മുഴുവൻ സ്‌കൂൾ പാചകത്തൊഴിലാളികൾക്കും പരിശീലനം നൽകിയ ആദ്യ ജില്ലയായി കോട്ടയം
text_fieldsകോട്ടയം: സുരക്ഷിത ഉച്ചഭക്ഷണം ഉറപ്പാക്കുന്നതിനായി ജില്ലയിലെ സ്‌കൂളുകളിലെ മുഴുവൻ പാചകത്തൊഴിലാളികൾക്കും പരിശീലനം നൽകിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം. ജില്ലയിലെ സ്‌കൂളുകളിലെ 929 ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.
എഫ്.എസ്.എസ്.ഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ) യുടെ സഹകരണത്തോടെ 26 ദിവസമായാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളിലെ 350 അധ്യാപകർക്കും പരിശീലനം നൽകി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിലെ മുഴുവൻ സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കും പരിശീലനം നൽകുന്നതെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സഹായത്തോടെയാണ് നേട്ടം കൈവരിക്കാനായതെന്നും ഭക്ഷ്യസുരക്ഷ അസി. കമീഷണർ അലക്സ് കെ.ഐസക് പറഞ്ഞു.
ഇതിനായി അസി. എജുക്കേഷൻ ഓഫിസർ ചെയർമാനായും നൂൺ മീൽ ഓഫിസർ കൺവീനറായും ഫുഡ് സേഫ്റ്റി ഓഫിസർ, ഹെൽത്ത് സൂപ്പർവൈസർ എന്നിവർ അംഗങ്ങളായും കമ്മിറ്റി രൂപവത്കരിച്ച് പരിശോധന നടത്തുകയും പരാതികൾ തീർപ്പാക്കുകയും ചെയ്യും. എഫ്.എസ്.എസ്.ഐയുടെ ട്രെയിനിങ് പാർട്ണർമാരാണ് പരിശീലനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.