പഴക്കത്തിന്റെ മൂല്യം അറിയാം...
text_fieldsകോട്ടയം: ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച സ്റ്റാമ്പ് ആൻഡ് കോയിൻ ഫെയർ പ്രദർശനം കലക്ടർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു. കോട്ടയം സീനിയർ പോസ്റ്റ്മാസ്റ്റർ രാജലക്ഷ്മി മുഖ്യാതിഥിയായി. നൂറുകണക്കിന് രാജ്യങ്ങളിലെ കറൻസികളും സ്റ്റാമ്പുകളുമാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ അപൂർവ നാണയങ്ങളായ ട്രാവൻകൂർ അനന്തശയനം, വേണാട് കോയിൻസ്, ബ്രിട്ടീഷ് ഇന്ത്യ നാണയങ്ങൾ തുടങ്ങി ഓട്ടക്കാലണ വരെ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരുകോടി രൂപയോളം വിലമതിക്കുന്നവയാണ് ഈ നാണയങ്ങൾ.
ലോകത്തിലെ ഏറ്റവും ചെറിയ കറൻസിയായി ഗിന്നസ്ബുക്കിൽ ഇടംപിടിച്ച 1917ൽ റൊമാനിയ പുറത്തിറക്കിയ ‘ബാനി’ കറൻസി മുതൽ 1935ൽ എലിസബത്ത് രാജ്ഞിയുടെ എട്ടാമത്തെ വയസ്സിൽ കാനഡ പുറത്തിറക്കിയ കറൻസിയും ഇവിടെ കാണാം. അച്ചടിപ്പിശക് കൊണ്ട് ഉപയോഗശൂന്യമായ എറർ നോട്ടുകൾ, മ്യൂൾ നോട്ടുകൾ എന്നിവയുമുണ്ടിവിടെ.
ആസ്ട്രിയ, റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നുമുള്ള ക്രിപ്റ്റോ കറൻസി സ്റ്റാമ്പുകൾ, സ്വിറ്റ്സർലൻഡിൽ നിന്നുള്ള എബ്രോയിഡറി സ്റ്റാമ്പുകൾ, യു.എ.ഇയിൽ നിന്നുള്ള റിയൽ പേൾ സ്റ്റാമ്പുകൾ, കൂടാതെ യു.വി പ്രിന്റിങ് സ്റ്റാമ്പ്, ഡി.വി.ഡി സ്റ്റാമ്പ്, ടോക്കിങ് സ്റ്റാമ്പ്, ലെതർ സ്റ്റാമ്പ് തുടങ്ങിയ സ്റ്റാമ്പകളുടെ പ്രദർശനവും കൗതുകമായി.
12 വർഷത്തിന് ശേഷമാണ് ഇവിടെ സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദർശനം ഒരുക്കിയിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുംനിന്നുമായി നിരവധിയാളുകൾ പ്രദർശനത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
അനന്തപുരി സ്റ്റാമ്പ് ബുള്ളറ്റിൻ എഡിറ്ററും ഫിലാറ്റലിക് കോൺഗ്രസ് ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രതിനിധിയുമായ മോഹനചന്ദ്രൻ നായർ, കോട്ടയം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സൊസൈറ്റി പ്രസിഡന്റ് കെ.ടി. ജോസഫ്, ജേക്കബ് മാത്യു, മുരളികുമാർ, തോമസ് പോൾ, ഏബ്രഹാം പുത്തേറ്റൂർ തുടങ്ങിയവർ പങ്കെടുത്തു. പ്രദർശനം ഞായറാഴ്ച അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.