കോട്ടയം ജില്ലക്ക് നാമമാത്ര പദ്ധതികൾ മാത്രം: സംസ്ഥാനതല പ്രഖ്യാപനങ്ങൾ നേട്ടമാകുമെന്ന് പ്രതീക്ഷ
text_fieldsകോട്ടയം: വൻ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഒറ്റപ്പെട്ട പദ്ധതികളിലൊതുങ്ങി സംസ്ഥാന ബജറ്റിൽ ജില്ലയുടെ ഇടം. എന്നാൽ, സംസ്ഥാനതല പദ്ധതികളിൽ പലതും ജില്ലക്ക് നേട്ടവുമാകും. ജില്ലയുടെ ജീവനാഡിയായ റബർ കർഷകർക്ക് കാര്യമായ പരിഗണന ബജറ്റിലുണ്ടായില്ല. റബർ താങ്ങുവില 200 രൂപയാക്കണമെന്ന് കർഷകരും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിലവിലെ 170ൽനിന്ന് തുക ഉയർത്തിയില്ല. താങ്ങുവില പദ്ധതിക്ക് 500 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് കാര്യമായ പ്രയോജനം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവിൽ റബർവില 170 രൂപക്ക് അടുത്താണ്. വില ഏതാനും മാസം കൂടി ഉയര്‍ന്നുനില്‍ക്കാൻ സാധ്യതയെന്നാണ് സൂചനകള്‍. ഇതോടെ, പദ്ധതിപ്രകാരം തുകയൊന്നും കര്‍ഷകര്‍ക്ക് ലഭിക്കില്ല. വെള്ളൂരിലെ സിയാല്‍ മോഡല്‍ റബര്‍ കമ്പനിയെക്കുറിച്ച് പരാമര്‍ശവുമില്ല. അതേസമയം, റോഡ് നിർമാണത്തിൽ റബർ മിശ്രിതം ഉപയോഗിക്കാനായി 50 കോടി അനുവദിച്ചിട്ടുണ്ട്.
പ്രളയം തകർത്തെറിഞ്ഞ മേഖലകൾക്ക് പ്രത്യേക പാക്കേജ് എന്ന ആവശ്യവും ധനമന്ത്രി പരിഗണിച്ചില്ല. മൂന്നുകോടി വകയിരുത്തിയ കോട്ടയത്തെ സെന്‍റര്‍ ഫോര്‍ പ്രഫഷനല്‍ ആൻഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഗ്രഡ് ടെസ്റ്റ് ലബോറട്ടിയാണ് പുതിയ പദ്ധതി. സ്‌കൂള്‍ ഓഫ് എജുക്കേഷനെയാണ് പുതിയ മാനേജ്മെന്‍റിന് കീഴിൽ സെന്‍റർ ഫോര്‍ പ്രഫഷനല്‍ ആൻഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസായി മാറിയത്. ഇതിനുശേഷമുള്ള വലിയ പരിഗണന കൂടിയാണിത്. വൈക്കത്തെ പി. കൃഷ്ണപിള്ള സ്മാരകത്തിന് തുക അനുവദിച്ചതും ശ്രദ്ധേയമായി. കൃഷ്ണപിള്ളയുടെ വീടിരുന്ന വൈക്കത്തെ 16.5 സെന്‍റ് സ്ഥലം കുടുംബാംഗങ്ങളില്‍നിന്ന് സി.പി.ഐ വിലയ്ക്ക് വാങ്ങി കൃഷ്ണപിള്ള സ്മാരകം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ബജറ്റിൽ പി. കൃഷ്ണപിള്ള സ്മാരകത്തിന് തുക അനുവദിച്ചത്. ചാവറ സാംസ്കാരിക ഗവേഷണ കേന്ദ്രത്തിനും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. ഇവയൊഴിച്ചുള്ള പദ്ധതികളെല്ലാം നേരത്തേ ബജറ്റിൽ പരാമർശിച്ചിട്ടുള്ളവയോ പ്രഖ്യാപിച്ചിട്ടുള്ളവയോ ആണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
മുൻ ബജറ്റ് പ്രഖ്യാപനങ്ങളുടെ തുടർച്ചയായി കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡ്, ശബരിമല വിമാനത്താവളം എന്നിവക്ക് തുക നീക്കിവെച്ചിട്ടുണ്ട്. മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘത്തിന് രണ്ടുകോടിയും അനുവദിച്ചു.
