മകരവിളക്ക്: കോട്ടയത്തുനിന്ന് 50 ബസുകൾ
text_fieldsകോട്ടയം: മകരവിളക്ക് സീസണിൽ ബസുകളുടെ എണ്ണം വർധിപ്പിച്ച് കെ.എസ്.ആർ.ടി.സി. മണ്ഡലകാലത്ത് 45 ബസുകളായിരുന്നു കോട്ടയം കെ.എസ്.ആർ.ടി.സി സജ്ജമാക്കിയതെങ്കിൽ ഇപ്പോഴിത് 50 ആക്കി ഉയർത്തി.
മകരവിളക്കിന് മുന്നോടിയായുള്ള മൂന്ന് ദിവസങ്ങളില്‍ തിരക്ക് പരിഗണിച്ച് 10 ബസുകള്‍ കൂടി അധികമായി സര്‍വീസ് നടത്തും. മകരവിളക്കിനുശേഷം മടങ്ങുന്നവർക്കായി അന്ന് രാത്രിയിലും പുലർച്ചെയുമായി പമ്പയിൽ നിന്ന് കോട്ടയത്തേക്ക് 80 സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അന്ന് പമ്പയിലേക്കുള്ള യാത്രയില്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നില്ലെങ്കിലും തിരികെയുള്ള തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് എരുമേലി വഴി പമ്പക്കാണ് മുഴുവന്‍ സര്‍വീസുകളും. ഡിസംബർ 28ന് രാത്രി മുതല്‍ മകരവിളക്ക് സീസണില്‍ ദര്‍ശനം നടത്താനുള്ള ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു. ഇത് കണക്കിലെടുത്ത് 29 പുലർച്ചെ മുതൽ മകരവിളക്ക് സീസണിലെ സർവീസുകൾ ആരംഭിച്ചു.
മണ്ഡലകാലത്ത് റെയില്‍വേ സ്റ്റേഷന് മുന്നിലെ പാര്‍ക്കിങുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. റെയിൽവേയുമായുള്ള തർക്കം പലപ്പോഴും സർവീസുകളെയും ബാധിച്ചിരുന്നു. വരുമാനത്തെയും ഇത് ബാധിച്ചിരുന്നു. ഒപ്പം മണ്ഡലകാലത്ത് രണ്ടുഘട്ടങ്ങളിലായി തമിഴ്നാട്ടിലുണ്ടായ പ്രളയവും കെ.എസ്.ആര്.ടി. സി. വരുമാനത്തെ പിന്നോട്ടടിച്ചു. എന്നാല്‍, മകര വിളക്ക് സീസണിൽ തുടക്കം മുതല്‍ മികച്ച വരുമാനമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ മകരവിളക്ക് സീസണ് അവസാനിക്കുമ്പോള്‍ റെക്കോര്‍ഡ് വരുമാനമാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കോട്ടയത്തെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ പമ്പയില്‍ എത്താനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.