തെരുവുനായ് ഭീഷണി ഒഴിവാക്കാൻ പദ്ധതികളുമായി കോട്ടയം ജില്ല
text_fieldsകോട്ടയം: അടുത്തവർഷം മാർച്ചോടെ ജില്ലയെ തെരുവുനായ് ഭീഷണിയിൽനിന്ന് മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് കലക്ടർ വി. വിഘ്നേശ്വരി. തെരുവുനായ് നിയന്ത്രണം ലക്ഷ്യമിട്ടുള്ള എ.ബി.സി കേന്ദ്രങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് രൂപം നൽകാൻ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. പൂർണമായും വാക്സിനേഷൻ നടത്തി, വന്ധ്യംകരിച്ച്, മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന തരത്തിൽ പരിശീലനം നൽകി തെരുവുനായ് മുക്തമായ ജില്ലയാക്കി കോട്ടയത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും കലക്ടർ പറഞ്ഞു.
നിലവിലെ എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ സെന്റർ) കേന്ദ്രത്തിൽ ഷിഫ്റ്റുകളുടെ എണ്ണംകൂട്ടിയും എ.ബി.സി സെന്ററുകൾ വിപുലീകരിച്ചും പ്രതിദിനം 250 ശസ്ത്രക്രിയ നടത്തുകയാണ് ലക്ഷ്യം. സ്കൂൾ, കോളജ് വിദ്യാർഥികളടങ്ങുന്ന വളന്റിയർമാരുടെ ഗ്രൂപ് സൃഷ്ടിച്ച് അവർക്ക് പരിശീലനം നൽകി തെരുവുനായ്ക്കളോടുള്ള മനോഭാവം മാറ്റുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തും. ജൂലൈ 31ന് മുമ്പ് എല്ലാ തദ്ദേശസ്ഥാപനങ്ങളും തെരുവുനായ് നിയന്ത്രണ പദ്ധതികൾ പദ്ധതി പുനരവലോകനത്തിൽ സമർപ്പിക്കണം. എല്ലാ ഗ്രാമപഞ്ചായത്തിലും തെരുവുനായ്ക്കളെ സൂക്ഷിക്കുന്ന കൂടുകൾ ഒരുക്കണമെന്നും നിർദേശിച്ചു.
ആറുമാസത്തിനുള്ളിൽ എ.ബി.സി കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു.വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, അംഗങ്ങളായ പി.എം. മാത്യു, പി.ആർ. അനുപമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർ ബിനു ജോൺ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. എൻ. ജയദേവൻ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിജിമോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.