കോട്ടയത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്ക് നമ്പറായി
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ഥലബോർഡിനൊപ്പം ഇനി നമ്പറും. ഒരോ സ്ഥലങ്ങൾക്കും പ്രത്യേക നമ്പർ നിശ്ചയിച്ച് അവയാണ് ബസുകളിൽ പതിക്കുന്നത്.
നമ്പർ നോക്കി ഏത് സ്ഥലത്തേക്കുള്ള ബസാണെന്ന് മനസ്സിലാക്കാൻ കഴിയും. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ബസുകളുടെ മാതൃകയിലാണ് ‘ഡെസ്റ്റിനേഷൻ നമ്പറുകൾ’ സംവിധാനം കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്.
ബസുകളിലെ ബോർഡുകൾ വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ഭാഷ അറിയാത്തവർക്കുമായാണ് നമ്പർ സംവിധാനം. ഇതരസംസ്ഥാനക്കാർ വലിയതോതിൽ ബസുകളെ ആശ്രയിക്കുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് തീരുമാനം.
എന്നാൽ, ബോർഡ് എഴുതുന്ന സമ്പ്രദായത്തിന് മാറ്റമൊന്നുമുണ്ടാകില്ല.
ബോർഡിനൊപ്പം ഡെസ്റ്റിനേഷൻ നമ്പർകൂടി ചേർക്കുകയാണ് ചെയ്യുന്നതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ഉടൻ തന്നെ ദീർഘദൂര ബസുകളുടെ ബോർഡുകളിൽ നമ്പർ ചേർത്ത് തുടങ്ങുമെന്നും ഇവർ അറിയിച്ചു.
ജില്ലക്കും ഡിപ്പോകൾക്കും പ്രത്യേകം കോഡുകളുണ്ടാകും. കെ.ടി എന്നാണ് ജില്ലയുടെ കോഡ്. ഇതിനൊപ്പം ഡിപ്പോയുടെ നമ്പർ കൂടി ചേർക്കും. കോട്ടയം ഡിപ്പോയുടെ കോഡ് അഞ്ചാണ്. മറ്റ് ജില്ലകളിൽനിന്ന് കോട്ടയം ഡിപ്പോയിൽ അവസാനിക്കുന്ന ബസുകളുടെ നമ്പർ കെ.ടി അഞ്ച് എന്നായിരിക്കും.
ബസിന്റെ ലക്ഷ്യസ്ഥാനം ഏതാണോ അവിടുത്തെ കോഡ് നമ്പറാകും ബസിലുണ്ടാകുക. കോട്ടയത്തുനിന്ന് തൃശൂരിലേക്കുള്ള ബസാണെങ്കിൽ, തൃശൂരിന്റെ ചുരുക്കമായ ടി.എസും കോഡായ എട്ടും ചേർത്ത് ടി.എസ് എട്ട് എന്നായിരിക്കും ബസിന്റെ ഡെസ്റ്റിനേഷൻ നമ്പർ. ദീർഘദൂര ബസുകൾക്കാണ് ആദ്യം നമ്പർ നൽകുക.
ജില്ലയിലെ മറ്റ് ഡിപ്പോകൾക്കും ഇത്തരത്തിൽ നമ്പറായിട്ടുണ്ട്. ചങ്ങനാശ്ശേരി -52, പൊൻകുന്നം -53, ഈരാറ്റുപേട്ട -54, പാലാ -55, വൈക്കം -56, എരുമേലി -59 എന്നിങ്ങനെയാണ് നമ്പറുരുകൾ. ജില്ലക്കുള്ളിൽ സർവിസ് നടത്തുന്ന ബസാണെങ്കിൽ ഈ നമ്പർ മാത്രമേ ഉൾപ്പെടുത്തൂ. ജില്ലയുടെ കോഡ് ഉണ്ടാകില്ല. പുറത്തുനിന്നുള്ള ബസുകൾക്കാണ് ജില്ലയുടെ കോഡുകൂടി ഉൾപ്പെടുത്തുക.
കോട്ടയം മെഡിക്കൽ കോളജിന്റെ കോഡ് 108
റെയിൽവേ സ്റ്റേഷൻ, മെഡിക്കൽ കോളജ്, കലക്ടറേറ്റ്, വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയവക്കും പ്രത്യേക നമ്പറുകളുണ്ടാകും. ഈ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ബസുകളിൽ ഇത് അടയാളപ്പെടുത്തും. കോട്ടയം മെഡിക്കൽ കോളജിന്റെ കോഡ് 108 ആണ്.
യാത്രക്കാർക്കായി കോഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ എല്ലാ ഡിപ്പോയിലും യൂനിറ്റുകളിലും പ്രദർശിപ്പിക്കും. കൂടാതെ കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലും വിവരം ഉൾപ്പെടുത്തും. തിരുവനന്തപുരം സിറ്റി സർവിസുകളിൽ ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.