അതേസമയം, സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന പല പദ്ധതികളുടെ ഗുണവും ജില്ലക്ക് ലഭിക്കും. രണ്ടാം കുട്ടനാട് പാക്കേജ് മുതല്‍ നെല്ലിന്‍റെ താങ്ങുവില വര്‍ധന പ്രഖ്യാപനമുള്‍പ്പെടെയുള്ളവയുടെ പ്രയോജനം കോട്ടയത്തിനുണ്ടാകും. നെല്ലിന്‍റെ താങ്ങുവില 28.20 രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റിൽ ഇതിന് 50 കോടിയാണ് മാറ്റിവെച്ചത്. നെൽകൃഷി വികസനത്തിന് 76 കോടി അനുവദിച്ചതിലൊരു വിഹിതവും ജില്ലയിലേക്കെത്തും. ജലാശയങ്ങളുടെ അടിത്തട്ടിലെ പ്ലാസ്റ്റിക് മാലിന്യങൾ നീക്കുന്ന ശുചിത്വ സാഗരം പദ്ധതി, നദികളുടെയും കായലുകളുടെയും അടിത്തട്ട് ശുചീകരിക്കും എന്നീ പ്രഖ്യാപനങ്ങളും നേട്ടമാകും.
എല്ലാ ജില്ലയിലും തൊഴിൽ സംരംഭക കേന്ദ്രം, സ്കിൽ പാർക്കുകൾ, എല്ലാ നിയമസഭ മണ്ഡലത്തിലും സഞ്ചരിക്കുന്ന റേഷൻ കടകൾ, 140 കോടി ചെലവിൽ എല്ലാ നിയമസഭ മണ്ഡലത്തിലും സ്കിൽ കോഴ്സുകൾ, വന്യജീവി അക്രമങ്ങളിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം എന്നിങ്ങനെയുള്ള പദ്ധതികളുടെ ഗുണഫലവും ജില്ലയിലേക്കെത്തും. എം.സി റോഡ് വികസനം, ചാമ്പ്യൻസ് ബോട്ട് ലീഗ്, വെള്ളപ്പൊക്ക നിവാരണ പദ്ധതികൾ എന്നിവയും കോട്ടയത്തിന് നേട്ടമാകും.
ജില്ലക്ക് ലഭിച്ച പ്രധാന പദ്ധതികൾ
കോട്ടയത്തെ സെന്‍റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്സ് സ്റ്റഡീസിന് (സീപാസ്) ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറി -മൂന്നുകോടി
പി. കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് പി. കൃഷ്ണപിള്ള നവോത്ഥാന പഠനകേന്ദ്രം -രണ്ടുകോടി
ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ സ്മരണാർഥം മാന്നാനത്ത് ചാവറ സാംസ്കാരിക ഗവേഷണകേന്ദ്രം -ഒരു കോടി
ആലപ്പുഴ, കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ പദ്ധതി -33 കോടി
വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് 20 കോടി
ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ടിന്‍റെ സാധ്യതാ പഠനത്തിനും ഡി.പി.ആർ തയാറാക്കാൻ രണ്ടുകോടി
കോട്ടയം ആസ്ഥാനമായുള്ള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷന് 5.70 കോടി
എം.ജി അടക്കമുള്ള സർവകലാശാല കാമ്പസുകളിൽ 1500 പുതിയ ഹോസ്റ്റൽ മുറികളും 250 ഇന്‍റർനാഷനൽ ഹോസ്റ്റൽ മുറികളും നിർമിക്കാൻ അഞ്ച് സർവകലാശാലകൾക്കായി 100 കോടി
അഷ്ടമുടി, വേമ്പനാട് കായലുകളുടെ ശുചീകരണത്തിന് 20 കോടി
എം.ജി അടക്കം സംസ്ഥാനത്തെ സർവകലാശാലകളിൽ ട്രാൻസ്ലേഷനൽ റിസർച് സെന്‍ററുകൾ വികസിപ്പിച്ച് സ്റ്റാർട്ടപ്, ഇൻകുബേഷൻ സെന്‍ററുകൾ സജ്ജമാക്കാൻ 20 കോടി
സർവകലാശാല കാമ്പസുകളിൽ പുതിയ ഹ്രസ്വകാല കോഴ്സുകളും പി.ജി കോഴ്സുകളും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ 20 കോടി
എം.സി റോഡിന്‍റെയും കൊല്ലം-ചെങ്കോട്ട റോഡിന്‍റെയും വികസനത്തിന് കിഫ്ബി വഴി 1500 കോടി
എരുമേലി ഉൾപ്പെടുന്ന തീർഥാടന ടൂറിസം സർക്യൂട്ട് ശക്തിപ്പെടുത്താൻ വിപുല പദ്ധതി
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെയും തിരുവനന്തപുരത്തെ റീജനൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ഒഫ്താൽമോളജിയുടെയും വികസനത്തിന് 250.7 കോടി. ഇതിന്‍റെ വിഹിതം കോട്ടയം മെഡിക്കൽ കോളജിന് ലഭിക്കും.
