150 പേർക്കെതിരെ കാപ്പ; ‘കാപ്പ’യിൽ കോട്ടയം ജില്ല പൊലീസ് ഒന്നാമത്
text_fieldsകോട്ടയം: നിരന്തര കുറ്റവാളികൾക്കെതിരെ കാപ്പ നിയമനടപടി സ്വീകരിക്കുന്നതിൽ ജില്ല പൊലീസ് സംസ്ഥാനത്ത് ഒന്നാമത്. കഴിഞ്ഞ വർഷം 150 പേർക്കെതിരെയാണ് കാപ്പ നടപടി സ്വീകരിച്ചത്. 2018- 11, 2019- 18, 2020- 14, 2021- 21, 2022- 90 എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ കണക്ക്. കഴിഞ്ഞ വർഷം 46 പേരെ ജില്ലയില്‍നിന്ന് നാടുകടത്തി. 18 പേരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടച്ചു. 65 പേർക്ക് ജില്ലയിലെ ഓരോ സബ് ഡിവിഷനൽ ഡിവൈ.എസ്.പിമാരുടെയും മുന്നിലെത്തി നിശ്ചയ ദിവസങ്ങളിൽ ഒപ്പിടുകയും യാത്രാവിവരങ്ങൾ ധരിപ്പിക്കുകയും വേണം.
നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയോ അതത് ഡിവൈ.എസ്.പി ഓഫിസുകളിൽ ഒപ്പിടേണ്ടവർ ഒപ്പിടാതിരിക്കുകയോ ചെയ്താൽ കാപ്പ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും തടങ്കലിലാക്കുകയും ചെയ്യും. ഇത്തരത്തിൽ 20 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്ത് തടങ്കലിലാക്കിയത്. കൂടാതെ ലഹരിവസ്തുക്കളുമായി പിടികൂടിയവരെയും മുൻകാലങ്ങളിൽ ലഹരിവസ്തുക്കളുടെ കേസിൽ ഉൾപ്പെട്ടവരെയും പ്രത്യേകം നിരീക്ഷിക്കാൻ ഓരോ സ്റ്റേഷനിലും പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
കുറ്റവാളികൾ അകത്ത്; അനിഷ്ട സംഭവങ്ങളില്ലാതെ പുതുവത്സരരാവ്
കോട്ടയം: അടിപിടിക്കേസിലും കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ കേസിൽപെട്ടവരും കാപ്പ നടപടി നേരിട്ടവരുമടക്കം ഇരുനൂറോളം പേരെ കരുതൽ തടങ്കലിലാക്കിയതോടെ അനിഷ്ട സംഭവങ്ങളില്ലാതെ ജില്ല പുതുവത്സരത്തെ വരവേറ്റു. ജില്ലയിലുടനീളം പൊലീസിന്റെ കർശന നിരീക്ഷണമുണ്ടായി.
മുൻകാലങ്ങളെ അപേക്ഷിച്ച് പ്രധാന നഗരങ്ങളിലെല്ലാം വിപുലമായ ആഘോഷ പരിപാടികളായിരുന്നു വിവിധ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി ജില്ല പൊലീസ് പ്രത്യേക സുരക്ഷ പദ്ധതി ആവിഷ്കരിച്ച് ആഘോഷങ്ങള്‍ക്ക് തടസ്സംവരാത്ത വിധത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരുന്നത്. ജനങ്ങൾക്ക് സന്തോഷത്തോടെയും സമാധാനപരമായും പുതുവത്സരം ആഘോഷിക്കാൻ അവസരം നൽകാനാണ് പൊലീസ് പരിശ്രമിച്ചതെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.