കോണത്താറ്റ് പാലം; പുതുക്കിയ രൂപരേഖക്ക് കിഫ്ബി അനുമതി
text_fieldsകോട്ടയം: കുമരകം കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാത നിർമാണം അടുത്തയാഴ്ച ആരംഭിക്കും. നിർമാണപ്രവൃത്തികൾക്കുള്ള സാമഗ്രികൾ എത്തിച്ചുതുടങ്ങി. മഴ തടസ്സമായില്ലെങ്കിൽ ആറുമാസത്തിനകം പണി പൂർത്തീകരിക്കാനാകുമെന്ന് കരാറുകാരൻ അലക്സ് പെരുമാലിൽ അറിയിച്ചു.
പ്രവേശന പാതയുടെ പുതുക്കിയ രൂപരേഖക്ക് കിഫ്ബി അനുമതി നൽകിയതിനെ തുടർന്നാണ് പണി തുടങ്ങാൻ തീരുമാനിച്ചത്. പാലം പണി പൂർത്തിയായിരുന്നു. പ്രവേശന പാത സംബന്ധിച്ച് തീരുമാനമാവാത്തതിനാൽ കഴിഞ്ഞ ഡിസംബർ മുതൽ പണി നിർത്തിവെക്കുകയായിരുന്നു. മണ്ണിട്ട് പ്രവേശന പാത പണിയാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും മണ്ണിന് ഉറപ്പില്ലാത്തതിനാലും വെള്ളം കയറുന്ന ഇടമായതിനാലും ഇത് സുരക്ഷിതമാവില്ലെന്ന് അഭിപ്രായം ഉയർന്നതോടെ രൂപഖേയിൽ മാറ്റംവരുത്തി. ഇരുവശങ്ങളിലും മൂന്നു സ്പാനുകൾ വീതം സ്ഥാപിച്ച് തൂണിനുമുകളിൽ പാത നിർമിക്കാനാണ് അന്തിമ തീരുമാനം.
ഇതിന് കിഫ്ബി അനുമതി വൈകിയതാണ് നിർമാണം പ്രതിസന്ധിയിലാക്കിയത്. 7.94 കോടി രൂപ ചെലവഴിച്ച് കിഫ്ബിയുടെ മേൽനോട്ടത്തിലാണ് പാലം പണിയുന്നത്. 2022 നവംബർ ഒന്നിനാണ് പാലംപൊളിച്ചുതുടങ്ങിയത്. കോട്ടയം-കുമരകം റോഡിൽ ഗതാഗതക്കുരുക്ക് നേരിടുന്ന ഇടുങ്ങിയ പാലമാണ് കോണത്താറ്റ് പാലം. നാലുമീറ്ററായിരുന്നു പാലത്തിന്റെ വീതി.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രി വി.എൻ. വാസവൻ മുൻകൈയെടുത്താണ് പുതിയ പാലം നിർമിക്കാൻ നടപടി സ്വീകരിച്ചത്. 18 മാസമായിരുന്നു അന്ന് നിർമാണ കാലാവധി പറഞ്ഞിരുന്നത്.
നിർമാണ സമയത്ത് വാഹനങ്ങൾ കടന്നുപോകുന്നതിന് പാലത്തിന്റെ ഇടതുവശത്തായി 150 മീറ്റർ നീളത്തിൽ സർവിസ് റോഡ് നിർമിച്ചിട്ടുണ്ട്.
ഇതുവഴിയാണ് ചെറിയ വാഹനങ്ങളുടെ ഗതാഗതം. പാലം പൊളിച്ചതോടെ കുമരകം ഭാഗത്തേക്കുള്ള യാത്ര ദുഷ്കരമായി. സ്വകാര്യബസുകൾ ആറ്റാമംഗലം പള്ളിയുടെ മുന്നിൽ യാത്ര അവസാനിപ്പിക്കുകയാണ്. അവിടെ ഇറങ്ങി കാൽനടയായി സഞ്ചരിച്ച് പാലം കടന്നാലേ തെക്കൻമേഖലയിലേക്കുള്ള ബസ് കിട്ടൂ.
താൽക്കാലിക റോഡിൽ ചെറുവാഹനങ്ങൾ മാത്രം
കുമരകം കോണത്താറ്റ് പാലത്തിനു സമീപത്തെ താൽക്കാലിക റോഡിലൂടെ ചെറുവാഹനങ്ങൾ മാത്രം പോയാൽ മതിയെന്ന് ഹൈകോടതി.
കൊഞ്ചുമട, അട്ടിപ്പീടിക ഭാഗത്തേക്കുള്ള ചെറിയ ബസുകളും ചേർത്തലക്കുള്ള ഒരു ബസും ഈ റോഡിലൂടെ സർവിസ് നടത്തിയിരുന്നു. യാത്രക്ലേശം കണക്കിലെടുത്താണ് ഈ ബസുകൾക്ക് അനുമതി നൽകിയത്. എന്നാൽ വലിയ ബസുകളെയും ഇതുവഴി കടത്തിവിടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകളാണ് കോടതിയെ സമീപിച്ചത്. ഇതോടെ ചെറിയ ബസുകളുടെയും യാത്ര മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.