കനിയാതെ കാലവർഷവും; കോട്ടയം ജില്ലയിൽ ലഭിച്ചത് പ്രതീക്ഷിച്ചതിന്റെ പകുതി മഴ മാത്രം
text_fieldsകോട്ടയം: ഇടവേളക്കുശേഷം കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും മഴ കനത്തെങ്കിലും അളവിലെ കുറവ് തുടരുന്നു. കാലവർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോൾ ജില്ലയിൽ ലഭിച്ചത് പ്രതീക്ഷിച്ചതിന്റെ പകുതിയോളം മഴ മാത്രം. ബുധനാഴ്ചവരെ 54 ശതമാനം മഴ പെയ്തതായാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. 1781.3 മില്ലിമീറ്റർ മഴയായിരുന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ പെയ്യേണ്ടിയിരുന്നത്.
എന്നാൽ, ബുധനാഴ്ചവരെ പെയ്തത് 974.3 മില്ലിമീറ്റർ മഴ മാത്രമാണ്; 44 ശതമാനത്തിന്റെ കുറവ്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30വരെ പെയ്യുന്ന മഴയെയാണ് കാലവർഷമായി കണക്കാക്കുന്നത്. അവശേഷിക്കുന്ന ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പൊന്നുമില്ലാത്തതിനാൽ കണക്കിൽ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നാണ് നിരീക്ഷകരുടെയും നിഗമനം.
കഴിഞ്ഞ വർഷം കാലവർഷക്കാലത്ത് മഴക്കുറവ് 15ശതമാനം മാത്രമായിരുന്നു. കാലവർഷത്തിന്റെ ആദ്യഘട്ടത്തിൽ മഴ കുറഞ്ഞെങ്കിലും ആഗസ്റ്റിൽ വലിയതോതിൽ മഴ പെയ്തിറങ്ങിയിരുന്നു. ഇതായിരുന്നു മഴക്കുറവ് നികത്തിയത്. ഇത്തവണ ആഗസ്റ്റിൽ ശരാശരിക്കും താഴെയായിരുന്നു മഴ. ഏതാനും ആഴ്ചകളായി ജില്ലയിൽ എല്ലാ ദിവസവും ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കിലും നീണ്ടുനിൽക്കുന്നില്ല. മേൽത്തട്ടിൽ നനവിന് മഴ കാരണമാകുമെങ്കിലും ജലസ്രോതസ്സുകളിൽ വെള്ളം വർധിക്കുന്നില്ല.
നദികളിലെ ജലനിരപ്പും ശരാശരിയിലാണ്. കിഴക്കൻ വെള്ളം ശക്തമായി ഒഴുകിയെത്താത്തതിനാൽ പടിഞ്ഞാറൻ ജലാശയങ്ങളിൽ പോള ശല്യവും രൂക്ഷമാണ്.തോണികൾ അടക്കമുള്ള ജലവാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് പോളകൾക്കിടയിലൂടെ കടന്നുപോകുന്നത്. മത്സ്യത്തൊഴിലാളികൾക്കും ഇത് തിരിച്ചടിയാണ്. ജലഗതാഗത വകുപ്പിന്റെ സർവിസുകൾക്കും പോള കല്ലുകടിയാകുന്നുണ്ട്.
ഇനി ജില്ലയുടെ മഴ പ്രതീക്ഷ തുലാവർഷത്തിലാണ്. ശക്തമായ തുലാവർഷം ഇക്കുറിയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് മലയോരമേഖലയിൽ ആശങ്കയും സൃഷ്ടിക്കുന്നു. കൂട്ടിക്കലിൽ വ്യാപക ഉരുൾപൊട്ടലിൽ വൻദുരന്തമുണ്ടായത് ഒക്ടോബറിലെ തുലാവർഷത്തിലാണ്. തുലാവർഷം സജീവമായാൽ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകുമെങ്കിലും കാർഷിക മേഖലയിൽ ഇത് വൻനാശം വിതക്കും. ഇത് കർഷകരെയടക്കം ആശങ്കയിലാഴ്ത്തുന്നുമുണ്ട്. ഏതാനും വർഷമായി കാലവർഷം ദുർബലമാകാറുണ്ടെങ്കിലും വേനൽ, തുലാമഴകൾ ശക്തമായി പെയ്തിരുന്നു. 2022 മാർച്ച് ഒന്ന് മുതൽ മേയ് 30വരെയുള്ള വേനൽ മഴക്കാലയളവിൽ നൂറുശതമാനത്തോളം അധിക മഴ പെയ്തിരുന്നു.
എന്നാൽ, ഇത്തവണ വേനൽമഴയും 24 ശതമാനം കുറഞ്ഞു. പിന്നാലെ കാലവർഷവും കുറയുന്നത് കുടിവെള്ളക്ഷാമത്തിനൊപ്പം കാർഷിക മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തുലാവർഷംകൂടി കനിഞ്ഞില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.