അത്യാസന്ന നിലയിലാണ് ഈ ആതുരാലയം
text_fieldsകോട്ടയം: ശസ്ത്രക്രിയക്ക് പേരുകേട്ട ആശുപത്രിയായിരുന്നു ജില്ല ജനറൽ ആശുപത്രി. മേജർ ശസ്ത്രക്രിയകൾ ഒഴികെ എല്ലാത്തരം ശസ്ത്രക്രിയകളും ഇവിടെ നടത്തിയിരുന്നു. മൂന്നു സർജൻമാരും ഉണ്ടായിരുന്നു. ഒരുമാസത്തിനു ശേഷമുള്ള തീയതി കൊടുത്താണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. അത്രയും തിരക്കുണ്ടായിരുന്ന ഇവിടെ ഇപ്പോൾ ആകെയുള്ളത് ഒരു സർജനാണ്. ഇദ്ദേഹം അവധിയെടുത്താൽ ഒ.പി അടച്ചിടണം. പകരം വേറെ ആളില്ല.
നാല് സർജൻമാർ വേണ്ടിടത്താണ് ഒറ്റയാളെ വെച്ച് ഓടിക്കുന്നത്. ഒരുദിവസം 300-350 രോഗികൾ ഈ വിഭാഗത്തിലെത്തുന്നുണ്ട്. ചൊവ്വ, വെള്ളി ഒഴികെ ദിവസങ്ങളിലാണ് സർജറി ഒ.പി. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ശസ്ത്രക്രിയ നടത്തുന്നത്. മേജർ ശസ്ത്രക്രിയക്ക് മെഡിക്കൽ കോളജിനെയും മറ്റുള്ള ശസ്ത്രക്രിയക്ക് ജില്ല ജനറൽ ആശുപത്രിയെയുമാണ് രോഗികൾ സമീപിക്കുന്നത്. ജില്ലയുടെ പുറത്തുനിന്ന് കുമളി, തൊടുപുഴ, അടിമാലി തുടങ്ങിയിടങ്ങളിൽനിന്നടക്കം രോഗികൾ എത്താറുണ്ട്.
വിവിധ ഫണ്ടുകൾ വഴി ആശുപത്രിക്കും സാമ്പത്തിക നേട്ടമുണ്ടായിരുന്നു. സ്ഥലം മാറിയ രണ്ടുപേർക്ക് പകരം ആളെ നിയമിക്കാൻ ആരോഗ്യ വകുപ്പിലും ഡി.എം.ഒക്കു മുന്നിലും സമ്മർദം ചെലുത്തേണ്ടത് ആശുപത്രി അധികൃതരാണ്. കത്തെഴുതുന്നതല്ലാതെ അതിനപ്പുറം ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സർജൻ ഒരാൾ മാത്രമായതിനാൽ ഇദ്ദേഹത്തിന് ജോലിഭാരം കൂടുതലാണ്. ഇതിന്റെ മാനസികസമ്മർദം ജോലിയെ ബാധിക്കുന്നതോടെ രോഗികൾക്കും ബുദ്ധിമുട്ടാകുന്നു. 4000നടുത്ത് സ്ഥിരം രോഗികൾ ഉണ്ടായിരുന്ന ന്യൂറോ സർജറിയിൽ ഒരുവർഷമായി ന്യൂറോ സർജനേ ഇല്ല. ഒന്നരക്കോടിയുടെ ഉപകരണങ്ങളാണ് ഈ വിഭാഗത്തിൽ വാങ്ങിയത്. ഈ ഉപകരണങ്ങൾ തുരുമ്പെടുക്കുകയാണ്.