പ്ലാന്‍റേഷൻ മേഖലയിലെ ലയം/പാഡികൾ വാസസ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കാൻ 10 കോടി
ചാമ്പ്യൻസ് ബോട്ട് ലീഗിന് 15 കോടി. താഴത്തങ്ങാടി വള്ളംകളിയും ലീഗിന്‍റെ ഭാഗമാണ്. ജില്ലയിൽനിന്നുള്ള വിവിധ ബോട്ട് ക്ലബുകൾക്കും ഇതിന്‍റെ ഗുണം ലഭിക്കും
ആദിത്യ മാതൃകയിൽ അടുത്ത അഞ്ചുവർഷം കൊണ്ട് 50 ശതമാനം ഫെറി ബോട്ടുകളും സൗരോർജത്തിലേക്ക് മാറ്റും
(ധനമന്ത്രിയുടെ പ്രസംഗത്തിൽ പരാമർശിച്ച പദ്ധതികളാണിത്. ഇതിനുപുറമെ, പ്രാദേശികമായി എം.എൽ.എമാരുടെ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ പദ്ധതികൾക്ക് ടോക്കൺ തുകകൾ നീക്കിവെച്ചിട്ടുണ്ട്)
പാലായിൽ 14 പദ്ധതികൾക്ക് അനുമതി
പാലാ: സംസ്ഥാന ബജറ്റിൽ അന്തീനാട് മേലുകാവ് മേജർ ഡിസ്ട്രിക്ട് റോഡിൽ കുരിശുങ്കൽ പാലം അപ്രോച്ച് റോഡ് സംരക്ഷണഭിത്തി നിർമാണം, മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണസംഘം പുനരുദ്ധാരണവും ഉൾപ്പെടെ വിവിധ വകുപ്പുകളിലായി പാലാ മണ്ഡലത്തിലെ 14 പദ്ധതികൾക്ക് അനുമതി. രണ്ടുകോടി രൂപയുടെ കുരിശുങ്കൽ പാലം അപ്രോച്ച് റോഡ് സംരക്ഷണഭിത്തി പദ്ധതിക്ക് ഒരുകോടിയും രണ്ട് കോടിയുടെ മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണസംഘം പുനരുദ്ധാരണത്തിന് 40 ലക്ഷവും അനുവദിച്ചു.
