കോട്ടയത്തിന്റെ എം.പിയെ ഇന്നറിയാം, നെഞ്ചിടിപ്പോടെ മുന്നണികൾ
text_fieldsകോട്ടയം: തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ മണ്ഡലത്തിൽ വിജയം ഉറപ്പിക്കുമ്പോഴും മുന്നണികൾക്ക് നെഞ്ചിടിപ്പ്. വോട്ടിംഗ് ശതമാനത്തിൽ വന്ന കുറവും വോട്ടർമാരുടെ നിസ്സംഗതയുമാണ് മുന്നണികളെ ആശങ്കയിലാക്കിയിട്ടുള്ളത്. നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ കേന്ദ്രത്തിൽ ഏഴു സ്ഥലങ്ങളിലായാണ് വോട്ടെണ്ണൽ. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും.
7.30ന് സ്ട്രോങ് റൂം തുറന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിക്കും. രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. ഇതേസമയം തന്നെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. കോട്ടയം ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി എന്നീ ഏഴുമണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ഏഴിടങ്ങളിലായി ഒരേ സമയം നടക്കും.
14 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മാറ്റുരച്ചത്. തപാൽ ബാലറ്റിലൂടെയടക്കം 66.72 ശതമാനംപേർ വോട്ടു രേഖപ്പെടുത്തി. ആകെ 12,54,823 വോട്ടർമാരിൽ 8,37,277 പേർ വോട്ട് ചെയ്തു. വോട്ടെടുപ്പ് ദിനത്തിൽ 65.61 ശതമാനം പേരാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പ് ദിനത്തിൽ 12,54,823 വോട്ടർമാരിൽ 8,23,237 പേരാണ് വോട്ട് ചെയ്തത്. 14,040 തപാൽ വോട്ടുകളും രേഖപ്പെടുത്തി. ജൂൺ ഒന്നു വരെ 559 ഇ.ടി.പി.ബി.എസ്. വോട്ടുകളും രേഖപ്പെടുത്തി. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണിവരെയുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകൾ സ്വീകരിക്കും.
കോട്ടയം മണ്ഡലത്തിൽ ഇക്കുറി അടിയൊഴുക്കുണ്ടായെന്നും അത് തങ്ങൾക്ക് അനുകൂലമായെന്നുമുള്ള വിലയിരുത്തലിലാണ് എൽ.ഡി.എഫ്. എന്നാൽ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം ഉറപ്പാണെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. 60,000 ത്തിലധികം ഭൂരിപക്ഷം അവർ പ്രതീക്ഷിക്കുന്നു.
എന്നാൽ ഫ്രാൻസിസ് ജോർജിന് പ്രതീക്ഷിച്ചത്ര വോട്ട് ലഭിക്കില്ലെന്നും യു.ഡി.എഫിൽ നിന്നും വോട്ട് എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന് ലഭിച്ചെന്നുമുള്ള വിലയിരുത്തലുമുണ്ട്. പല മുന്നണികളിൽ മാറി മാറി പ്രവർത്തിച്ച ഫ്രാൻസിസ് ജോർജിനോട് കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് അസംതൃപ്തിയുണ്ടായിരുന്നെന്നും അത് വോട്ടിങ്ങിൽ പ്രതിഫലിച്ചെന്നും അവർ വിശ്വസിക്കുന്നു.
മൂന്നര ലക്ഷത്തിലധികം വോട്ട് നേടുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. പക്ഷെ ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനായ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിൽ ഇരുമുന്നണികളും ആശയക്കുഴപ്പത്തിലാണ്. ആരുടെ വോട്ടാകും തുഷാർ നേടിയതെന്നതാണ് ഈ ആശങ്കക്ക് കാരണം. 40 ശതമാനം വോട്ട് നേടുമെന്നാണ് തുഷാറിന്റെ അവകാശവാദം.
