കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖല കാട്ടാനപ്പേടിയിൽ
text_fieldsജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ മുണ്ടക്കയം, എരുമേലി, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ മൂന്നുവര്‍ഷമായി കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. പമ്പാവാലി, ഏയ്ഞ്ചല്‍വാലി, കാളകെട്ടി, പുഞ്ചവയല്‍, 504 കോളനി, പുലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞവര്‍ഷം 50 ഏക്കറിലെ കൃഷിയാണ് കാട്ടാനകള്‍ കശക്കിയെറിഞ്ഞത്. രാത്രി വന്‍ മരങ്ങള്‍ കടപുഴകി വീഴുന്ന ശബ്ദം കേട്ടാണ് ഗ്രാമവാസികള്‍ ഉണരുന്നത്. വീടിനുള്ളില്‍ ശ്വാസമടക്കിപിടിച്ച് ഭീതിയോടെ ഇരിക്കുകയും കാട്ടാനകള്‍ തിരികെ പോയതിന് ശേഷം മാത്രം വെളിയിലിറങ്ങുകയുമാണ് പതിവ്. കഴിഞ്ഞ ദിവസവും പെരുവന്താനം ചെന്നാപ്പാറയിലെ ജനവാസ കേന്ദ്രത്തിൽ ആനക്കൂട്ടമെത്തിയിരുന്നു.
കഴിഞ്ഞവർഷം ഇക്കാലയളവിൽ ആനയുടെ അക്രമത്തിൽ ശബരിമല തീർഥാടകന് ജീവനും നഷ്ടമായിരുന്നു. കാനന പാതവഴി ശബരിമല ദര്‍ശനത്തിനുപോയ കോയമ്പത്തൂര്‍ സ്വദേശി ബത്തിരപ്പനെയാണ്(58) കാട്ടാന ചവിട്ടിക്കൊന്നത്. പൂക്കുറ്റി താവളത്തില്‍ വ്യാപാര സ്ഥാപനത്തില്‍ വിരിവെച്ച് കിടന്നുറങ്ങുന്നതിനിെടയാണ് കാട്ടാന ആക്രമിച്ചത്. തീർഥാടന കാലത്ത് ജനവാസ മേഖലയിലെത്തുന്ന ആന താൽക്കാലിക കടകളിലെ പഞ്ചസാരയും മൈദയും ഭക്ഷിക്കുന്നതും പതിവാണ്. ശബരിമല വനം ഉൾപ്പെടുന്ന മേഖലയിൽ മുന്നൂറിലധികം കാട്ടാനകളുണ്ടെന്നാണ് കണക്ക്. ഇവയാണ് ജില്ലയുടെ മലയോരമേഖലകളിലേക്ക് എത്തുന്നത്.
പരിപാലനമില്ലാതെ സൗരോർജ വേലികൾ
വന്യമൃഗശല്യം തടയാൻ വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. കോട്ടയം ജില്ല പരിധിയിലെ 60 കിലോമീറ്ററോളം വനാതിർത്തികളിൽ ഇത്തരം വേലികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ, ഇതിെൻറ ബാറ്ററികളുടെ ശേഷി കുറവായതിനാൽ വേണ്ടത്ര ഗുണം ലഭിക്കുന്നില്ല. നിലവിൽ രണ്ട് മുതൽ രണ്ടര കിലോമീറ്റർ ഭാഗത്തേക്കായാണ് ബാറ്ററി സ്ഥാപിക്കുന്നത്. ഇത് വൈദ്യുതി പ്രവാഹത്തിന് ശക്തി കുറക്കുന്നു. ബാറ്ററി പെെട്ടന്ന് കേടാകാൻ സാധ്യതയും ഇതിലൂടെ കൂടുതലാണ്. ഇതിനുപരിഹാരമായി ഒന്ന് മുതൽ ഒന്നര കിലോമീറ്റർ വരെയുള്ള ദൂരത്തിൽ ബാറ്ററി സ്ഥാപിക്കാനുള്ള നടപടി വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ ഇഴഞ്ഞുനീങ്ങുകയാണ്.
സോളാർ വേലികളിലേക്ക് വളർന്ന് നിൽക്കുന്ന കാടുകൾ തെളിച്ച് പരിപാലനം നടത്താതിനാൽ വേലിയുടെ പ്രയോജനം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കാടുകൾ വളർന്നു നിൽക്കുന്നതുവഴി വേലിയിലുള്ള വൈദ്യുതിയുടെ ശക്തി നഷ്ടപ്പെടുകയും ബാറ്ററി ചാർജ് നഷ്ടപ്പെട്ട് എളുപ്പത്തിൽ കേടാകുകയും ചെയ്യുന്നതായി വനസംരക്ഷണ സമിതി പ്രസിഡൻറ് എം.എസ്. സതീഷ് പറഞ്ഞു. പഞ്ചായത്തുമായി ചേർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലനം നടത്തുന്നതുവഴി ഇവയുടെ സംരക്ഷണം ഉറപ്പുവരുന്നതോടൊപ്പം തൊഴിൽ രഹിതർക്ക് തൊഴിൽ നൽകാനും കഴിയുമെന്ന് അദ്ദേഹം പറയുന്നു.
വേലികൾ നോക്കുകുത്തികളാകുേമ്പാൾ നാട്ടില്‍ ഇറങ്ങുന്ന ആനകളെ തുരത്തി കൃഷിയിടങ്ങള്‍ രക്ഷിക്കാന്‍ ആകെയുള്ള മാത്രം ഒച്ചയുണ്ടാക്കുകയെന്നതാണ്. പടക്കം പൊട്ടിച്ചും ഭീതിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇതുകൊണ്ട് പലപ്പോഴും ആനകൾ കാട്ടിേലക്ക് മടങ്ങാറില്ല. ചക്ക പഴുക്കുന്ന കാലത്താണ് ആനകള്‍ കൂടുതലായി നാട്ടില്‍ ഇറങ്ങുന്നത്. ആനകള്‍ കാടിറങ്ങി പുഴകടന്ന് എത്തിയാല്‍ ആദ്യം ചെയ്യുന്നത് വന്‍ മരങ്ങള്‍ കുത്തിമറിച്ച് ഇടുകയെന്നതാണ്. ഇതിനാല്‍ വനാതിര്‍ത്തിയിലുള്ള മരങ്ങളില്‍ പലകയില്‍ വലിയ ആണികള്‍ അടിച്ച് കെട്ടിെവക്കുകയും ആനകള്‍ മരത്തില്‍ കുത്തുമ്പോള്‍ ആണികള്‍ കൊള്ളുന്നതിനെ തുടര്‍ന്ന് പിന്തിരിഞ്ഞ് പോകാറുമുണ്ട്. ഇത്തരത്തില്‍ ചെറിയ നാടന്‍ നുറുങ്ങുകള്‍ മാത്രമേ ആനയെ തുരത്താന്‍ നിലവിലുള്ളൂ. കിടങ്ങുകള്‍ നിർമിച്ച പ്രദേശങ്ങളില്‍ ഇത് ഇടിച്ചുനികത്തി കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടങ്ങളിലെത്തുന്നു.
നേരത്തേ ആനയെ മാത്രം പേടിച്ചാൽ മതിയായിരുന്നെങ്കിൽ ഇപ്പോൾ നിരവധി കാട്ടുമൃഗങ്ങളാണ് നാട്ടിൻപുറങ്ങളിലേക്കെത്തുന്നത്. നഗര അതിർത്തികളിൽവരെ കാട്ടുപന്നികൾ എത്തുന്നു. അതിനേക്കുറിച്ച് നാളെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.