ഇലവീഴാപ്പൂഞ്ചിറയിൽ സിനി സ്‌റ്റുഡിയോയും ഗെസ്‌റ്റ് ഹൗസും, ഇലവീഴാപ്പൂഞ്ചിറ -ഇല്ലിക്കൽക്കല്ല് ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് റോപ്‌വേ, പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണം, ടൂറിസം കേന്ദ്രമായ ഇല്ലിക്കൽകല്ലിൽ ഡോർമിറ്ററി സൗകര്യത്തോടുകൂടിയ യാത്രിനിവാസ്, മേവട സർക്കാർ എൽ.പി.എസ് മന്ദിരം പുനർനിർമാണം, കൊല്ലപ്പള്ളിയിൽ പുതിയ 110 കെ.വി സബ്‌സ്‌റ്റേഷൻ, ഏറ്റുമാനൂർ -പൂഞ്ഞാർ സംസ്ഥാനപാതയിൽ കൊട്ടാരമറ്റം ജങ്‌ഷനിൽ ഫ്ലൈഓവർ, ഭരണങ്ങാനം -ഇടമറ്റം -തിടനാട് റോഡ്, മേലുകാവ് -പെരുങ്ങാലി വടക്കൻമേട് റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ റീടാറിങ്, മുത്തോലി -ഇടയാറ്റ് ഗണപതിക്ഷേത്രം റോഡിൽ പാലം, കടനാട് പുളിച്ചമാക്കൽ പാലം, ചേർപ്പുങ്കൽ -മുത്തോലി -ഭരണങ്ങാനം സമാന്തരറോഡ് ഒന്നാംഘട്ട നിർമാണം എന്നീ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാലാക്കാരെ നിരാശപ്പെടുത്തുന്നത് -മാണി സി. കാപ്പൻ
പാലാ: ബജറ്റ് നിരാശപ്പെടുത്തുന്നതാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. അന്തീനാട് -മേലുകാവ് മേജർ ഡിസ്ട്രിക്ട് റോഡിൽ കുരിശിങ്കൽ പാലവും അപ്രോച് റോഡിന് സംരക്ഷണഭിത്തി നിർമിക്കുന്നതിന് അഞ്ചുകോടിയും മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘത്തിന് രണ്ടുകോടിയും ഉൾപ്പെടെ ആകെ ഏഴുകോടി രൂപ മാത്രമാണ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയത്. ടൂറിസം, കൃഷി, പൊതുമരാമത്ത് ഉൾപ്പെടെ പാലാക്ക് ഗുണകരമാകുന്ന നിരവധി പദ്ധതികൾ സമർപ്പിച്ചിരുന്നു. എന്നാൽ, പാലാക്കാരെ നിരാശപ്പെടുത്തുന്നതായി ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാറിന് കരുതൽ -സെബാസ്റ്റ്യൻ കുളത്തുങ്കൽ
പൂഞ്ഞാര്‍: പൂഞ്ഞാര്‍ മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകുന്നതാണ് സംസ്ഥാന ബജറ്റെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തൽ, എരുമേലിയുടെ സമഗ്ര വികസനത്തിന് എരുമേലി മാസ്റ്റർ പ്ലാൻ, പൂഞ്ഞാർ താലൂക്ക് രൂപീകരണം, ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണം, മുണ്ടക്കയത്ത് കോസ് വേക്ക് സമാന്തരമായി ഉയരം കൂട്ടി മണിമലയാറിന് കുറുകെ പുതിയ പാലം, ഭരണങ്ങാനം-ഇടമറ്റം- തിടനാട്-റോഡ്, പാറത്തോട് -കള്ളുവേലി - വേങ്ങത്താനം റോഡ്, പിണ്ണാക്കനാട്-ചേറ്റുത്തോട്-പാറത്തോട് റോഡ്, കരിനിലം-പുഞ്ചവയൽ-504- കുഴിമാവ് റോഡ്, ചെമ്മലമറ്റം- വാരിയാനിക്കാട്-പഴുമല- പാറത്തോട് റോഡ്, ചോറ്റി-ഊരയ്ക്കനാട് -മാളിക-പൂഞ്ഞാർ റോഡ് എന്നിവയുടെ ആധുനികവത്കരണവും, നവീകരണവും, കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കുഴിമാവ് ഗവൺമെന്റ് ഹൈസ്കൂളിന് പുതിയ ബഹുനില മന്ദിരം, എരുമേലി ഗ്രാമ പഞ്ചായത്തിലെ മൂക്കംപെട്ടി പാലം, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 24 ടൂറിസം കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട്, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ കാവും കടവ് പാലം നിർമാണം, മുണ്ടക്കയത്ത് പുതിയ ഫയർ സ്റ്റേഷൻ, പൂഞ്ഞാർ തെക്കേക്കരയിൽ പുതിയ പൊലീസ് സ്റ്റേഷൻ, എരുമേലി മൂലക്കയം ഭാഗത്ത് പമ്പയാറിന് കുറുകെ ചെക്ക് ഡാം കം കോസ്‌വേ, തിടനാട് ഗ്രാമപഞ്ചായത്തിൽ ചിറ്റാറ്റിൻകര പാലം, പൂഞ്ഞാർ ടൗണിൽ ജി.വി രാജ പ്രതിമയും പാർക്കും സ്ഥാപിക്കൽ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ഏന്തയാർ -മുക്കുളം പാലം എന്നിങ്ങനെ വിവിധ പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചു.
