കോട്ടയം മെഡിക്കൽ കോളജ്; ജോലിയിൽ പ്രവേശിച്ചതിനുപിന്നാലെ പി.ആർ.ഒയെ പിരിച്ചുവിട്ടു
text_fieldsകോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പി.ആർ.ഒയായി ജോലിയിൽ പ്രവേശിച്ച യുവതിയെ മണിക്കൂറുകൾക്കുള്ളിൽ പിരിച്ചുവിട്ടു. ഇവർ ഇന്റർവ്യൂവിന് പങ്കെടുക്കാൻ ഹാജരാക്കിയ അധികൃതരുടെ അറിയിപ്പ് (കത്ത്) വ്യാജമാണെന്ന സംശയത്തിലാണ് നടപടിയെന്നാണ് സൂചന.
ഏറ്റുമാനൂർ പേരൂർ സ്വദേശിയായ യുവതിയെയാണ് ജോലിയിൽ പ്രവേശിച്ച ഉടൻ പിരിച്ചുവിട്ടത്. ആറുമാസമായി ഇവർ പി.ആർ.ഒ ട്രെയിനിയായി ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളജ് ഓഫിസിൽനിന്ന് ജനുവരി ആറിന് നടക്കുന്ന പി.ആർ.ഒ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് കാണിച്ച് ഇവർക്ക് അറിയിപ്പ് ലഭിച്ചതായി പറയുന്നു.
ഇതനുസരിച്ച് യുവതി പങ്കെടുക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ പ്രവേശിച്ച ശേഷം യുവതിയുടെ സീനിയോരിറ്റി സംബന്ധിച്ച് ആശുപത്രി അധികൃതർക്ക് സംശയമുണ്ടായി.
തുടർന്ന് പരിശോധനക്കുശേഷം ഇവരെ പിരിച്ചുവിടുകയായിരുന്നു.മെഡിക്കൽ കോളജിലെ പി.ആർ.ഒ ഒഴിവിലേക്ക് എറണാകുളം പ്രഫഷനൽ എംപ്ലോയ്മെന്റ് ഓഫിസിൽ രജിസ്റ്റർ ചെയ്തവരെയാണ് നിയമിക്കുന്നത്.
ഒഴിവ് സംബന്ധിച്ച അറിയിപ്പ് ആശുപത്രി അധികൃതർ പ്രഫഷനൽ എംപ്ലോയ്മെന്റിന് കൈമാറും. ഇവർ സീനിയോറിറ്റി അനുസരിച്ച് ഉദ്യോഗാർഥികളുടെ പട്ടിക നൽകും.
ഈ പട്ടിക അനുസരിച്ചാണ് ഉദ്യോഗാർഥികളെ ഇന്റർവ്യൂന് ക്ഷണിക്കുന്നത്. എന്നാൽ, പിരിച്ചുവിട്ട യുവതിയുടെ കാര്യത്തിൽ ഇത്തരത്തിലുള്ള പട്ടിക എംപ്ലോയ്മെന്റ് ഓഫിസിൽനിന്ന് എത്തുകയോ, മെഡിക്കൽ കോളജ് എച്ച്.ഡി.സി ഓഫിസിൽനിന്ന് യുവതിക്ക് ഇന്റർവ്യൂനുള്ള അറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ലെന്ന് പറയപ്പെടുന്നു.
എന്നാൽ, തനിക്ക് മെഡിക്കൽ കോളജ് എച്ച്.ഡി.സി ഓഫിസിൽനിന്നാണ് അറിയിപ്പ് വന്നതെന്നും തുടർന്നാണ് ഇന്റർവ്യൂവിൽ പങ്കെടുത്തതെന്ന് യുവതിയും പറയുന്നു.
ഇതോടെ വിഷയത്തിൽ ദുരൂഹത വർധിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ആശുപത്രി അധികൃതർക്ക് യുവതി പരാതി നൽകിയതായും വിവരമുണ്ട്. ഇക്കാര്യത്തിൽ ആശുപത്രി അധികൃതരോ യുവതിയോ പ്രതികരിക്കാൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.