ജനറൽ ഒ.പി
ജനറൽ ഒ.പിയിലും മെഡിസിൻ ഒ.പിയിലും ഡോക്ടർമാർ ആവശ്യത്തിനില്ല. പലപ്പോഴും സീനിയർ ഡോക്ടർമാരാണ് ഒ.പിയിൽ വന്നിരിക്കുന്നത്. ഡിപ്പാർട്മെന്റ് ചുമതലയുള്ളവരും ഒ.പിയിൽ ഇരിക്കേണ്ട ഗതികേടാണ്. പനി തുടങ്ങിയ പകർച്ചവ്യാധികളുടെ സമയത്ത് 2500 മുതൽ 3000 വരെ രോഗികൾ എത്തും. ഡ്യൂട്ടിയിലുള്ളവർക്ക് ഭക്ഷണം കഴിക്കാൻപോലും കഴിയാറില്ല. ഇത് രോഗികളുമായുള്ള സംഘർഷങ്ങൾക്കിടയാക്കുന്നു.
കാഷ്വൽറ്റി
കുറഞ്ഞത് രണ്ടുപേർ വേണ്ട കാഷ്വൽറ്റിയിൽ ഒരാൾ മാത്രമേ ഉള്ളൂ. അത്യാവശ്യമുള്ള രോഗികളെ നോക്കാൻപോലും കഴിയുന്നില്ല.കാഷ്വൽറ്റിയിൽ 2016 മുതൽ 50 ഹൗസ് സർജൻസിക്കാരെ നിയോഗിക്കുമായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം മുതൽ മെഡിക്കൽ കോളജുകളിൽ മാത്രം ഹൗസ് സർജൻസിക്കാർ മതിയെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതോടെ അവരും ഇല്ലാതായി.
മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥികളായ 10 പേരെ മൂന്നുമാസ പ്രോജക്ടിനായി നിയോഗിക്കുന്നുണ്ടെങ്കിലും അതുകൊാണ്ട് പ്രയോജനമില്ല.
നേത്രരോഗ വിഭാഗം
പുതിയ കെട്ടിടം വരുന്നതിന്റെ ഭാഗമായി ശസ്ത്രക്രിയ തിയറ്റർ സെപ്റ്റംബർ എട്ടിന് പൊളിച്ചു. ഒ.പി മാത്രമേ ഉള്ളൂ. തിയറ്റർ ഇല്ലാത്തതിനാൽ ഒ.പിയിൽ ആളെത്തുന്നില്ല.
ഡെന്റൽ വിഭാഗം
ഡെന്റൽ ഒ.പിയിൽ ഡോക്ടറുണ്ട്. എന്നാൽ, എക്സ്റേ വിഭാഗം പ്രവർത്തിക്കുന്നില്ല. എക്സ്റേ എടുക്കണമെങ്കിൽ പുറത്തെ ലാബിലേക്കോ സ്വകാര്യ ലാബിലേക്കോ പോകണം. ജില്ല ജനറൽ ആശുപത്രിയിൽ 75 രൂപ മാത്രം ചെലവുള്ള എക്സ്റേക്ക് സ്വകാര്യ ലാബിൽ ഒരു പല്ലിനു മാത്രം 450 രൂപ നൽകണം. ലീഗൽ സർവിസ് അതോറിറ്റി കേസെടുത്തതിനെ തുടർന്ന് എക്സ്റേ വിഭാഗം കുറച്ചുനാൾ പ്രവർത്തിച്ചെങ്കിലും മെഷീൻ കേടായതിനെ തുടർന്ന് പിന്നീട് പൂട്ടി. പുതിയ മെഷീൻ വന്നാലേ ഇനി തുറക്കാനാവൂ. അതിനുള്ള നടപടികളില്ല. ഫാർമസിയിലും ലാബിലും ആളില്ല. പലരും മറ്റ് ജോലികൾ കിട്ടി പോവുമ്പോൾ പകരം ആളെ എടുക്കാൻ അധികൃതർ തയാറാവുന്നില്ല. ജില്ലയിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്. ഉദ്യോഗസ്ഥ ദുഷ്ഭരണത്തിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണിത്. അപാകതകൾ അപ്പപ്പോൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ തയാറാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.