പ്രളയത്തിൽ തകർന്ന പാലങ്ങൾ പുനർനിർമിക്കുന്നതിന് വകയിരുത്തിയ 92.88 കോടിയും, പ്രളയ പുനരധിവാസത്തിനായി റീബിൽഡ് കേരള പദ്ധതിക്ക് നീക്കി വെച്ച 1600 കോടി രൂപയും, വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് കോട്ടയം ജില്ലക്ക് മാറ്റിവെച്ച 33 കോടി രൂപയുടെയും പ്രധാന പ്രയോജനം പൂഞ്ഞാർ നിയോജക മണ്ഡലത്തിന് ലഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
20 പ്രവൃത്തികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി -ഡോ. എന്‍. ജയരാജ്
പൊൻകുന്നം: വെള്ളാവൂരിലെ ചിറക്കല്‍പ്പാറയില്‍ പുതിയപാലത്തിന് 13 കോടി രൂപ ഉള്‍പ്പെടെ 20 പ്രവൃത്തികള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയതായി ഗവ: ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു.
റോഡ് നവീകരണം: മൂലേപ്ലാവ് - പൗവത്തുകവല -കുമ്പുക്കല്‍ -വേട്ടോര്‍പ്പുരയിടം -തെക്കേത്തുകവല -ചാമംപതാല്‍ റോഡ്, പത്തൊമ്പതാംമൈല്‍ കെ.കെ. റോഡ് -ചിറക്കടവ്, കല്ലുത്തെക്കേല്‍ ശാസ്താംകാവ് - ചെന്നാക്കുന്ന് റോഡ്, കറുകച്ചാല്‍ -മണിമല റോഡ് വീതി കൂട്ടൽ (സ്ഥലമെടുപ്പ് ഉള്‍പ്പെടെ), കറുകച്ചാല്‍ ഗുരുമന്ദിരം -നെത്തല്ലൂര്‍ കുരിശുപള്ളി ബൈപാസ് ടു കറുകച്ചാല്‍ ടൗണ്‍ റോഡ്, മീനടം -തൊമ്മച്ചേരി -മാലം -മാന്തുരുത്തി -തൈപ്പറമ്പ് റോഡ്, വാകമൂട് -വട്ടപ്പാറ - കുമ്പിക്കാപ്പുഴ -കാവനാൽതടവ് -നെടുങ്കുന്നം റോഡ് 12-ാം മൈല്‍ നെടുങ്കുന്നം ചെട്ടിമുക്ക് മൈലാടി കലവറ കണ്ണന്‍ചിറ റോഡ്, പതിനഞ്ചാം മൈല്‍ കെ.കെ. റോഡ് -ഇളങ്ങുളം റോഡ്, പൊൻകുന്നം -കപ്പാട് കുഴിക്കാട്ടുപടി വഴി -തമ്പലക്കാട് -മാന്തറ റോഡ്, ഡൊമിനിക് തൊമ്മന്‍ റോഡ് -പനച്ചേപ്പള്ളി റോഡ്, മണിമല -വള്ളംചിറ -കോട്ടാങ്ങല്‍ റോഡ്, പൊന്തന്‍പുഴ -ആലപ്ര റോഡ് എ, കൊടുങ്ങൂര്‍ ടെമ്പിള്‍ -ചാമംപതാല്‍, ഇളപ്പുങ്കല്‍ -ഇടപ്പള്ളി റോഡ് എന്നിവ ബി.എം. ബി.സി നവീകരണം, ചേന്നംപള്ളി ഗ്രാമസേവിനി കവല നെന്മല കുമ്പന്താനം കങ്ങഴ അയ്യപ്പ ക്ഷേത്രം കവല സ്രായിപ്പള്ളി പരുത്തിമൂട് റോഡ് കണക്ടിവിറ്റി അക്ഷരനഗരി പൂങ്കാവനം റോഡ് എന്നപേരില്‍ ബി.എം.ബി.സി ചെയ്ത് നവീകരണം (ഷാപ്പുപടി കങ്ങഴ, കെ.ജികോളജ് കങ്ങഴ, കാളച്ചന്ത പരുത്തിമൂട് (എല്‍.എസ്.ജി) റോഡ് എന്നിവ കൂട്ടിച്ചേര്‍ത്ത്).
