ദുരിതക്കൂടാരമാണ് കോട്ടയം ജില്ല ജനറൽ ആശുപത്രി; ബഗി കാർ ഓടിക്കില്ല ഞങ്ങൾ...!
text_fieldsകോട്ടയം: 2018ൽ ജില്ല ജനറൽ ആശുപത്രിക്ക് ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ സൗജന്യമായി രണ്ട് ബഗി കാറുകളാണ് നൽകിയത്. ഒരുവർഷത്തോളം മാത്രം ഓടിയ ഇവയിലൊന്ന് ഇപ്പോഴും കട്ടപ്പുറത്താണ്. ലക്ഷങ്ങൾ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയിട്ടും കാർ ഓടാറായില്ല. അധികൃതരുടെ അനാസ്ഥയുടെ ഉദാഹരണങ്ങളിലൊന്നാണിത്. 16 ലക്ഷം രൂപ ചെലവിട്ടാണ് കുന്നശേരി ഫൗണ്ടേഷൻ റൂട്ട്സ് ഇന്ത്യ കമ്പനിയുടെ ബഗി കാറുകൾ വാങ്ങി കൈമാറിയത്. ഒന്ന് രോഗികളെ കൊണ്ടുപോകാനും രണ്ടാമത്തേത് വാർഡുകളിലേക്ക് മരുന്ന് കൊണ്ടുപോകാനുമാണ് ഉപയോഗിച്ചിരുന്നത്.
മഴയും വെയിലും കൊള്ളാതെ രോഗികൾക്ക് സഞ്ചരിക്കാൻ ഉപകാരപ്രദമായിരുന്നു ഇവ. ആറുമാസം മാത്രമാണ് ഇവ ഓടിയത്. ബാറ്ററി കേടായതോടെ ഓട്ടം നിലച്ച് ഷെഡ്ഡിൽ കേറി. ബാറ്ററി മാറാൻ 30,000 രൂപയാണ് ചെലവ്. അന്നത് ചെയ്തില്ല. വർഷങ്ങളോളം വണ്ടി തുരുമ്പെടുത്ത് കിടന്നു. ഒടുവിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഇടപെട്ടു. 3,26,000 രൂപയാണ് പിന്നീട് കമ്പനി നൽകിയ എസ്റ്റിമേറ്റ്. മുൻകൂർ പണം വേണമെന്ന് കമ്പനി ആവശ്യപ്പെട്ടതോടെ പണവുമായി മുങ്ങുമെന്ന ന്യായം പറഞ്ഞ് ചെയ്തില്ല.
തുടർന്ന് പകുതി തുക അറ്റകുറ്റപ്പണി കഴിഞ്ഞ ഉടൻ നൽകാമെന്ന ധാരണയിലെത്തി. അങ്ങനെ മൂന്നുമാസം മുമ്പ് ഏഴുദിവസം കമ്പനി പ്രതിനിധികൾ കോയമ്പത്തൂരിൽനിന്ന് ഇവിെടയെത്തി താമസിച്ചാണ് കാറുകൾ നന്നാക്കിയത്. പകുതി തുക നൽകുകയും ചെയ്തു. കാർ ഓടിച്ചുനോക്കിയശേഷം ബാക്കി പണം നൽകിയാൽ മതിയെന്നുപറഞ്ഞാണ് കമ്പനി ജീവനക്കാർ മടങ്ങിയത്. എന്നാൽ, കാർ കൃത്യമായി ഓടിച്ചുനോക്കാതെ ബാക്കി പണവും നൽകി. എന്നാൽ, രോഗികളെ കൊണ്ടുപോകാനുള്ള കാർ പിന്നീട് ഓടിയിട്ടില്ല. മൂന്നുമാസമായി ഷെഡിൽ കയറ്റിയിട്ടിരിക്കുകയാണ്. അപകടംപറ്റി വരുന്നവരെ ഇപ്പോൾ താങ്ങിയെടുത്ത് കൊണ്ടുപോകണം.
മരുന്ന് കൊണ്ടുപോകുന്ന ബഗി കാർ തുരുമ്പെടുത്ത് നശിച്ചതാണെങ്കിലും വേറെ വഴിയില്ലാതെ ഉപയോഗിക്കുന്നുണ്ട്. പെയിന്റടിക്കാൻ വികസനസമിതി ആവശ്യപ്പെട്ടെങ്കിലും ടെൻഡറില്ലാതെ ചെയ്യാനാവില്ലെന്ന കടുംപിടിത്തത്തിലാണ് ഉദ്യോഗസ്ഥർ. ബഗി കാറുകളുടെ മേൽനോട്ടത്തിന് ഒരാളെ ചുമതലപ്പെടുത്തണമെന്ന് വികസന സമിതി ആദ്യം മുതലേ ആവശ്യപ്പെടുന്നതാണ്. ഒന്നും നടന്നില്ല.
എല്ലാ കമ്മിറ്റിയിലും വികസനസമിതി അംഗങ്ങൾ ഉന്നയിക്കുന്നുമുണ്ട്. കമ്പനിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. കാർ ശരിയായോ എന്നുറപ്പിക്കാതെ പണം നൽകിയത് അധികൃതരുടെ ഭാഗത്തുസംഭവിച്ച വീഴ്ചയാണ്. ഇനിവരുന്ന അധികച്ചെലവിന് ആര് മറുപടി പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.