പാലരുവിയിൽ തിരക്ക്, വേണാടിൽ തിരക്കോട് തിരക്ക്; കാഴ്ചക്കാരായി കോട്ടയം യാത്രക്കാർ
text_fieldsകോട്ടയം: തീരാദുരിതമായി മാറി കോട്ടയം- എറണാകുളം ട്രെയിൻ യാത്ര. വെള്ളിയാഴ്ച പുലർച്ച 6.58നുള്ള പാലരുവിയിലെ തിരക്ക് കണ്ട് മടിച്ച് അടുത്ത ട്രെയിനിനായി കാത്തുനിന്നവരെ സ്വീകരിച്ചത് ഒന്നരമണിക്കൂറിന് ശേഷം ചവിട്ടുപടിവരെ തിങ്ങിനിറഞ്ഞെത്തിയ വേണാട്. ഇരുട്രെയിനിലും കയറിപ്പറ്റാൻ കഴിയാതെ യാത്രക്കാർ മടങ്ങുന്നത് ഇവിടെ സ്ഥിരം കാഴ്ച. മതിയായ ട്രെയിനുകളില്ലാത്തത് കോട്ടയം വഴിയുള്ള യാത്ര ദുരിതപൂർണമാക്കി കഴിഞ്ഞു. റെയിൽവേ ടൈം ടേബിൾ നോക്കി തൃശൂരിലേക്കും പാലക്കാടേക്കും പോകേണ്ടവർ രാവിലെ സ്റ്റേഷനിലെത്തിയ ശേഷം നിരാശരായി മടങ്ങുകയാണ്. പാലരുവിയിലും വേണാടിലും അൺ റിസർവ്ഡ് കോച്ചുകൾ കൂടുതലുള്ള വിശ്വാസത്തിലാണ് ജനറൽ ടിക്കറ്റ് എടുത്ത് അവർ പ്ലാറ്റ്ഫോമിലെത്തുന്നത്. എന്നാൽ കോട്ടയത്തിന് മുമ്പേ നിറഞ്ഞാണ് ഇരുട്രെയിനുകളും എത്തുന്നത്. സീസൺ യാത്രക്കാർ അതിസാഹസികമായി ജീവൻ പണയം വെച്ച് വാതിലിൽ തൂങ്ങി നിന്നാണ് ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. ഇതെല്ലാം കാണുമ്പോൾ പലരും യാത്ര മാറ്റിവെക്കുകയോ, ബസിനെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്.
ജനറൽ ടിക്കറ്റായത് കൊണ്ട് തന്നെ ക്യാൻസൽ ചെയ്യാനും സാധിക്കില്ല. പ്രായമായവരെയും കൊണ്ട് ഇവിടെ നിന്ന് ട്രെയിൻ യാത്ര സ്വപ്നം കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. പാലരുവി കടന്നുപോയാൽ ഒന്നരമണിക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനായ വേണാട് കോട്ടയമെത്തുന്നത്. ഈ ഇടവേളയാണ് ഇരുട്രെയിനുകളിലും തിരക്ക് വർധിപ്പിക്കുന്നത്. പാലരുവിക്കും വേണാടിനും ഇടയിൽ ഒരു മെമു സർവീസ് ആരംഭിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. വന്ദേഭാരത്, വന്ദേ മെട്രോ സർവിസുകളിൽ മാത്രമാണ് റെയിൽവേ ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നാണ് ആക്ഷേപം.
യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേക്ക് താൽപര്യമില്ല -യാത്രക്കാർ
കോട്ടയം: സാധാരണക്കാരന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിൽ റെയിൽവേ യാതൊരു താൽപര്യവും കാണിക്കുന്നില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം ആരോപിച്ചു. മെമു പാസഞ്ചർ സർവിസുകൾ കൊണ്ട് മാത്രമേ ഹാൾട്ട് സ്റ്റേഷൻ അടക്കമുള്ള യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകൂ. വീണ്ടും പ്രീമിയം ട്രെയിൻ അനുവദിക്കുന്നതിന് മുമ്പ് നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് യാത്രക്കാരനായ ശ്രീജിത്കുമാർ ആവശ്യപ്പെട്ടു.
തിരക്കേറിയ കോട്ടയം - എറണാകുളം പാതയിൽ വന്ദേമെട്രോ അവതരിപ്പിച്ച് വീണ്ടും യാത്രക്കാരെ കൊള്ളയടിക്കാനും വഴിയിൽ പിടിച്ചിടാനുമാണ് റെയിൽവേയുടെ നീക്കമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് കോട്ടയം സാക്ഷിയാകുമെന്നും പ്രീമിയം ട്രെയിനുകൾ ആവശ്യപ്പെടുന്ന ജനപ്രതിനിധികൾക്ക് അത് അപമാനകരമാകുമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അടിയന്തിരമായി മെമു സർവീസ് അനുവദിച്ച് തിരക്കിന് പരിഹാരം കാണണമെന്ന് സ്ത്രീയാത്രക്കാരായ കൃഷ്ണ മധു, അംബിക ദേവി, സനൂജ, സിമി ജ്യോതി എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.