മണ്ണിട്ടുയർത്താൻ തീരുമാനം; കോടിമത-മുപ്പായിക്കാട് റോഡ് ഇനി വെള്ളത്തിലാകില്ല
text_fieldsകോട്ടയം: കോടിമത-മുപ്പായിക്കാട് റോഡിൽ ഇനി വെള്ളം കയറില്ല. കാലങ്ങളായി ശോച്യാവസ്ഥയിലായ റോഡ് മണ്ണിട്ടുയർത്താൻ തീരുമാനമായി. ജില്ല ആശുപത്രിയിൽ കെട്ടിടം നിർമിക്കാൻ കുഴിച്ച മണ്ണ് ആവശ്യപ്പെട്ട് കോടിമത സൗത്തിലെ കൗൺസിലർ അഡ്വ. ഷീജ അനിൽ കലക്ടർക്ക് കത്തയച്ചിരുന്നു. ഇതിനു അനുമതി ലഭിച്ചു. മണ്ണിട്ടുയർത്തിയ ശേഷം കോൺക്രീറ്റിട്ടാൽ റോഡിലെ വെള്ളക്കെട്ട് ഒഴിവാകും. കോടിമത എം.സി റോഡിൽനിന്ന് മണിപ്പുഴ-ഈരയിൽക്കടവ് റോഡിലേക്ക് വന്നുചേരുന്ന വഴിയാണിത്.
മൂന്ന് മീറ്ററെങ്കിലും മണ്ണിട്ടുയർത്തിയാൽ മാത്രമേ റോഡ് ഗതാഗത യോഗ്യമാകൂ. മണ്ണിട്ടുയർത്താതെ റോഡ് ടാറിട്ടിട്ടും വെള്ളം കയറുന്നതിനാൽ കാര്യമില്ല. 200 കുടുംബങ്ങളുടെ ആശ്രയമാണ് ഈ വഴി. ജേണലിസ്റ്റ് കോളനിയും ഇവിടെയുണ്ട്. എം.സി റോഡിൽ ഗതാഗതതടസ്സമുണ്ടാകുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്നത് ഇതുവഴിയാണ്. മഴക്കാലത്ത് ഈ റോഡിലൂടെയുള്ള യാത്ര ദുരിതമാണ്. വെള്ളം കയറുന്നതിനാൽ റോഡ് എല്ലാക്കാലത്തും തകർന്നുകിടക്കുകയാണ് പതിവ്.
സാമൂഹിക വിരുദ്ധരുടെ ശല്യവും ഏറെ. ദൂരെ സ്ഥലങ്ങളിൽനിന്നടക്കം ശൗചാലയ മാലിന്യം തള്ളുന്നത് ആളൊഴിഞ്ഞ ഈ വഴിയിലാണ്. റോഡ് ഉയർത്തി ടാറിടുന്നതോടെ വെള്ളം കയറുന്നതിനും മാലിന്യം തള്ളലിനും പരിഹാരമാകും. മുനിസിപ്പാലിറ്റിയിലെ 30-44 വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.