കോട്ടയം ജില്ല വികസനസമിതി യോഗം: ജൽ ജീവൻ മിഷന് കുഴിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് എം.എൽ.എമാർ
text_fieldsകോട്ടയം: ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് എം.എൽ.എമാർ. ആസൂത്രണസമിതി സെക്രട്ടേറിയറ്റിൽ നടന്ന ജില്ല വികസനസമിതി യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. വിവിധ മണ്ഡലങ്ങളിലെ റോഡുകളുടെ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് എം.എൽ.എമാർ നടപടി ആവശ്യപ്പെട്ടത്. ജൽ ജീവൻ മിഷൻ പദ്ധതി അവലോകനത്തിന് പ്രത്യേക യോഗം ചേരുമെന്ന് കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു.
കാഞ്ഞിരപ്പള്ളി മുക്കടയിലെ 868 കുടുംബത്തിനുള്ള പട്ടയ വിതരണം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ച് വിതരണത്തിന് നടപടി സ്വീകരിക്കണമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു. എം.എൽ.എ-എം.പി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണി തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ അപകടകരമായി റോഡ് വശങ്ങളിലേക്ക് ചരിഞ്ഞ് നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കരിമ്പുകയം കുടിവെള്ള പദ്ധതിക്ക് സ്ഥലം വാങ്ങുന്നത് സംബന്ധിച്ച ചീഫ് വിപ്പിന്റെ ചോദ്യത്തിന് സ്ഥലം വാങ്ങാനുള്ള 90,09,848 രൂപ ലഭ്യമായതായും പദ്ധതി നടപടി പുരോഗമിക്കുന്നതായും ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. അരുവിക്കുഴി ടൂറിസം പദ്ധതിക്ക് പഞ്ചായത്തിന്റെ പുറമ്പോക്ക് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചീഫ് വിപ്പ് ആരാഞ്ഞു. പള്ളിക്കത്തോട് പഞ്ചായത്തിന്റെ സാഗി പദ്ധതിയിൽ പദ്ധതി ഉൾപ്പെട്ടിട്ടുണ്ടെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മറുപടി നൽകി. കുടിവെള്ള ക്ഷാമം രൂക്ഷമായ മണിമല വഞ്ചികപ്പാറയിൽ തിരുവല്ല പി.എച്ച്. ഡിവിഷനിൽനിന്ന് ആഴ്ചയിൽ ഒരിക്കലെങ്കിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാല സാഹചര്യം പരിഗണിച്ച് റോഡുകളുടെ ഓടകളുടെ ശുചീകരണം വേഗത്തിൽ നടപ്പാക്കണമെന്നും കോട്ടയം നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ സഹായിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജനറൽ ആശുപത്രിയിലെ നേത്രരോഗ വിഭാഗം പ്രവർത്തനം നിലച്ചത് സംബന്ധിച്ചും അദ്ദേഹം ആരാഞ്ഞു. ഇവിടെ രജിസ്റ്റർ ചെയ്യുന്ന രോഗികളെ പാലായിലേക്കോ ചങ്ങനാശ്ശേരിയിലേക്കോ ആംബുലൻസിൽ ചികിത്സക്ക് കൊണ്ടുപോകാമെന്ന നീക്കം ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. നേത്രരോഗ വിഭാഗം വീണ്ടും പ്രവർത്തനമാരംഭിക്കാനുള്ള നടപടി ആരംഭിച്ചതായി കലക്ടർ മറുപടി നൽകി.
ചങ്ങനാശ്ശേരി ഗവ. ആശുപത്രിയിൽ സ്ഥലംമാറിപ്പോയ ഡോക്ടർമാർക്ക് പകരം ഡോക്ടർമാരെ നിയമിക്കുന്നത് സംബന്ധിച്ച് ജോബ് മൈക്കിൾ എം.എൽ.എ ആരാഞ്ഞു. പകരം ഡോക്ടർമാരെ നിയമിച്ചതായി ഡി.എം.ഒ അറിയിച്ചു. ആശുപത്രിയിൽ ഒരുകോടി രൂപ ചെലവിൽ നിർമിച്ച ഓക്സിജൻ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ഓപറേറ്റർ ഇല്ലാത്തതിനാൽ പ്രവർത്തനം മുടങ്ങിയ സ്ഥിതിയിലാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എൽ.എ പറഞ്ഞു.
ജൽ ജീവൻ പദ്ധതിക്കായി കുഴിച്ച റോഡുകൾ വളരെ ശോച്യാവസ്ഥയിലാണെന്നും റോഡുനിർമാണം അടിയന്തരമായി പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു.
നിരവധി കായിക മത്സരങ്ങൾ നടത്തുന്ന ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്കായ പാലാ സിന്തറ്റിക് ട്രാക് പൊട്ടിപ്പൊളിഞ്ഞ് ഉപയോഗയോഗ്യമല്ലാത്ത സ്ഥിതിയാണെന്നും വിഷയത്തിൽ സത്വര നടപടി സ്വീകരിക്കണമെന്നും ജോസ് കെ. മാണി എം.പിയുടെ പ്രതിനിധി ജെയ്സൺ മാന്തോട്ടം പറഞ്ഞു. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ജി. നിർമൽകുമാർ, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.