കെട്ടിട നിർമാണം: ചമ്പക്കര ഗവ. എല്‍.പി സ്‌കൂള്‍, കങ്ങഴ ഗവ.എല്‍.പി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്‌കൂള്‍, ഇളമ്പള്ളി ഗവ. യു.പി.സ്‌കൂള്‍ (ഗ്രൗണ്ട് നിർമാണം ഉള്‍പ്പെടെ), നെടുങ്കുന്നം ന്യൂ യു.പി സ്‌കൂള്‍, കറുകച്ചാല്‍ എന്‍.എസ്.എസ് ഗവ. എല്‍.പി.എസ്, ഏറത്തുവടകര ഗവ.യു.പി.എസ്, കാഞ്ഞിരപ്പള്ളി ബി.ആര്‍.സി എന്നിവക്ക് പുതിയ കെട്ടിടം, കാഞ്ഞിരപ്പള്ളിയില്‍ റവന്യൂ കോംപ്ലക്‌സ് നിര്‍മാണം, കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ബ്ലോക്ക്, കാളകെട്ടി പി.എച്ച്.സി, ഇടയിരിക്കപ്പുഴ സി.എച്ച്.സി, ഇളംപള്ളി ആയുര്‍വേദ ഡിസ്പെൻസറി, പൊന്തന്‍പുഴ പി.എച്ച്.സി, കല്ലാടംപൊയ്ക പി.എച്ച്.സി, വിഴിക്കത്തോട് പി.എച്ച്.സി എന്നിവക്ക് പുതിയ കെട്ടിടം.
സ്റ്റേഡിയം നിർമാണം: പുളിക്കല്‍ കവലയില്‍ ഇന്‍ഡോര്‍ വോളിബാള്‍ സ്റ്റേഡിയം, മണിമലയില്‍ ഫുട്ബാള്‍ സ്റ്റേഡിയം, കറുകച്ചാല്‍ പഞ്ചായത്തില്‍ സ്റ്റേഡിയം (സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ) എന്നിവയുടെ നിർമാണം.
ചങ്ങനാശ്ശേരിക്ക് 111 കോടി -ജോബ് മൈക്കിൾ
ചങ്ങനാശ്ശേരി: 111 കോടിയുടെ പദ്ധതികൾ ചങ്ങനാശ്ശേരിക്കുവേണ്ടി ബജറ്റിൽ ഉൾപ്പെടുത്തിയതായി ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. മിക്ക ചെറുകിട പദ്ധതികൾക്കും ബജറ്റിൽ സ്ഥാനം ലഭിച്ചു. കുറിച്ചി ടെക്നിക്കല്‍ സ്കൂള്‍ സ്ഥലമേറ്റെടുപ്പും കെട്ടിടനിർമാണവുമാണ് ഇതിൽ ശ്രദ്ധേയ പദ്ധതി.
ചങ്ങനാശ്ശേരി വടക്കേക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടനിർമാണം, നഗരസഭയില്‍ പൂക്കാട് ചിറകുളത്തിന്‍റെ നവീകരണവും ടൂറിസം പദ്ധതിയും, ഹെൽത്ത് ക്ലബ്, വാട്ടര്‍ സ്പോര്‍ട്സ് കോംപ്ലക്സ്, ഇ.എം.എസ് പടിഞ്ഞാറൻ - ബൈപാസ്, കുന്നങ്കരി -കുമരങ്കരി -പറാല്‍ -ചങ്ങനാശ്ശേരി റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ അഭിവൃദ്ധിപ്പെടുത്തൽ, പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം, ജുഡീഷ്യല്‍ ഓഫിസേഴ്സ് ക്വാര്‍ട്ടേഴ്സ് ആസ്മ പാലം നിർമാണം, ചങ്ങനാശ്ശേരി മാടപ്പള്ളി അമ്പലം ബ്രിഡ്ജ് പുനര്‍നിർമാണം, ഹോമിയോ കോളജ് കുറിച്ചി പാലം നിർമാണം, ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം, ചീരഞ്ചിറ -അഞ്ജു ബോബി ജോര്‍ജ് റോഡ് നിർമാണം, കൊച്ചുറോഡ് - പാലമറ്റം റോഡ് പുനര്‍നിർമാണം, ഏഴാംമൈല്‍ സി.ഡബ്ല്യൂ റോഡ്- മല്ലപ്പള്ളി റോഡ് ബി.എം ബി.സി നവീകരണം, ചങ്ങനാശ്ശേരി പണ്ടകശാല തോടിന്‍റെയും ചന്തക്കുളത്തിന്‍റെയും പുനരുദ്ധാരണം, ചങ്ങനാശ്ശേരി ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം, ചങ്ങനാശ്ശേരി ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം, പായിപ്പാട്-മാമ്മൂട് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ അഭിവൃദ്ധിപ്പെടുത്തൽ, ചങ്ങനാശ്ശേരി മാര്‍ക്കറ്റ് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ അഭിവൃദ്ധിപ്പെടുത്തലും ഓട നിർമാണവുമാണ് ബജറ്റിൽ സ്ഥാനംപിടിച്ച മറ്റ് പദ്ധതികൾ.
