കിറ്റ് വിതരണം; റേഷൻ വ്യാപാരികൾക്ക് കിട്ടാനുള്ളത് 2.7 കോടി
text_fieldsനാലു വര്‍ഷം മുമ്പ് ഇ പോസ് മെഷീന് സ്ഥാപിച്ച് റേഷന്‍ വിതരണം ആരംഭിക്കുമ്പോള്‍ കാലാനുസൃതമായി വേതനം പുതുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമെന്നും ഉണ്ടായില്ല
കോട്ടയം: റേഷൻ കടകളിലൂടെ കിറ്റ് വിതരണം ചെയ്ത വകയിൽ ജില്ലയിലെ റേഷൻ വ്യാപാരികൾക്ക് കിട്ടാനുള്ളത് 2.7 കോടി. കോവിഡ് കാലത്ത് ഉൾപ്പെടെ കിറ്റ് നൽകിയ വകയിലെ കമീഷനാണിത്. 928 വ്യാപാരികള്‍ക്കാണ് തുക കിട്ടാനുള്ളത്. നിവൃത്തിയില്ലാതെ റേഷന്‍ വ്യാപാരികള്‍ സമരത്തിന്.
ഒരു കിറ്റിന് അഞ്ചു രൂപ നിരക്കില്‍ ഒമ്പതു മാസത്തെ കുടിശ്ശികയാണ് വര്‍ഷങ്ങള്‍ക്കു ശേഷവും നല്‍കാത്തത്. 2020 ഏപ്രിലിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. 2021 ജൂണ്‍വരെ തുടര്‍ച്ചയായും ആഗസ്റ്റില്‍ ഓണത്തിനും കിറ്റ് വിതരണം ചെയ്തു. കമീഷനായി വ്യാപാരികള്‍ 15 രൂപ ആവശ്യപ്പെട്ടപ്പോള്‍ ആദ്യസമയം കിറ്റ് ഒന്നിന് ഏഴു രൂപയാണ് അനുവദിച്ചത്. പിന്നീട് അഞ്ചായി കുറച്ചു. കമീഷന് വിഷയം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച വ്യാപാരികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ റാലിയും ധര്‍ണയും നടത്തും.
വേതന പാക്കേജ് പരിഷ്കരിക്കുക, ലൈസന്‍സിക്കും സെയില്സ്മാന്മാർക്കും ജീവിക്കാന്‍ ആവശ്യമായ വരുമാനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു. വേതന പാക്കേജ് ഉയര്‍ത്തണമെന്ന ആവശ്യവും വ്യാപാരികള്‍ക്കുണ്ട്. നാലു വര്‍ഷം മുമ്പ് ഇ പോസ് മെഷീന് സ്ഥാപിച്ച് റേഷന്‍ വിതരണം ആരംഭിക്കുമ്പോള്‍ കാലാനുസൃതമായി വേതനം പുതുക്കാമെന്ന് അറിയിച്ചിരുന്നു. പിന്നീട് അനുകൂല തീരുമാനമെന്നും ഉണ്ടായില്ലെന്നു വ്യാപാരികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.