കഴിഞ്ഞതവണത്തേക്കാൾ പോളിങ് ശതമാനം കുറഞ്ഞതും മുന്നണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. 2019 ൽ 75.44 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൊടുംചൂടും കേരള കോൺഗ്രസുകൾ തമ്മിലുള്ള തർക്കത്തിലെ അതൃപ്തിയും പലരും വിദേശത്തായതും രാഷ്ട്രീയ സംവിധാനത്തോടുള്ള വിരക്തിയുമെല്ലാമാണ് പോളിങ് കുറയാൻ കാരണമായി വിലയിരുത്തുന്നത്.
ഫലപ്രഖ്യാപനം വരുമ്പോൾ അത് ഗുണം ചെയ്യുമെന്ന് ബൂത്ത്തല കണക്കെടുപ്പുകൾ നിരത്തി ഇരു കൂട്ടരും സമർഥിക്കുന്നു. 44 വർഷത്തിന് ശേഷം കേരള കോൺഗ്രസ് പാർട്ടികൾ ഏറ്റുമുട്ടുന്നത് ഇരുകൂട്ടർക്കും നിർണായകമാണ്.
ചങ്ങനാശ്ശേരി മണ്ഡലത്തിലെ വോട്ടുകൾ എങ്ങോട്ട്? പിരിമുറുക്കമേറി
ചങ്ങനാശ്ശേരി: സമുദായ സമവാക്യങ്ങൾക്ക് പ്രാധാന്യമുള്ള ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ വോട്ടുകൾ ഏത് മുന്നണിയെ തുണക്കുമെന്നതിൽ ചൂടേറിയ ചർച്ച. മാവേലിക്കര ലോക്സഭ മണ്ഡലത്തിലാണ് ചങ്ങനാശ്ശേരി നിയോജക മണ്ഡലം.
സിറ്റിങ് സീറ്റ് കൈവിട്ടു പോകില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഒന്നര പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയവും വികസന പ്രവർത്തനങ്ങളും വോട്ടായി മാറിയിട്ടുണ്ടെന്നാണ് യു.ഡി.എഫ് കണക്കു കൂട്ടൽ. നായർ സർവീസ് സൊസൈറ്റി, ചങ്ങനാശ്ശേരി അതിരൂപത, ചങ്ങനാശ്ശേരി പള്ളി, പഴയപള്ളി മുസ്ലിം ജമാഅത്തുകൾ, എസ്.എൻ.ഡി.പി, കെ.പി.എം.എസ്, എ.കെ.സി.എച്ച്.എം.എസ് തുടങ്ങി സമുദായ നേതൃത്വങ്ങളുമായി അടുത്ത ബന്ധമാണ് കൊടിക്കുന്നിൽ സുരേഷിനുള്ളത്.
ഇതും വിജയ സാധ്യത വർധിപ്പിക്കുന്നുവെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. യു.ഡി.എഫ് പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മണ്ഡലമാണിതെന്നും ഇത്തവണയും അത് തുടരുമെന്നും യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ. നൗഷാദ് പറയുന്നു.
എന്നാൽ, സി.എ. അരുൺകുമാറിന്റെ വിജയം ഉറപ്പിച്ച നിലയിലാണ് ഇടതു മുന്നണി. പുതുമുഖവും യുവത്വവുമെന്ന നിലയിൽ അരുൺ കുമാറിനും മണ്ഡലത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. സംസ്ഥാനസർക്കാറിന്റെ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ.സി. ജോസഫ് പറയുന്നു.
എൻ.ഡി.എ സ്ഥാനാർഥി ബൈജു കലാശാലക്കും പരിചിത മേഖലയാണ് ചങ്ങനാശ്ശേരി. കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ സമുദായ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരിയുമായി ബന്ധം പുലർത്തിയിട്ടുള്ളയാണ് ഇദ്ദേഹം. ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ ബി.ജെ.പി വോട്ട് വർധിപ്പിക്കുമെന്നും സാമുദായികസംഘടനകളുടെയും പ്രാദേശിക സംഘടനകളുടെയും പിന്തുണ എൻ.ഡി.എക്കൊപ്പമാണെന്നും ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.