കോട്ടയം ജില്ല പഞ്ചായത്ത്: എൽ.ഡി.എഫിൽ ഡിവിഷൻ അനിശ്ചിതത്വം
text_fieldsകോട്ടയം: ജില്ല പഞ്ചായത്തിലെ എൽ.ഡി.എഫ് സീറ്റ് വിഭജനത്തിൽ ധാരണയായെങ്കിലും ഒരോ പാർട്ടികളും മത്സരിക്കുന്ന സീറ്റിൽ തീരുമാനമായില്ല. സിറ്റിങ് സീറ്റുകളെല്ലാം നൽകണമെന്നാണ് കേരള കോൺഗ്രസിെൻറ ആവശ്യം. എന്നാൽ, മുഴുവൻ സീറ്റുകളും വിട്ടുകൊടുക്കാൻ സി.പി.എമ്മിന് താൽപര്യമില്ല. ഇതാണ് തീരുമാനം നീളാൻ കാരണം.
സി.പി.ഐയുമായും ചർച്ച നടക്കാനുണ്ട്. നിലവിൽ വാകത്താനം സീറ്റ് വിട്ടുനൽകാമെന്നാണ് സി.പി.ഐ അറിയിച്ചത്. കേരള കോൺഗ്രസിന് ഇത് സീകാര്യമല്ല. സി.പി.ഐ മത്സരിച്ചിരുന്ന കിടങ്ങൂർ, കങ്ങഴ സീറ്റുകൾ കേരള കോൺഗ്രസിെൻറ സിറ്റിങ് സീറ്റുകളാണ്. ഇതുരണ്ടും കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഇതിലൊരു സീറ്റ് നൽകാൻ സി.പി.ഐ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ ധാരണയാകുമെന്നാണ് സൂചന.
ഓരോ പാര്‍ട്ടിയും മത്സരിക്കുന്ന ഡിവിഷനുകള്‍ ഏതെന്ന് തിങ്കളാഴ്ച വ്യക്തമാക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍ പറഞ്ഞു. മുന്നണി ഐകകണ്േഠ്യനയാണ് തീരുമാനമെടുത്തതെന്നും ആർക്കും പരിഭവങ്ങളോ പരാതികളോ ഇല്ലെന്നും എൽ.ഡി.എഫ് നേതൃയോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. പുതിയ കക്ഷി മുന്നണിയിലേക്ക് വരുേമ്പാൾ ചർച്ചകൾക്ക് കൂടുതൽ സമയം എടുക്കുന്നത് പതിവാണ്. എല്ലാവർക്കും അർഹമായ പരിഗണന നൽകി. പുതിയ കക്ഷിവരുേമ്പാൾ സീറ്റുകളിൽ കുറവുണ്ടാകുന്നത് സ്വാഭാവികമാണ്. സീറ്റ് നഷ്ടപ്പെടുന്ന കക്ഷികളെ സാഹചര്യം ബോധ്യപ്പെടുത്താനും ചർച്ചകൾ ആവശ്യമാണ്. ഇതാണ് നിലവിൽ നടന്നത്. സ്ഥാനാർഥി നിര്‍ണയം പൂര്‍ത്തിയാക്കി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതടക്കുമുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ഉടൻ കടക്കും. കഴിഞ്ഞതവണ മത്സരിച്ചിരുന്ന എൻ.സി.പി, ജനതാദള്‍ എന്നിവര്‍ ഇത്തവണ ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കില്ല. പകരം മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കി. നഗരസഭകള്‍, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ സീറ്റ് ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്- അദ്ദേഹം പറഞ്ഞു. അതേസമയം, പാലാ നഗസഭയില്‍ സി.പി.എം- സി.പി.ഐ തർക്കം തുടരുകയാണ്. ഏഴു സീറ്റുകള്‍ വേണമെന്ന സി.പി.ഐ നിലപാടാണു തീരുമാനം വൈകാന്‍ കാരണം.
