കേരള കോൺഗ്രസിന്റെ കരുത്തളക്കുന്ന അകലകുന്നം
text_fieldsകോട്ടയം: പിറന്നുവീണ ജില്ലയാണെങ്കിലും പുതുപ്പള്ളി മണ്ഡലത്തിലെ പല പഞ്ചായത്തിലും കേരള കോൺഗ്രസിന് വേണ്ടത്ര വേരോട്ടമില്ല. ഇതിന് അപവാദമാണ് അകലകുന്നം പഞ്ചായത്ത്. പുതുപ്പള്ളി മണ്ഡലത്തിൽ കേരള കോൺഗ്രസ് വലിയ സാന്നിധ്യമായ ഏക പഞ്ചായത്താണ് അകലകുന്നം. രണ്ടര പതിറ്റാണ്ടിനുശേഷം 2020ൽ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാൻ എൽ.ഡി.എഫിന് തുണയായതും കേരള കോൺഗ്രസ് എം ഒപ്പമെത്തിയതായിരുന്നു. ഉപതെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
എന്നാൽ, കേരള കോൺഗ്രസ് എം ഒപ്പമുണ്ടായിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഉമ്മൻ ചാണ്ടി പഞ്ചായത്തിൽ ലീഡ് നേടിയിരുന്നതായി യു.ഡി.എഫ് പറയുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുന്നണിക്കൊപ്പമുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കേരള കോൺഗ്രസ് എം എൽ.ഡി.എഫിനൊപ്പമെത്തി അധികം കഴിയുംമുമ്പായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പെന്ന് പറയുന്ന എൽ.ഡി.എഫ് നേതാക്കൾ ആ സാഹചര്യമല്ല ഇപ്പോഴെന്ന് ചൂണ്ടിക്കാട്ടുന്നു. സി.പി.എമ്മും കേരള കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറെ ഇഴകിച്ചേർന്നതായും ഇതിന്റെ ഗുണം ഉപതെരഞ്ഞെടുപ്പിലുണ്ടാകുമെന്നും ഇവർ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിനൊപ്പം ഉറച്ചുനിന്നിട്ടുള്ള അകലകുന്നം ഇത്തവണയും ആ പാരമ്പര്യം കാക്കുമെന്നും മറിച്ചൊന്നും സംഭവിക്കില്ലെന്നും യു.ഡി.എഫ് നേതൃത്വവും പറയുന്നു. കെ. കരുണാകരന്റെ നേതൃത്വത്തിൽ ഡി.ഐ.സി രൂപവത്കരിച്ചകാലത്ത് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് ഭരണം പിടിക്കാൻ കഴിഞ്ഞതൊഴിച്ചാൽ എക്കാലവും യു.ഡി.എഫിനൊപ്പമായിരുന്നു അകലകുന്നം. എന്നാൽ, 2020ലെ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ഒപ്പം ചേർന്ന കരുത്തിൽ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. ആറു സീറ്റുള്ള കേരള കോൺഗ്രസ് എമ്മാണ് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ സീറ്റുള്ള പാർട്ടിയും.
ഡി.ഐ.സിയുമായി ചേർന്ന് മത്സരിച്ച 2005ലാണ് എൽ.ഡി.എഫ് യു.ഡി.എഫിനൊപ്പമെത്തിയത്. അന്ന് ഡി.ഐ.സി ഉൾപ്പെടുന്ന എൽ.ഡി.എഫും യു.ഡി.എഫും ഏഴ് സീറ്റ് വീതം നേടി ഒപ്പത്തിനൊപ്പമെത്തി. തുടർന്ന് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് ഭരണം നേടി.
എന്നാൽ, അടുത്ത തവണ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. നീണ്ട ഇടവേളക്കുശേഷം 2020ൽ വീണ്ടും ഇടതുപക്ഷം ഭരണത്തിലേറി. നിലവിൽ സ്വതന്ത്രനടക്കം എൽ.ഡി.എഫിന് പത്ത് അംഗങ്ങളും യു.ഡി.എഫിന് അഞ്ച് അംഗങ്ങളുമാണുള്ളത്. ഇതിൽ ആറുപേർ കേരള കോൺഗ്രസ് എമ്മിനാണ്.
ഒരു സ്വതന്ത്രനടക്കം നാലുപേരാണ് സി.പി.എമ്മിനുള്ളത്. യു.ഡി.എഫിലെ അഞ്ച് സീറ്റും കോൺഗ്രസിനാണ്. 2015ലെ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം- ആറ്, കോൺഗ്രസ്- നാല്, എൽ.ഡി.എഫ്- അഞ്ച് എന്നിങ്ങനെയായിരുന്നു കക്ഷിനില.
പഞ്ചായത്ത് ഭരണം നഷ്ടമായതിനു പിന്നാലെ നടന്ന കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷവും ഇടിഞ്ഞിരുന്നു. 2000 താഴെയായിരുന്നു ഭൂരിപക്ഷം. ഇത്തവണ ഇത് പിന്നെയും താഴെ പോകുമെന്ന് എൽ.ഡി.എഫ് പറയുമ്പോൾ മൂന്നിരട്ടിയിലധികം ഭൂരിപക്ഷം ഉയരുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.