മാണിയെ മുറുകെപ്പിടിക്കാൻ കേരള കോൺഗ്രസ്
text_fieldsകോട്ടയം: പാലാ ഗ്ലാമർ പോരാട്ടത്തിനൊരുങ്ങുന്നതിനിടെ കെ.എം. മാണിയുടെ ഓർമകൾ സജീവമാക്കാൻ കേരള േകാൺഗ്രസ്. മാണിയുടെ ഒാർമകൾ മുൻനിർത്തി മണ്ഡലത്തിൽ പദയാത്ര നടത്താൻ തീരുമാനിച്ചതിനുപിന്നാലെ പാർട്ടി നേതൃത്വത്തിൽ പാലായിൽ കെ.എം. മാണിയുടെ പ്രതിമ സ്ഥാപിക്കുന്നു.
എട്ടര അടി ഉയരത്തിൽ സിമൻറിൽ തീർത്ത പൂർണകായപ്രതിമ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ ജോസ് തോമസ് പടിഞ്ഞാറേക്കര സ്മാരക കവാടത്തോട് ചേർന്നാണ് സ്ഥാപിക്കുന്നത്. ഈമാസം 24ന് വൈകീട്ട് അഞ്ചിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനാച്ഛാദനം ചെയ്യും. കെ.എം. മാണിയുടെ സ്ഥിരം ശൈലിയായ വെള്ളമുണ്ടിലും ജുബ്ബയിലുമാണ് പ്രതിമ. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയും കെ.എം. മാണി ഫൗണ്ടേഷനും ചേർന്ന് സ്ഥാപിക്കുന്ന പ്രതിമ അടിമാലി സ്വദേശികളായ ഷിജോ ജോൺ, ലൈജു ജയിംസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
അരനൂറ്റാണ്ട് പാലായിൽ കെ.എം. മാണി നടത്തിയ വികസനപ്രവർത്തനങ്ങൾ വിശദീകരിച്ച് ഈ മാസം 20 മുതൽ 27 വരെ മണ്ഡലത്തിൽ ജോസ് കെ. മാണിയുെട നേതൃത്വത്തിൽ പദയാത്ര നടത്താൻ തീരുമാനിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് കാപ്പനെ നേരിടാനൊരുങ്ങുന്ന ജോസ് കെ. മാണി 'മാണി വികാരവുമായി' മണ്ഡലത്തിൽ സജീവമാകുന്നത്.
അതേസമയം, ഇടത് അണികളെ പിണക്കാതെ മാണി സി. കാപ്പൻ എം.എൽ.എയും മണ്ഡലത്തിൽ സജീവമാണ്. 400 കോടിയുടെ വികസനം ഒന്നരവർഷത്തിനിടെ പാലായിൽ എത്തിച്ചെന്നാണ് കാപ്പെൻറ പ്രചാരണം. പാലാ നഗരത്തിന് പുറത്തേക്കും വികസനമെത്തിച്ചുവെന്നതിനാണ് ഊന്നൽ. നേരത്തേ മണ്ഡലത്തിൽ വികസനയാത്ര നിശ്ചയിച്ച കാപ്പൻ, യു.ഡി.എഫ് പ്രവേശനനീക്കം സജീവമായതോടെ മാറ്റിയിരുന്നു. ഈ മാസം 22ന് പുതിയ പാർട്ടിയുടെ പ്രഖ്യാപനത്തിന് കാപ്പൻ തിരുവനന്തപുരത്ത് നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. കേരള എൻ.സി.പി എന്ന പേരിൽ മാണി സി. കാപ്പൻ പ്രസിഡൻറായി പാർട്ടി രൂപവത്കരിക്കാനാണ് തീരുമാനം. ട്രാക്ടർ, ഫുട്ബാൾ എന്നിവയിലേതെങ്കിലും ചിഹ്നമായി ചോദിക്കാനും കഴിഞ്ഞ ദിവസം പാലായിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
നിലവിൽ പാർട്ടി രൂപവത്കരണനടപടികൾ പുരോഗമിക്കുകയാണ്. അടുത്തമാസം മൂന്നുമുതൽ പത്തുവരെ മാണി.സി.കാപ്പൻ മണ്ഡലത്തിൽ വികസനവിളംബര വാഹനപ്രചരണ ജാഥ നടത്തും. ഒരുദിവസം രണ്ടു പഞ്ചായത്തുകളിൽ ജാഥ പര്യടനം നടത്തും. യു.ഡി.എഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയും ജാഥക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.