി.പി.എം പ്രവർത്തന റിപ്പോർട്ട്. നിരുത്തരവാദ സമീപനമാണ് സി.പി.ഐയുടെ ഭാഗത്തുനിന്നുണ്ടായത്.
മുന്നണിയുടെ കെട്ടുറപ്പിന് ചേരുന്നതായിരുന്നില്ല സി.പി.ഐയുടെ പ്രവര്‍ത്തനങ്ങളും അസ്ഥാനത്തുള്ള പ്രതികരണങ്ങളും. സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉള്‍പ്പെടെ സി.പി.ഐ പക്വമായ നിലപാട് സ്വീകരിച്ചില്ലെന്നും ജില്ല സെക്രട്ടറി എ.വി. റസല്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പൊലീസ് വീഴ്ചകൾ സർക്കാറിന് കോട്ടമായെന്നും വിമർശനമുയർന്നു.
പൊലീസിന്റെ ചില പ്രവൃത്തികള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചതായി അയര്‍ക്കുന്നം, ചങ്ങനാശ്ശേരി, തലയോലപ്പറമ്പ് ഏരിയകളില്‍ നിന്നുള്ള പ്രതിനിധികൾ വിമര്‍ശനമുന്നയിച്ചു. തിരുവനന്തപുരം ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര പാര്‍ട്ടിയുടെ അച്ചടക്കത്തിന് ചേരാത്തതായെന്നും ആരോപണമുയർന്നു.
കേരള കോൺഗ്രസ്-എമ്മിന്റെ ഇടതുമുന്നണി പ്രവേശനം ജില്ലയിൽ പാർട്ടിക്ക് ഗുണകരമായെന്ന് റിപ്പോർട്ടിൽ പറയുന്നു. വോട്ടുകളുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടായത്. ന്യൂനപക്ഷങ്ങൾ പാർട്ടിയിലേക്ക് കൂടുതലായി ഇതിലൂടെ അടുത്തതായും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. യു.ഡി.എഫിൽനിന്ന് കേരള കോൺഗ്രസിനെ അകറ്റുന്നതിൽ പാർട്ടി ജില്ല നേതൃത്വം ഫലപ്രദമായി ഇടപെട്ടു. കോട്ടയം ജില്ല നേതൃത്വത്തിന്റെ നീക്കങ്ങൾ വിജയം കണ്ടതോടെയാണ് കേരള കോൺഗ്രസ് ഇടത്തേക്ക് എത്തിയത്.
ഇതിലൂടെ ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളുടെയും ഭരണംപിടിക്കാൻ കഴിഞ്ഞു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിലെയും കടുത്തുരുത്തിയിലെയും തോൽവി ഏരിയ കമ്മിറ്റികളുടെ ജാഗ്രതക്കുറവുമൂലമാണ്. കേരള കോൺഗ്രസ് മുന്നണിയുടെ ഭാഗമായതോടെ ജില്ലയിലെ ഒമ്പതിൽ അഞ്ച് മണ്ഡലത്തിലും എൽ.ഡി.എഫിന് വിജയിക്കാനായി.
വൈക്കം നിയോജകമണ്ഡലത്തിൽ 50 ശതമാനത്തിലേറെ വോട്ട് നേടാനായി. കുമരകം പഞ്ചായത്തിൽ 55 ശതമാനത്തിലേറെ വോട്ടാണ് നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയത്.
ചെഞ്ചുവപ്പായി കോട്ടയം
ഉയർന്നുപാറുന്ന ചെങ്കൊടിക്കൊപ്പം ദീപശിഖയും തെളിഞ്ഞതോടെ, അക്ഷരനഗരിയിൽ സി.പി.എം ജില്ല സമ്മേളനത്തിന് തുടക്കം. നീണ്ടൂർ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽനിന്ന് എത്തിച്ച ദീപശിഖ തെളിഞ്ഞതോടെ പ്രതിനിധി സമ്മേളന നഗറായ മാമ്മൻ മാപ്പിള ഹാളിൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, വൈക്കം വിശ്വൻ, ഡോ. ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, എം.സി. ജോസഫൈൻ, എളമരം കരിം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ്, പി. രാജീവ്, സംസ്ഥാന സമിതി അംഗം വി.എൻ. വാസവൻ എന്നിവർ പങ്കെടുത്തു.
