കോട്ടയം ജില്ല ആശുപത്രി; ശസ്ത്രക്രിയ തിയറ്റർ അറ്റകുറ്റപ്പണി പൂർത്തിയായില്ല
text_fieldsകോട്ടയം: ഒരു മാസം പിന്നിട്ടിട്ടും ജില്ല ആശുപത്രിയിലെ ശസ്ത്രക്രിയ തിയറ്റർ അറ്റകുറ്റപ്പണി പൂർത്തിയായില്ല. ശസ്ത്രക്രിയക്കായി രോഗികളുടെ കാത്തിരിപ്പ് നീളുന്നു. മാർച്ച് 18നാണ് ഇലക്ട്രിക്കൽ, സിവിൽ വർക്ക് നടത്താൻ ശസ്ത്രക്രിയ തിയറ്റർ പൂട്ടിയത്. ഒരു തിയറ്ററാണ് ആശുപത്രിയിലുള്ളത്. 18 ദിവസത്തെ പണിയാണ് പറഞ്ഞിരുന്നത്. പണികഴിഞ്ഞാലും വീണ്ടും തുറക്കാൻ രണ്ടു മാസമെടുക്കും. തിയറ്ററിലെ വയറിങ്ങും പാനലുകളും മാറ്റണം. വയറിങ്ങിന് വലിയ രീതിയിലുള്ള തകരാറുണ്ട്. ഷോക്കടിക്കാൻ സാധ്യതയുള്ളതിനാലാണ് ഉടൻ പണി ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അധികൃതർ പരിശോധന നടത്തി എട്ടുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയിരുന്നു.
മേജർ ശസ്ത്രക്രിയ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നീട്ടിവെക്കുകയായിരുന്നു. മൈനർ ശസ്ത്രക്രിയക്ക് ആശുപത്രിയിലെ എഫ്.എൻ.എ.എസി പരിശോധന നടത്തുന്ന മുറിയും അനുബന്ധമായുള്ള യൂനിറ്റും സജ്ജീകരിച്ചു. പണി പൂർത്തിയായാലും അണുമുക്തമാണെന്ന് പരിശോധന നടത്തി ഉറപ്പാക്കിയാലേ ശസ്ത്രക്രിയകൾ നടത്താനാവൂ. അറ്റകുറ്റപ്പണി പൂർത്തിയാകാൻ വൈകുന്നതോടെ തുടർനടപടിയും നീളുമെന്നുറപ്പായി. സ്കൂൾ അവധിക്കാലത്ത് ശസ്ത്രക്രിയ നടത്താൻ തീയതി എടുത്തവരാണ് അധികവും. ഉടൻ പണിതീർത്ത് ശസ്ത്രക്രിയ നടത്തണമെന്നാണ് രോഗികളുടെ ആവശ്യം. നേരത്തെ നേത്ര ശസ്ത്രക്രിയ തിയറ്റർ ബദൽ സൗകര്യമൊരുക്കാതെ പൊളിച്ചുമാറ്റിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പകരം സൗകര്യം ഒരുക്കി നേത്ര ശസ്ത്രക്രിയ തിയറ്റർ തുറന്നത് അടുത്തിടെയാണ്. പുതിയ ബഹുനില മന്ദിരം നിർമിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് രോഗികളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.