കോട്ടയം ജില്ല ആശുപത്രിയിലെ കാമറകൾ ഓഫാക്കി
text_fieldsകോട്ടയം: നഗരമധ്യത്തിൽ ദിനംപ്രതി ആയിരങ്ങളെത്തുന്ന ജില്ല ജനറൽ ആശുപത്രിയിലെ സി.സി ടി.വി കാമറകൾ ഓഫാക്കി. രണ്ടുദിവസം മുമ്പാണ് കാമറകൾ ഓഫാക്കിയത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടന്ന മോഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചപ്പോഴാണ് സി.സി ടി.വി ഓഫാക്കിയ വിവരം ശ്രദ്ധയിൽപെട്ടത്.
മൂന്നാം വാർഡിൽനിന്നാണ് കൂട്ടിരിപ്പുകാരിയുടെ പഴ്സ് മോഷണം പോയത്. പണവും ആധാർകാർഡും അടക്കം രേഖകൾ പഴ്സിലുണ്ടായിരുന്നു. പരാതിയെ തുടർന്ന് എയ്ഡ് പോസ്റ്റിലെ പൊലീസെത്തി സി.സി ടി.വി പരിശോധിച്ചപ്പോഴാണ് ഓഫാക്കിയ വിവരം അറിയുന്നത്. കാമറകൾ എല്ലാം പ്രവർത്തിക്കുന്നുണ്ട്. ശുചീകരണവിഭാഗം ജീവനക്കാർ മുറി വൃത്തിയാക്കുന്നതിനിടെ കാമറകൾ ഓഫാക്കിയതാണെന്നാണ് അധികൃതർ പറയുന്നത്. ഓണാക്കാൻ മറന്നുപോയതാണെന്നും. എന്നാൽ, എന്തുകൊണ്ട് ജീവനക്കാർ ഇക്കാര്യം അധികൃതരെ അറിയിച്ചില്ലെന്നതിന് മറുപടിയില്ല. മോഷണവിവരം പുറത്തുവന്ന് പിറ്റേദിവസമാണ് ആശുപത്രി അധികൃതർ അറിയുന്നതും കാമറകൾ ഓണാക്കുന്നതും.
മൂന്നാം വാർഡിനു പുറമെ കാഷ്വൽറ്റിയിലും കാമറയുണ്ട്. 10 വർഷം മുമ്പ് ആശുപത്രിയിൽ 12 കാമറകളുണ്ടായിരുന്നു. അന്ന് പൊലീസിനായിരുന്നു മോണിറ്ററിങ് ചുമതല. പിന്നീട് ഇവ നശിച്ച ശേഷമാണ് വീണ്ടും കാമറ വെച്ചത്. എന്നാൽ, ഇതിന്റെ മോണിറ്ററിങ് ചുമതല പൊലീസിന് കൈമാറിയില്ല. പകലും രാത്രിയും മൂന്നു വീതം ആറ് പൊലീസുകാർ എയ്ഡ് പോസ്റ്റിലുള്ളപ്പോഴാണ് ഈ അവസ്ഥ. ഇവർക്ക് സി.സി ടി.വി പരിശോധിക്കണമെങ്കിൽ ആശുപത്രി അധികൃതരുടെ അനുമതി വേണം. വന്ദന സംഭവത്തിനുശേഷമാണ് ആശുപത്രിയിലെ എയ്ഡ് പോസ്റ്റ് സംവിധാനം ശക്തിപ്പെടുത്തിയത്. എന്നാൽ, ആശുപത്രി കോമ്പൗണ്ടിൽ നടക്കുന്നതൊന്നും അറിയാൻ പൊലീസിനു സംവിധാനമില്ല. വാർഡുകളുടെയും ഓഫിസുകളുടെയും വാതിലും എപ്പോഴും തുറന്നുകിടക്കും.
ആരൊക്കെ കയറുന്നു, എത്ര സമയം ചെലവഴിക്കുന്നു എന്നൊന്നും ആരും ശ്രദ്ധിക്കാനില്ല. വന്ദന സംഭവം പോലെയോ മെഡിക്കൽ കോളജിലേതിന് സമാനമായി കുട്ടിയെ തട്ടിക്കൊണ്ടുപോകാനോ ആശുപത്രിയിൽ ശ്രമം നടന്നാൽ ആരു സമാധാനം പറയുമെന്നാണ് രോഗികൾ ചോദിക്കുന്നത്.
ഓഫാക്കിയത് ശുചീകരണ വിഭാഗം ജീവനക്കാർ
ശുചീകരണ വിഭാഗം ജീവനക്കാർ മുറി വൃത്തിയാക്കുന്നതിനിടെ കാമറകൾ ഓഫാക്കിയതാണ്. പാസ്വേഡ് അറിയാത്തതിനാൽ പിന്നീട് ഓണാക്കാനായില്ല. രണ്ടുദിവസം മാത്രമേ ഓഫായുള്ളൂ. വിവരം അറിഞ്ഞയുടൻ ഓണാക്കി. നിലവിൽ കാമറ പ്രവർത്തനക്ഷമമാണ് - ഡോ. എം. ശാന്തി, സൂപ്രണ്ട് ഇൻ ചാർജ്.
മനഃപൂർവം െചയ്തതല്ല
വിവരം അറിഞ്ഞ ഉടൻ അന്വേഷിച്ചിരുന്നു. മനഃപൂർവം ഓഫാക്കിയതല്ലെന്നാണറിഞ്ഞത്. താൻ പറഞ്ഞപ്പോഴാണ് ആശുപത്രി അധികൃതർ വിവരം അറിയുന്നത് -കെ.വി. ബിന്ദു, ജില്ല പഞ്ചായത്ത് പ്രസിഡന്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.