ജില്ല സെക്രട്ടറി എ.വി. റസൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ് ചർച്ചക്കുശേഷം വൈകുന്നേരത്തോടെ പൊതു ചർച്ചയും ആരംഭിച്ചു. 150 പ്രതിനിധികളും 39 ജില്ല കമ്മിറ്റി അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. കേരള കോൺഗ്രസിന്റെ ഇടതുപക്ഷത്തേക്കുള്ള കടന്നുവരവിനെ പ്രതിനിധികൾ ഭൂരിഭാഗവും സ്വാഗതം ചെയ്തപ്പോൾ ചില വിമർശനങ്ങളുമുയർന്നു. ഇടത് ചട്ടക്കൂട്ടിലേക്ക് ഇവർ പൂർണമായി വഴങ്ങിയിട്ടില്ലെന്ന പരിഭവമാണ് ചിലർ പങ്കിട്ടത്. വെള്ളിയാഴ്ച കൂടുതൽ പേർ സംസാരിക്കും.
സമ്മേളനത്തിന്റെ ഭാഗമായി പുസ്തകോത്സവും കാർഷിക നാട്ടുചന്തയും നാടൻ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഉപയോഗക്ഷമമായ സാധനങ്ങൾ കൈമാറുന്നതിനായി സ്വാപ് സെന്ററുമുണ്ട്.
ചൈനയുടെ വളർച്ച സോഷ്യലിസ്റ്റ് നേട്ടം -എസ്. രാമചന്ദ്രൻപിള്ള
ചൈനയുടെ അഭൂതപൂർവ വളർച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും ഇത് മറച്ചുവെക്കാൻ ആഗോളതലത്തിൽ തുടർച്ചയായി കള്ളപ്രചാരണം നടക്കുകയാണെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. അമേരിക്കൻ മേധാവിത്വം ചോദ്യം ചെയ്യുംവിധം ചൈന കരുത്താർജിച്ചു. ഇതോടെയാണ് ചൈനക്കെതിരെ വലിയ പ്രചാരവേലകൾ ആരംഭിച്ചത്. അമേരിക്കയടക്കമുള്ള രാജ്യങ്ങളാണ് ഇതിന് പിന്നിൽ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ചേർത്തുനിർത്തി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാനാണ് അവരുടെ ശ്രമം.
ഇതിന് കേന്ദ്രം നിന്നുകൊടുക്കുകയാണെന്നും രാമചന്ദ്രൻപിള്ള കുറ്റപ്പെടുത്തി. സി.പി.എം കോട്ടയം ജില്ല സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ദാരിദ്ര്യം പരിഹരിക്കുന്നതിൽ ചൈനയുടെ സംഭാവന വലുതാണ്. ഇന്ത്യയിൽ 60 ശതമാനം ദരിദ്രരുള്ളപ്പോൾ ലോകത്ത് ദരിദ്രരെ ഇല്ലാതാക്കാനുള്ള ചൈനയുടെ സംഭാവന 70 ശതമാനമാണ്.
ഇന്ത്യയിൽ ചൈനക്കെതിരായ പ്രചാരണം നടത്തുന്നത് കമ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യമിട്ടാണെന്നും എസ്.ആർ.പി പറഞ്ഞു. രാജ്യത്തെ ഗവർണർമാരിൽ വലിയൊരുനിര ആർ.എസ്.എസ് പ്രചാരകരാണെന്നും ഇവർ സ്ഥാനത്തും അസ്ഥാനത്തുമെല്ലാം ഇടപെട്ട് അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ-റെയിൽ കേരളത്തെ നിക്ഷേപ സംസ്ഥാനമാക്കും -തോമസ് ഐസക്
കെ-റെയിൽ പദ്ധതി കേരളത്തെ നിക്ഷേപ സംസ്ഥാനമാക്കി മാറ്റുമെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. കെ-റെയിൽ വന്നാൽ സർക്കാറിന്റെ വരുമാനം കൂടും. ഇതാണ് കെ-റെയിലിന്റെ ലാഭം. സാധാരണക്കാരന് ക്ഷേമം ഉറപ്പാക്കും. രാജ്യം വളരുന്നതിനെക്കാൾ വേഗത്തിലാണ് കേരളത്തിന്റെ വളർച്ച. കേരളത്തിലെ ഒരുപൗരന്റെ ശരാശരി വരുമാനം ദേശീയ ശരാശരിയെക്കാൾ 50 ശതമാനം കൂടുതലാണ്. അതുകൊണ്ട് പദ്ധതി പരാജയപ്പെടുമോയെന്ന ആശങ്കവേണ്ടെന്നും തോമസ് ഐസക് പറഞ്ഞു. സി.പി.എം കോട്ടയം ജില്ല സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ധനവിചാര സദസ്സ്-ഇന്ത്യൻ സമ്പദ്ഘടനയും കേരളത്തിന്റെ ബദലും' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന കേരള മോഡൽ എന്ന ആശയത്തിന് രാജ്യത്താകമാനം വലിയ പിന്തുണ ലഭിക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. കേരളം കാഴ്ചവെക്കുന്ന ബദൽ രാജ്യം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.