ജില്ല ജനറൽ ആശുപത്രി; നേത്രവിഭാഗം ഒ.പിക്ക് അപ്രഖ്യാപിത മുടക്കം
text_fieldsകോട്ടയം: ജില്ല ജനറൽ ആശുപത്രിയിൽ തുടർച്ചയായി നേത്രവിഭാഗം ഒ.പി മുടങ്ങുന്നു. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതാണ് ഒ.പി മുടങ്ങാൻ കാരണം. സാധാരണക്കാരായ രോഗികളാണ് ഇതുമൂലം ദുരിതത്തിലാവുന്നത്. ബുധനാഴ്ചകളിൽ ഒഴികെയാണ് നേത്രവിഭാഗം ഒ.പിയുടെ പ്രവർത്തനം. എന്നാൽ ചൊവ്വ, ശനി ദിവസങ്ങളിൽ അപ്രഖ്യാപിത അവധിയാണ്. രോഗികൾ ഒ.പി ടിക്കറ്റിന് വരി നിൽക്കുമ്പോൾ മാത്രമാണ് മുന്നിലെ ഡിജിറ്റൽ ബോർഡിൽ ഇക്കാര്യം എഴുതിക്കാണിക്കുക.
ബസ് ചാർജിനുള്ള പണം മാത്രം കൈയിൽ ചുരുട്ടിപ്പിടിച്ച്, പുറത്തുനിന്ന് ചായപോലും കുടിക്കാനുള്ള പണമില്ലാതെ നിരവധി രോഗികളെത്തുന്ന ആശുപത്രിയാണിത്. രാവിലെ ആറുമുതൽ പലരും വരിയിൽനിന്നു തുടങ്ങും. പണം മാത്രമല്ല അന്നത്തെ കൂലിപ്പണിയും അവർക്ക് നഷ്ടം. മൂന്നു നാലുമാസമായി ഇതാണ് ആശുപത്രിയിലെ അവസ്ഥ.
രണ്ട് കൺസൽട്ടന്റ് തസ്തികയും ഒരു സീനിയർ കൺസൽട്ടന്റ് തസ്തികയുമാണ് ആശുപത്രിയിലുള്ളത്. സീനിയർ കൺസൽട്ടന്റ് സ്ഥലംമാറിപ്പോയ ശേഷം ഇതുവരെ പകരം ആളെ നിയോഗിച്ചിട്ടില്ല. സീനിയർ കൺസൽട്ടന്റ് തസ്തികയിൽ ആളെക്കിട്ടാത്തതാണ് കാരണം. അഥവ ആരെങ്കിലും വന്നാൽതന്നെ ലീവെടുത്ത് മടങ്ങും. യഥാർഥത്തിൽ സീനിയർ കൺസൽട്ടന്റ് തസ്തിക ഇവിടെ ആവശ്യമില്ല. ജൂനിയർ കൺസൽട്ടന്റാണ് വേണ്ടത്.
അതാവുമ്പോൾ ആവശ്യത്തിന് ഡോക്ടർമാരെ കിട്ടും. എന്നാൽ, തസ്തിക മാറ്റാതെ അതിനും നിവൃത്തിയില്ല. ഉള്ള ഒരാൾക്ക് ഇതുമൂലം അമിത ജോലി ഭാരവുമാണ്. ഒരു ഡോക്ടർക്ക് നോക്കാനാവാത്ത തരത്തിൽ തിരക്കുള്ളതാണ് ജില്ല ആശുപത്രിയിലെ നേത്രവിഭാഗം. പലപ്പോഴും ടോക്കൺ എണ്ണം പരിമിതപ്പെടുത്തേണ്ടി വരുന്നു. ഡെർമറ്റോളജിയിലും ഒരു ഡോക്ടർ ആണുള്ളത്. ഒരാൾ അവധിയിൽ പോയി. പല ഒ.പികളുടെയും അവസ്ഥ ഇതാണ്. നിലവിൽ നാഥനില്ലാക്കളരിയാണ് ആശുപത്രി. രണ്ടുവർഷമായി സൂപ്രണ്ട് ഇല്ല. ഡെപ്യൂട്ടി സൂപ്രണ്ടിനാണ് ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.