ജില്ല ജനറൽ ആശുപത്രിയിലെ മണ്ണുനീക്കം മെല്ലെപ്പോക്കിൽ
text_fieldsകോട്ടയം: ജില്ല ജനറൽ ആശുപത്രിയിലെ പുതിയ മന്ദിരത്തിന്റെ നിർമാണത്തിനായി നീക്കിയ മണ്ണിന്റെ കാര്യം ഇപ്പോഴും മെല്ലെപ്പോക്കിൽ. 2025 ജനുവരിയിൽ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കേണ്ടിടത്ത് തറക്കല്ലിടാൻപോലും അധികൃതർക്കായിട്ടില്ല.
കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ മണ്ണ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ഉത്തരവായി ഇറങ്ങാത്തതിനാൽ നടപടിക്രമങ്ങൾ വൈകുകയാണ്.
ആശുപത്രിയുടെയും നിർമാണ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുമില്ല. ജില്ലയിലെ മന്ത്രിയോ ആരോഗ്യമന്ത്രിയോ പങ്കെടുക്കുന്ന യോഗങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല.
2018ൽ പ്രഖ്യാപിച്ച പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം ഇഴയുന്നത്. കിഫ്ബിയിൽനിന്ന് 129. 89 കോടി ചെലവിട്ട് 10 നില മന്ദിരമാണ് നിർമിക്കുന്നത്. ഇൻകെലിനാണ് നിർമാണച്ചുമതല. ജെയ്ൻ ബിൽഡേഴ്സും എ ടു ഇസഡ് കൺസ്ട്രക്ഷൻ കമ്പനിയുമാണ് നിർമാണം ടെൻഡർ എടുത്തിരിക്കുന്നത്. പല വാർഡുകളും കെട്ടിടങ്ങളും കെട്ടിടം പണിക്കായി പൊളിച്ചുനീക്കി. രണ്ടുനില ഭൂമിക്കടിയിലാണ് നിർമിക്കുക. ഇതിനായി നീക്കിയ മണ്ണ് പരിസരത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് നീക്കാതെ പണി ആരംഭിക്കാനാവില്ല.
ആലപ്പുഴയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ആ അധികച്ചെലവ് ഒഴിവാക്കാൻ മണ്ണ് ജില്ലയിലെ നിർമാണ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർദേശം നൽകി. എം.എൽ.എ പറഞ്ഞിട്ടുപോയതല്ലാതെ ആരും അനങ്ങിയില്ല. തുടർന്ന് ജനുവരിയിൽ മന്ത്രി വി.എൻ. വാസവൻ വിളിച്ചുചേർത്ത യോഗത്തിൽ മണ്ണ് കോട്ടയം, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിൽ ഉപയോഗിക്കാൻ ധാരണയായി.
എന്നാൽ, തുടർനടപടിയുണ്ടായില്ല. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങി. പിന്നീടാണ് രണ്ട് പഞ്ചായത്തുകൾ മണ്ണ് ആവശ്യപ്പെട്ട് കത്ത് നൽകിയത്. നെഹ്റു സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മണ്ണ് വേണമെന്ന് കോട്ടയം നഗരസഭ പറഞ്ഞിരുന്നെങ്കിലും കത്ത് നൽകിയിട്ടില്ല.
2,86,850 ചതുരശ്രയടിയുള്ള മന്ദിരമാണ് നിർമിക്കുന്നത്. രണ്ട് നില ഭൂമിക്കടിയിലും ബാക്കി എട്ടു നില മുകളിലുമായിരിക്കും. 35 ഒ.പി വകുപ്പുകൾ, 391 ബെഡുകൾ, 10 ഓപറേഷൻ തിയറ്ററുകൾ, സൂപ്പർ സ്പെഷാലിറ്റി ഒ.പി-ഐ.പി, സി.ടി, എം.ആർ.ഐ മെഷനുകൾ, മാമോഗ്രാഫി, ഫാർമസിയും ലിഫ്റ്റ് സൗകര്യങ്ങളും കെട്ടിടത്തിൽ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.