കോട്ടയം മെഡിക്കൽ കോളജ് അനധികൃതമായി തടി കടത്തി; ഒടുവിൽ തിരികെയെത്തിച്ച് തലയൂരൽ
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽനിന്ന് അനധികൃതമായി ടൺ കണക്കിന് തടികൾ കടത്തി. മെഡിക്കൽ കോളജ് അധികൃതർ ഇടപെട്ടതോടെ തടികൾ തിരികെയെത്തിച്ച് കരാറുകാരന്റെ തലയൂരൽ.
പുതിയ കെട്ടിടം നിർമിക്കാൻ കുട്ടികളുടെ ആശുപത്രി പരിസരത്തെ മരങ്ങളാണ് വനംവകുപ്പ് അനുമതിയോടെ വെട്ടിമാറ്റിയത്. വെട്ടിയ മരത്തടികൾ ആശുപത്രി വളപ്പിൽ തന്നെ ഇടണമെന്നായിരുന്നു കരാർ. എന്നാൽ, വെട്ടിയിട്ട ടൺകണക്കിന് മരങ്ങൾ വ്യാഴാഴ്ച കരാറുകാരൻ അനധികൃതമായി ലോറിയിൽ കയറ്റിക്കൊണ്ടുപോയി.
ഇത് ശ്രദ്ധയിൽപ്പെട്ട കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് പ്രിൻസിപ്പലിനെയും പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം മേധാവിയെയും വിവരം അറിയിച്ചു. ഇവർ പൊലീസിലും അറിയിച്ചു. വിഷയത്തിൽ ഇടപെട്ട പൊലീസ് കരാറുകാരോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ തെറ്റുപറ്റിയതാണെന്നും മേലിൽ ആവർത്തിക്കില്ലെന്നും കൊണ്ടുപോയ തടികൾ മുഴുവൻ തിരികെ കൊണ്ടുവന്ന് കോമ്പൗണ്ടിൽ ഇടാമെന്നും കരാറുകാർ ഉറപ്പുനൽകി. പിന്നാലെ തടികൾ ആശുപത്രി കോമ്പൗണ്ടിൽ എത്തിച്ചു. കൊണ്ടുപോയ തടികൾ മുഴുവൻ തിരികെ കൊണ്ടുവന്നിട്ടുണ്ടോയെന്ന് പരിശോധന നടത്തുവാൻ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മോഷണശ്രമത്തിന് പൊലീസിൽ പരാതി നൽകുമെന്നും പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.