കോട്ടയം കെ.എസ്.ആർ.ടി.സി ഗാരേജ്; അധികൃതർ വാക്കുപാലിച്ചില്ല, ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സി ഡിപ്പോ ഗാരേജിലെ വൃത്തിഹീനമായ സാഹചര്യത്തിൽ ജോലിചെയ്യുന്നത് ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മെക്കാനിക്കൽ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. കെ.എസ്.ടി.ഇ.എസ് (ബി.എം.എസ്) കോട്ടയം യൂനിറ്റിന്റെ നേതൃത്വത്തിലാണ് ജീവനക്കാർ പ്രക്ഷോഭത്തിന് ആഹ്വാനംചെയ്തിരിക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് ഗാരേജിലെ റാമ്പുകളിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് മെക്കാനിക്കൽ ജോലികൾ തടസ്സപ്പെട്ടത്. തറയിൽ കെട്ടിനിന്ന വെള്ളത്തിൽ ജോലിചെയ്തിരുന്ന തൊഴിലാളിക്ക് ഡെങ്കിപ്പനി പിടിപെടുകയും ഇലക്ട്രിക് വയറിൽനിന്ന് ഷോക്കേൽക്കുകയും ചെയ്തിരുന്നു.
മലിനജലം നിറഞ്ഞ ഗാരേജിൽ ജോലിചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ ഈമാസം 30നകം ബുദ്ധിമുട്ട് നീക്കുമെന്ന് ഡി.ടി.ഒ, മെക്കാനിക്കൽ വിഭാഗം ഡിപ്പോ എൻജിനീയർ തുടങ്ങിയവർ ജീവനക്കാർക്ക് വാക്ക് നൽകിയിരുന്നു. എന്നാൽ, അധികൃതർ പറഞ്ഞ സമയത്തിന് ശേഷവും ജോലിസ്ഥലത്ത് തങ്ങളുടെ ബുദ്ധിമുട്ട് തുടരുകയാണെന്ന് ജീവനക്കാർ പറയുന്നു.
തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ വാർത്തകളിൽ നിറഞ്ഞതോടെ ഉന്നതതല സംഘം ഗാരേജിൽ പരിശോധന നടത്തിയിരുന്നു. ഡിപ്പോയിലേക്ക് ഒഴുകിവരുന്നത് മലിനജലമല്ലെന്നും ജീവനക്കാരന് ഷോക്കേറ്റത് വസ്തുതാവിരുദ്ധവുമാണെന്നാണ് ഉന്നതതല സംഘം റിപ്പോർട്ട് നൽകിയത്. ഇതിനെതിരെ പരാതിയുമായി ജീവനക്കാർ ഡി.ടി.ഒയെ സമീപിച്ചിരുന്നു.
ജോലിചെയ്യാൻ വൃത്തിയുള്ള സാഹചര്യം ഒരുക്കുക, ഉപകരണങ്ങളിൽനിന്ന് ഷോക്കേൽക്കുന്നതിന് പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെയും ഗാരേജിന്റെയും ശോച്യാവസ്ഥക്ക് പരിഹാരം തേടി വ്യാഴാഴ്ച തിരുവനന്തപുരത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ഡി.ടി.ഒ, മെക്കാനിക്കൽ വിഭാഗം ഡിപ്പോ എൻജിനീയർ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.