എൽ.ഡി.എഫ് യോഗത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരന്‍ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ എം.ടി. ജോസഫ്, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ് കുമാര്‍, സ്റ്റീഫന്‍ ജോർജ്, ജോസഫ് ചാവറ, അഡ്വ. ഫ്രാന്‍സിസ് തോമസ്, മാത്യൂസ് ജോർജ്, സണ്ണി തോമസ്, സാജു.എം.ഫിലിപ്, സാബു മുരിക്കവേലി, ജോസ് ടോം, എം.ടി. കുര്യന്‍, സജി നൈനാന്‍, രാജീവ് നെല്ലിക്കുന്നേല്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, ജിയാഷ് കരീം, റഫീഖ് പട്ടരുപറമ്പില്‍, ടി.ആര്‍. രഘുനാഥന്‍, സണ്ണി തെക്കേടം, പോള്‍സണ്‍ പീറ്റര്‍ എന്നിവര്‍ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. അതേസമയം, ജില്ല പഞ്ചായത്തിൽ സീറ്റ് നിഷേധിച്ചതിൽ എന്‍.സി.പി, ജനതാദള്‍ കക്ഷികള്‍ക്ക് അതൃപ്തിയുണ്ടെങ്കിലും പരസ്യമാക്കിയിട്ടില്ല. 22 സീറ്റുകളുള്ള ജില്ല പഞ്ചായത്തില്‍ സി.പി.എം-9, കേരളകോണ്‍ഗ്രസ്- 9, സി.പി.ഐ--നാല് ഡിവിഷനുകളില്‍ മത്സരിക്കാനാണ് തീരുമാനം.
അതേസമയം, സീറ്റ് വിഭജനം പൂര്‍ത്തിയായി ഒരാഴ്ച പിന്നിട്ടിട്ടും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിയാതെ യു.ഡി.എഫ്. ജില്ല പഞ്ചായത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഞായറാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തീരുമാനം നീളുകയാണ്.
കോണ്‍ഗ്രസില്‍ ഗ്രൂപ് തര്‍ക്കവും ഗ്രൂപ്പുകള്‍ക്കുള്ളിലെ തര്‍ക്കങ്ങളും യൂത്ത് കോണ്‍ഗ്രസിെൻറ പ്രതിഷേധവുമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിൽ പ്രതിസന്ധി തീർക്കുന്നത്.ആദ്യം ജോസഫ് വിഭാഗത്തിനു നല്‍കുകയും പിന്നീട് തിരികെയെടുക്കുകയും ചെയ്ത വൈക്കം സീറ്റില്‍ ഇതുവരെയും സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുറിച്ചി, എരുമേലി, കടുത്തുരുത്തി ഡിവിഷനുകളിലും തര്‍ക്കം നിലനില്‍ക്കുകയാണ്.
കുറിച്ചി, കടുത്തുരുത്തി ഡിവിഷനുകളിലൊന്ന് തങ്ങള്‍ക്ക് നല്‍കണമെന്നാണു യൂത്ത് കോണ്‍ഗ്രസ് ആവശ്യം.
ജോസഫ് വിഭാഗത്തില്‍ അതിരമ്പുഴ സീറ്റിെൻറ പേരിലാണു ചര്‍ച്ചകള്‍ നീണ്ടുപോകുന്നത്. ഇവിടെ രണ്ടുപേരെയാണ് പരിഗണിക്കുന്നത്. കങ്ങഴ സീറ്റിലും തര്‍ക്കം നിലനില്‍ക്കുന്നു. സ്ഥാനാര്‍ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ പറഞ്ഞു.
ശനിയാഴ്ച ജില്ല പഞ്ചായത്തിലെ 17 ഡിവിഷനുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൻ.ഡി.എ, മറ്റ് സ്ഥലങ്ങളിൽ സ്ഥാനാർഥി ചർച്ചയിലാണ്. ഇതിൽ അടുത്ത ദിവസം തീരുമാനമാകുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.