ചൂട്, തീപിടിത്തം
text_fieldsകോട്ടയം: ചൂട് വർധിച്ചതോടെ തീപിടിത്തങ്ങളും കൂടുന്നു. ഞായറാഴ്ച ജില്ലയിലെ മൂന്നിടങ്ങളിൽ തരിശുഭൂമിയിൽ തീപിടിത്തമുണ്ടായി. ഉച്ചക്ക് 2.30ന് ഏറ്റുമാനൂർ നവോദയ ഭാഗത്താണ് ആദ്യ തീപിടിത്തമുണ്ടായത്. ഒരേക്കർ തരിശുസ്ഥലം പൂർണമായി കത്തിനശിച്ചു. ഒരു മണിക്കൂറോളം സമയമെടുത്ത് അഗ്നിരക്ഷാസേന തീയണച്ചു. പിന്നാലെ വൈകീട്ട് 4.30ന് വടവാതൂരിലെ തരിശുഭൂമിയിലും തീപിടിത്തമുണ്ടായി.
കെ.കെ.റോഡിന് സമീപം വടവാതൂർ പ്ലാന്റേഷൻ ക്വാർട്ടേഴ്സിന് സമീപമാണ് തരിശുഭൂമിയിൽ പുല്ലിന് തീപിടിച്ചത്. കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേന യൂനിറ്റുകൾ മൂന്നുമണിക്കൂർ സമയമെടുത്താണ് തീയണച്ചത്. നാല് ഏക്കറോളം തരിശുഭൂമി കത്തിനശിച്ചു. വൈകീട്ട് 5.45ഓടെ കോട്ടയം തിരുവാതുക്കൾ ദേവസ്യപ്പടിയിലുള്ള തെങ്ങിന് തീപിടിച്ചു.
കാണക്കാരിയില്‍ കാര്‍ കത്തിനശിച്ചു
കാണക്കാരി: കാണക്കാരി അമ്പലപ്പടിക്ക് സമീപം മഞ്ഞക്കാലാപടിയില് കാര്‍ തീപിടിച്ച് കത്തിനശിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം.വയലില്‍ ഉണ്ണികൃഷ്ണന് നായരുടെ കാറാണ് കത്തിനശിച്ചത്.
ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ പോയി മടങ്ങിവന്ന ഉണ്ണികൃഷ്ണന് നായരും കുടുംബവും വീടിനു സമീപം കാര്‍ നിര്‍ത്തി ഇറങ്ങിയ സമയത്താണ് കാറില്‍നിന്ന് തീ ഉയരുന്നത് കണ്ടത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. ആർക്കും പരിക്കില്ല.
ഉദ്ഘാടന തയാറെടുപ്പുകൾക്കിടെ സ്ഥാപനത്തിൽ തീപിടിത്തം
വൈക്കം: ഉദ്ഘാടനത്തിനായി ഒരുങ്ങുന്നതിനിടെ സ്ഥാപനത്തിൽ തീപിടിത്തം. ചെമ്പ് ബ്രഹ്മമംഗലത്ത് പുതിയതായി ആരംഭിക്കാനിരുന്ന സിംബോസ് ഗാരേജ് എന്ന വാഹന സർവിസ് സ്ഥാപനത്തിലാണ് തീപിടിച്ചത്.
തീപിടിത്തത്തിൽ കംപ്രസർ മെഷീൻ, വാക്വം ക്ലീനർ, പാനൽ ബോർഡ് എന്നിവ കത്തി നശിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു ഏകദേശം 50,000 രൂപ നാശനഷ്ടം വന്നതായി ഉടമ ശാന്തിനിലയത്തിൽ ശാന്തിലാൽ പറഞ്ഞു. വൈക്കത്തുനിന്ന് രണ്ടു യുനിറ്റ് അഗ്നിരക്ഷാസേനയെത്തി തീകെടുത്തിയതിനാൽ വലിയ തോതിലുള്ള നാശം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.