മണ്ണിൽ നിന്നുയരാതെ പത്തുനിലക്കെട്ടിടം
text_fieldsകോട്ടയം: പുതിയ മൾട്ടി സ്പെഷാലിറ്റി മന്ദിരത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ജില്ല ആശുപത്രി മിനി മെഡിക്കൽ കോളജിന്റെ നിലവാരത്തിലേക്ക് എത്തുമെന്നാണ് ആറുവർഷമായി മന്ത്രിമാരടക്കം പറയുന്നത്. എന്നാൽ, കെട്ടിടം പണി തുടങ്ങിയിട്ടില്ലെന്നു മാത്രമല്ല, ഉള്ള സൗകര്യങ്ങൾ കൂടി ഇല്ലാതായി. 2025 ജനുവരിയിൽ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുമെന്നാണ് അധികൃതർ അവസാനം പറയുന്നത്. ഇതുവരെ കെട്ടിടത്തിന്റെ അസ്തിവാരം ആയിട്ടില്ല.
പലവിധ സാങ്കേതിക തടസ്സങ്ങളാണ് ആദ്യം മുതൽ നിർമാണത്തിന് വിലങ്ങുതടിയായത്. പുതിയ കെട്ടിടം വരുന്നതോടെ നിലവിലെ പരാധീനതകൾക്കെല്ലാം അവസാനമാകും. അടിയന്തര സ്വഭാവം കണക്കിലെടുത്ത് നടപടികൾ നീക്കാൻ ആരും ഇടപെടുന്നുമില്ല. മന്ത്രിമാരെത്തിയാൽ മാത്രമേ ഒരടിയെങ്കിലും അനങ്ങൂ. 2018ലാണ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി പത്തുനിലക്കെട്ടിടം പ്രഖ്യാപിച്ചത്. അർധ സർക്കാർ സ്ഥാപനമായ ഇൻകെൽ ലിമിറ്റഡിനാണ് നിർമാണ ചുമതല. 129.89 കോടി രൂപക്കാണ് ആദ്യഘട്ടം ഭരണാനുമതി ലഭിച്ചത്. കെട്ടിടം നിർമിക്കാൻ വാർഡുകളടക്കം പൊളിച്ചുമാറ്റാൻ കാണിച്ച ധിറുതി തുടർന്നുണ്ടായില്ല. രോഗികളെ വഴിയാധാരമാക്കി അധികൃതർ അനങ്ങാതിരിക്കുന്നു.
കെട്ടിടം നിർമിക്കുമ്പോൾ നീക്കുന്ന മണ്ണ് എവിടെകൊണ്ടു പോയിടും എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കെട്ടിടത്തിന്റെ നിർമാണത്തിനായി അഞ്ചു ലക്ഷം ക്യുബിക് അടി മണ്ണ് ആവശ്യമുണ്ട്. ബാക്കിവരുന്ന നാലു ലക്ഷം അടി മണ്ണ് നീക്കിയാലേ പണി തുടങ്ങാനാവൂ. മണ്ണ് ആലപ്പുഴക്ക് കൊണ്ടുപോകാനാണ് ആദ്യം നീക്കമുണ്ടായതെങ്കിലും എം.എൽ.എ ഇടപെട്ട് വെട്ടി. മണ്ണ് വാഹനത്തിൽ എത്തിക്കുന്നതിന് വലിയ ചെലവു വരും. ഇത് കണക്കിലെടുത്ത് മണ്ണ് പ്രാദേശികമായി ഉപയോഗിക്കാൻ ആവശ്യപ്പെട്ടു. കോട്ടയം, ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങൾക്ക് മണ്ണ് ഉപയോഗിക്കാൻ കഴിഞ്ഞ ജനുവരിയിൽ മന്ത്രി വി.എൻ. വാസവൻ നിർദേശം നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. പെരുമാറ്റച്ചട്ടം വന്നതോടെ എല്ലാം സ്തംഭിച്ചു. എം.എൽ.എയുടെ ഇടപെടലിന്റെ ഫലമായി മുപ്പായിപ്പാടം റോഡ് ഉയർത്താൻ 5000 ക്യുബിക് മീറ്റർ മണ്ണ് കൊണ്ടുപോകുന്നുണ്ടെങ്കിലും പിന്നെയും 8000 ക്യുബിക് മീറ്റർ ബാക്കിയാണ്.
അഞ്ചാം വാർഡ് പുതുവർഷദിനത്തിൽ
ഒന്നരവർഷമായി അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്ന അഞ്ചാം വാർഡ് ജനുവരി ഒന്നിന് തുറക്കും. പ്ലാസ്റ്ററിങ് അടർന്നുവീണതിനെതുടർന്നാണ് വാർഡ് അടച്ചത്. ഇലക്ട്രിക്കൽ ജോലികൾക്കു പുറമെ ടൈൽസ് മാറ്റൽ, റീ പ്ലാസ്റ്ററിങ് എന്നിവയും പൂർത്തിയാക്കിയാണ് വാർഡ് തുറക്കുന്നത്. 42 കിടക്കകളാണ് ഇവിടെയുള്ളത്. മൂന്നാം വാർഡിലുള്ളവരെയാവും ഇവിടേക്ക് മാറ്റുക.
ലിഫ്റ്റില്ലാത്ത സൂപ്രണ്ട് ഓഫിസ്
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഫണ്ടിൽനിന്ന് 2.74കോടി രൂപ അനുവദിച്ചതിനാലാണ് ചോർന്നൊലിക്കുന്ന സൂപ്രണ്ട് ഓഫിസിൽനിന്ന് മോചനമായത്. എന്നാൽ, കെട്ടിടം നിർമിച്ചപ്പോഴും അധികൃതർ ദീർഘവീക്ഷണത്തോടെ ചിന്തിച്ചില്ല. രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന സൂപ്രണ്ട് ഓഫിസിലേക്ക് എത്തണമെങ്കിൽ ലിഫ്റ്റില്ല.
രോഗികളും ശാരീരിക ൈവകല്യമുള്ളവരുമായ നിരവധി പേരാണ് സർട്ടിഫിക്കറ്റുകളും മറ്റും ഒപ്പിടാൻ സൂപ്രണ്ടിനെ തേടിയെത്തുന്നത്. അവസാനം ഇവർക്കായി താഴെ പലയിടത്തായി സൗകര്യമൊരുക്കുകയായിരുന്നു. ബ്ലഡ് ബാങ്കും മുകൾ നിലയിലാണ്.
വരുന്നത് 10 നില മന്ദിരം
2,86,850 ചതുരശ്രയടി വിസ്തൃതിയുള്ള 10 നില മന്ദിരമാണ് നിർമിക്കുന്നത്. 35 ഒ.പി ഡിപ്പാർട്ടുമെന്റുകൾ, 391 ബെഡുകൾ, 10 ഓപ്പറേഷൻ തീയറ്ററുകൾ, സൂപ്പർ സ്പെഷാലിറ്റി ഒ.പി-ഐ.പി, സി.ടി, എം.ആർ.ഐ മെഷീനുകൾ, മാമോഗ്രാഫി, ഫാർമസിയും ലിഫ്റ്റ് സൗകര്യങ്ങളും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.