കോവിഡ് ബാധിച്ച് മരിച്ച ഫ്രഞ്ച് പൗരന് അന്ത്യവിശ്രമം ഒരുക്കി കിടങ്ങൂർ പഞ്ചായത്ത്
text_fieldsകിടങ്ങൂർ: രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച ഫ്രഞ്ച് പൗരന് അന്ത്യവിശ്രമമൊരുക്കി കിടങ്ങൂർ പഞ്ചായത്ത്. വിനോദസഞ്ചാരിയായി കേരളത്തിലെത്തിയ ഫ്രഞ്ച് പൗരൻ മെഴ്സിയർ ജീൻ പെരേര (77) കോട്ടയം മെഡിക്കൽ കോളജിൽവെച്ച് കോവിഡ് ബാധിച്ച് കഴിഞ്ഞ നാലിന് മരിച്ചു.
എംബസി അധികൃതരുമായി ബന്ധപ്പെട്ട ജില്ല ഭരണകൂടം ഫ്രാൻസിലുള്ള ബന്ധുക്കളുടെ അനുമതിയോടെ സംസ്കാരം ഇവിടെ നടത്താൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹം നെടുമ്പാശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. സർക്കാർ ഉത്തരവനുസരിച്ച് കലക്ടറുടെ നിർദേശ പ്രകാരം കോട്ടയം തഹസിൽദാർ മൃതദേഹം ഏറ്റുവാങ്ങി.
കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലുള്ള വാതക ശ്മശാനങ്ങൾ പ്രവർത്തന ക്ഷമമല്ലാത്തതിനാൽ കിടങ്ങൂർ പഞ്ചായത്തിന്റെ ശ്മശാനത്തിലെത്തിച്ചു സംസ്കരിച്ചു. മൃതദേഹത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു റീത്ത് സമർപ്പിച്ചു.
കോട്ടയം തഹസിൽദാർ അനിൽകുമാർ, കിടങ്ങൂർ പൊലീസ് എസ്.എച്ച്.ഒ ബിജു, പഞ്ചായത്ത് സെക്രട്ടറി രാജീവ്, ലീഗൽ സർവിസ് അതോറിറ്റി പ്രതിനിധി കെ.എ. ഷൈജു, ഹെൽത്ത് ഇൻസ്പെക്ടർ ഷിബുമോൻ, കിടങ്ങൂർ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ടി. സനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.