18 മണിക്കൂറിനൊടുവിൽ ലോറി ഉയർത്തി; ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
text_fieldsകോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തിലേക്ക് മറിഞ്ഞ ലോറിയിൽ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കരുമാനൂർ പാറശ്ശാല പരശിക്കൽ ആടുമങ്ങാട് എസ്.എസ്. ഭവനിൽ ബി. അജികുമാറാണ് (46) മരിച്ചത്. 18 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ലോറി ഉയർത്തിയതോടെയാണ് സ്റ്റിയറിങ്ങിനോട് ചേർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാബിന്റെ വാതിൽ തകർത്താണ് മൃതദേഹം പുറത്തെടുത്തത്.
വെള്ളിയാഴ്ച രാത്രി 9.45ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. മുട്ടത്തെ കൊഴുവത്തറ ഏജൻസിയെന്ന വളം ഡിപ്പോയിൽനിന്ന് യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ കയറ്റി ആലപ്പുഴ ചേപ്പാട്ടേക്ക് പോകുന്നതിനിടെ പാറക്കുളത്തിലേക്ക് ലോറി മറിയുകയായിരുന്നു. ഡ്രൈവര് മാത്രമാണ് ഉണ്ടായിരുന്നത്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം തിരച്ചിൽ നടത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. ക്രെയിൻ എത്തിച്ച് ലോറി ഉയർത്താൻ പുലർച്ചവരെ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. ഇതോടെ നിർത്തിയ രക്ഷാപ്രവർത്തനം ശനിയാഴ്ച രാവിലെ ചങ്ങനാശ്ശേരിയിൽനിന്ന് 30 ടൺ വഹിക്കാൻ ശേഷിയുള്ള രണ്ട് ക്രെയിൻ എത്തിച്ച് പുനരാരംഭിച്ചു. സ്കൂബ ടീം കുളത്തിനടിയിലേക്ക് മുങ്ങി ലോറിയിൽ ക്രെയിനിന്റെ സ്റ്റീൽ റോപ് ഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആദ്യശ്രമങ്ങളിൽ വിജയിച്ചില്ല.
ചതുപ്പുനിറഞ്ഞ കുളത്തിൽ വലിയതോതിൽ മാലിന്യവും ചെടികളും നിറഞ്ഞത് ദൗത്യം ക്ലേശകരമാക്കി. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ സ്റ്റീൽ റോപ് ഘടിപ്പിച്ചെങ്കിലും ഉയർത്താൻ ശ്രമിക്കുന്നതിനിടെ ഇത് ഘടിപ്പിച്ച ലോറിയുടെ ഭാഗം അടർന്നതോടെ ശ്രമം പരാജയപ്പെട്ടു. ഇതിനിടെ സ്ഥലത്തെത്തിയ മന്ത്രി വി.എൻ. വാസവനും ജില്ല കലക്ടറും അടുത്തശ്രമം വിജയിച്ചില്ലെങ്കിൽ നേവിയെ വിളിക്കുമെന്ന് ബന്ധുക്കളെ അറിയിച്ചു.
കുളത്തിലെ വെള്ളം വറ്റിക്കാനുള്ള നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു. ഇതിനിടെ റോപ് വാഹനത്തിൽ ഘടിപ്പിക്കാൻ അഗ്നിരക്ഷാസേനക്ക് കഴിഞ്ഞു. തുടർന്ന് ഇരുക്രെയിനും ഉപയോഗിച്ച് വൈകീട്ട് 3.30ഓടെ മൂന്നാം ശ്രമത്തിൽ ലോറി ഉയർത്തി. പിന്നീട് ലോറി കരയിലേക്ക് അടുപ്പിച്ച് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
60 അടിയോളം താഴ്ചയുള്ള കുളത്തിൽ 15 അടിയോളം താഴ്ചയിലായിരുന്നു ലോറി. ഇതിലുണ്ടായിരുന്ന 10 ടണ്ണോളം വളം അലിഞ്ഞുപോയ നിലയിലായിരുന്നു. അജികുമാറിന്റെ സ്വന്തം ലോറിയായിരുന്നു ഇത്. നേരത്തേ പലതവണ അജി ഇവിടെയെത്തി വളം കയറ്റിപ്പോയിരുന്നു. ഓടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞെങ്കിലും ഒരു ആരോഗ്യപ്രശ്നവുമില്ലെന്ന് സഹോദരൻ അനിൽകുമാർ പറഞ്ഞു.
സുനിതയാണ് അജികുമാറിന്റെ ഭാര്യ. മക്കൾ: അശ്വിനി, അശ്വാത (ഇരുവരും വിദ്യാർഥികൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.