വൈക്കത്തിന് നേട്ടം -സി.കെ. ആശ
വൈക്കം: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത വെള്ളൂര്‍ പേപ്പർനിര്‍മാണ ശാലയുടെ (കെ.പി.പി.എല്‍) പുനരുദ്ധാരണത്തിന് 20 കോടി, വൈപ്പിന്‍പടി-ടി.വി പുരം റോഡ് ബി.എം ബി.സി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് 10 കോടി, പി. കൃഷ്ണപിള്ള സ്മാരക നിര്‍മാണത്തിന് രണ്ടുകോടി രൂപ, രണ്ട് പുതിയ സോളാര്‍ ബോട്ട് എന്നിവയും സംസ്ഥാന ബജറ്റിൽ വൈക്കത്തിന് അനുവദിച്ചതായി സി.കെ. ആശ എം.എൽ.എ അറിയിച്ചു.
വൈക്കത്തെ പ്രധാന റോഡുകളെല്ലാം വീതികൂട്ടി പുനരുദ്ധരിക്കുന്നതിന്‍റെ ഭാഗമായാണ് വൈപ്പിന്‍പടി-മടിയത്തറ-കൊച്ചുകവല-കച്ചേരിക്കവല-ടി.വി പുരം റോഡ് നവീകരിക്കുന്നത്. വൈക്കം നിയോജക മണ്ഡലത്തില്‍ ബി.എം ബി.സി നിലവാരത്തിലേക്കുയര്‍ത്തുന്ന ഏഴാമത്തെ റോഡാണ് വൈപ്പിന്‍പടി-ടി.വി പുരം.
കൂട്ടിക്കലിന് പ്രത്യേക പാക്കേജില്ല
കോട്ടയം: കൂട്ടിക്കലിനെ പരാമർശിക്കാതെ ബജറ്റ്. ഉരുൾപൊട്ടലിലും മിന്നല്‍ പ്രളയത്തിലും തകർന്ന കൂട്ടിക്കലിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ല. എന്നാൽ, പ്രളയത്തിലെ തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണമെന്ന പരാമര്‍ശത്തില്‍ എല്ലാം ഒതുങ്ങി. പ്രളയം ബാധിച്ച പാലങ്ങളുടെ പുനർനിർമാണത്തിന് ബജറ്റിൽ 92.88 കോടി നീക്കിവെച്ചിട്ടുണ്ട്. കൂട്ടിക്കൽ അടക്കമുള്ള സ്ഥലങ്ങളിലെ തകർന്ന പാലങ്ങൾക്കും ഇതിന്‍റെ വിഹിതം ലഭിക്കും. റോഡുകൾക്കും പണം ലഭിക്കാം. എന്നാൽ, വൻ ദുരന്തത്തിന്‍റെ വ്യാപ്തി കണക്കിലെടുത്ത് സമഗ്ര പുനർനിർമാണത്തിന് പ്രത്യേക പാക്കേജിനാണ് ജില്ല കാത്തിരുന്നത്. പ്രളയം തകർത്തെറിഞ്ഞ കൂട്ടിക്കൽ ഗ്രാമം അഞ്ചാം മാസത്തിലും ദുരിതത്തില്‍തന്നെ കഴിയുമ്പോഴും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാതിരുന്നത് പ്രദേശവാസികളെ നിരാശരാക്കി. പ്രതിപക്ഷ ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.