കോട്ടയം ജില്ല ജനറൽ ആശുപത്രി അഞ്ചാം വാർഡ്; അറ്റകുറ്റപ്പണി നിലച്ചു
text_fieldsകോട്ടയം: ജില്ല ജനറൽ ആശുപത്രിയിൽ ഒന്നരവർഷമായി അടഞ്ഞുകിടക്കുന്ന അഞ്ചാം വാർഡ് അറ്റകുറ്റപ്പണി നിലച്ചു. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് പണി വൈകിക്കുന്നത്. പ്ലാസ്റ്ററിങ് അടർന്നുവീണതിനെ തുടർന്നാണ് അഞ്ചാം വാർഡ് അടച്ചത്. തുടർന്ന് 18 ലക്ഷം രൂപ അറ്റകുറ്റപ്പണിക്ക് ആശുപത്രി വികസന സമിതി അനുവദിച്ചിരുന്നു. എസ്റ്റിമേറ്റ് എടുത്തപ്പോൾ ഈ തുക മതിയാകാതെ വന്നതോടെ 50 ലക്ഷം കൂടി അനുവദിച്ചു. തുടർന്നാണ് പൊതുമരാമത്ത് പണി ആരംഭിച്ചത്.
മേൽക്കൂരയിലെ അറ്റകുറ്റപ്പണി കൂടാതെ ഇലക്ട്രിക്കൽ ജോലികളും ടൈലുകൾ മാറ്റലുമാണ് ചെയ്യാനുള്ളത്. നിലവിൽ നിലത്തെ ടൈലുകൾ ഇളക്കിമാറ്റിയിട്ടിരിക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിയിൽ ജനറൽ വാർഡ് ഒഴിവില്ലാതിരിക്കെയാണ് ഈ അനാസ്ഥ. പണി പൂർത്തിയാക്കേണ്ടത് എന്നാണെന്ന് കൃത്യമായി കാലാവധി വെച്ചിട്ടില്ലെന്നാണ് വിവരം. നിർമാണപ്രവൃത്തികൾ നിരീക്ഷിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല.
വാർഡുകളിൽ കിടക്കകൾ ഒഴിവില്ലാത്തത് ആശുപത്രി ദൈനംദിന പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണ്. മെഡിക്കൽ കോളജിൽനിന്ന് പ്രാഥമിക ചികിത്സ നൽകിയവർക്ക് കുത്തിവെപ്പ് അടക്കം തുടർചികിത്സ നൽകുന്നത് ജില്ല ആശുപത്രിയിലാണ്. ഇതിനായി കിടത്തിച്ചികിത്സക്ക് രോഗികൾ എത്തുമ്പോൾ കിടക്കയില്ലാതെ മടങ്ങുകയാണ്. ആന്റിബയോട്ടിക് കുത്തിവെപ്പ് എടുക്കുന്നവരെയും അഡ്മിറ്റ് ചെയ്യണം.
രോഗികൾക്ക് കൃത്യമായ സംവിധാനങ്ങൾ ഒരുക്കാതെ ആരോഗ്യവകുപ്പ് ആർക്കുവേണ്ടിയാണ് ആശുപത്രി നടത്തുന്നതെന്നാണ് രോഗികളുടെ ചോദ്യം. നിലവിൽ രണ്ട്, മൂന്ന്, നാല്, ആറ് വാർഡുകൾ മാത്രമാണ് ആശുപത്രിയിലുള്ളത്. രണ്ടാംവാർഡ് അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്നം വാർഡ് മാത്രമാണ് ജനറൽ. 45 കിടക്കകളാണ് ഇവിടെയുള്ളത്. നാലാം വാർഡ് പ്രസവവാർഡും ആറാംവാർഡ് കുട്ടികളുടെ വാർഡുമാണ്. നാലാംവാർഡിലും പ്ലാസ്റ്ററിങ് അടർന്നുവീണിരുന്നു. വലിയ കേടുപാടുകളില്ലാത്തിനാൽ അറ്റകുറ്റപ്പണി നടത്തിയാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.