മരത്തിൽ കുരുങ്ങി കോട്ടയം ജില്ല ആശുപത്രി കെട്ടിട നിർമാണം
text_fieldsകോട്ടയം: ജില്ല ആശുപത്രി വളപ്പിലെ 15 മരങ്ങൾ മുറിച്ചുനീക്കാൻ നടപടിയാവാത്തതിനാൽ 2018ൽ പ്രഖ്യാപിച്ച ബഹുനിലമന്ദിര നിർമാണം വൈകുന്നു. 57 മരങ്ങളാണ് ആകെ മുറിക്കേണ്ടത്. ഇതിൽ നമ്പറിട്ട 42 മരങ്ങൾ മുറിച്ചു. മുറിച്ചുകഴിഞ്ഞപ്പോഴാണ് ഇനിയും മരങ്ങളുണ്ടെന്ന് മനസ്സിലായത്. ഇവ വീണ്ടും ടെൻഡർ വിളിച്ച് മുറിക്കണം. ഒരുവർഷം കഴിഞ്ഞിട്ടും നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.
മഹാഗണി, കണിക്കൊന്ന തുടങ്ങിയ മരങ്ങൾക്ക് സാമൂഹിക വനവത്കരണ വിഭാഗം 2.14 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഈ വിലയ്ക്ക് ആരും എടുക്കുന്നില്ല. ഇവ മുറിച്ചുമാറ്റാതെ നിർമാണപ്രവൃത്തികൾ തുടങ്ങാനാവില്ല. വാർഡുകളടക്കം പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച് സ്ഥലം ഭാഗികമായി ഇൻകെല്ലിന് കൈമാറി. ഇവിടെ ഫ്രണ്ട് ഓഫിസായി നിർമാണ ഏജൻസികൾ കെട്ടിട നിർമാണം ആരംഭിക്കുകയും ചെയ്തു. എന്നൽ, ഇതുവരെ മരം മുറിക്കാത്തിനാൽ ആശുപത്രി പണി തുടങ്ങാനായിട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ ആശുപത്രിയിലെത്തിയ മന്ത്രി വീണ ജോർജ് ആറുമാസത്തിനകം നിർമാണം തുടങ്ങുമെന്ന് അറിയിച്ചതാണ്.
മണ്ണിന്റെ കാര്യവും തീരുമാനമായില്ല
കെട്ടിടത്തിന്റെ രണ്ടുനില താഴേക്കു പണിയുമ്പോൾ എടുത്തുമാറ്റുന്ന മണ്ണിന് ജില്ലയിൽത്തന്നെ ആവശ്യക്കാരുണ്ട്. അതു മറികടന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പങ്കെടുത്ത യോഗത്തിൽ മണ്ണ് പ്രാദേശികമായി ഉപയോഗിക്കാൻ നിർദേശം നൽകി. കോട്ടയം നഗരസഭയും മണ്ണ് ആവശ്യപ്പെട്ടിരുന്നു. എം.ജി സർവകലാശാലയിൽ പുതിയ സ്റ്റേഡിയം നിർമിക്കാനും മണ്ണ് വേണം. എന്നാൽ, ആശുപത്രിയിൽ എല്ലാറ്റിനും ഒച്ചിഴയും വേഗമാണ്.
വരുന്നത് പത്തുനില കെട്ടിടം
ആശുപത്രിയിൽ നിർമിക്കുന്നത് 2,86,850 ചതുരശ്ര അടിയുള്ള പത്തുനില കെട്ടിടമാണ്. ഏഴുമുതൽ 12 വരെ വാർഡുകൾ നിന്നിരുന്ന സ്ഥലത്താണ് കെട്ടിടം പണിയുന്നത്. രണ്ട് നില ഭൂമിക്കടിയിലും ബാക്കി മുകളിലും. 35 ഒ.പി വകുപ്പുകൾ, 391 ബെഡുകൾ, 10 ഓപറേഷൻ തിയറ്ററുകൾ, സൂപ്പർ സ്പെഷാലിറ്റി ഒ.പി-ഐ.പി, സി.ടി, എം.ആർ.ഐ മെഷീനുകൾ, മാമോഗ്രഫി, ഫാർമസി, ലിഫ്റ്റ് സൗകര്യങ്ങൾ എന്നിവ ഉണ്ടാകും. കിഫ്ബി ഫണ്ട് 229 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം. 129.89 കോടിയുടെ ഭരണാനുമതി ലഭിച്ചു. അർധസർക്കാർ സ്ഥാപനമായ ഇൻകെല്ലിനാണ് നിർവഹണച്ചുമതല. ജെയ്ൻ ബിൽഡേഴ്സും എ ടു ഇസഡ് കമ്പനിയുമാണ് നിർമാണം ടെൻഡർ എടുത്തിരിക്കുന്നത്.
നടപടികൾക്ക് ഒച്ചിഴയും വേഗം
പുതിയ കെട്ടിടത്തിന്റെ നിർമാണം വൈകുന്നതോടെ ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാരാണ്. ബദൽ സൗകര്യമൊരുക്കാതെ പഴയ വാർഡുകളെല്ലാം പൊളിച്ചുകളഞ്ഞു. മൂന്നാം വാർഡ് മാത്രമാണ് ജനറൽ രോഗികൾക്കായി ഉള്ളത്. പ്ലാസ്റ്ററിങ് അടർന്നുവീണതിനെ തുടർന്ന് അഞ്ചാം വാർഡ് ആറുമാസമായി പൂട്ടിക്കിടക്കുകയാണ്. ആറാം വാർഡ് കുട്ടികളുടെ വാർഡാണ്. നാലാം വാർഡ് പ്രസവാനന്തര വാർഡും. പാർക്കിങ് സൗകര്യവും ഇല്ലാതായി. മെഡിക്കൽ കോളജ് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികളെത്തുന്ന ആശുപത്രിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.