മെഡിക്കൽ കോളജ്; ഭൂഗർഭപാത തുറന്നു
text_fieldsഗാന്ധിനഗർ: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 30,000 കിലോമീറ്റർ വരുന്ന റോഡുകളിൽ 16,000 കിലോമീറ്ററും ബി.എം ബി.സി നിലവാരത്തിൽ നവീകരിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അപകടരഹിതമായി റോഡ് കുറുകെ കടക്കാൻ 1.30 കോടി ചെലവിട്ട് പൊതുമരാമത്ത് നിർമിച്ച ഭൂഗർഭ അടിപ്പാത ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറുവരിയിൽ നിർമിക്കുന്ന ദേശീയപാതയുടെ നിർമാണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനം ചെയ്തു അടിപ്പാത മന്ത്രി നാടിന് സമർപ്പിച്ചു. മെഡിക്കൽ കോളജ് ഒ.പി കെട്ടിടത്തിലേക്ക് മഴ നനയാതെ പ്രവേശിക്കുന്നതിന് മേൽക്കൂര നിർമിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് വാസവൻ പറഞ്ഞു.
അഞ്ച് എം.എൽ.ഡി ശേഷിയുള്ള ദ്രവമാലിന്യ സംസ്കരണ പ്ലാന്റിന് 82 കോടിയുടെ ഭരണാനുമതി ഉടൻ ലഭിക്കും. അഞ്ചു കോടി ചെലവിട്ട് ചീപ്പുങ്കൽ-മണിയാപറമ്പ് റോഡിന്റെ ടാറിങ് ഉടൻ ആരംഭിക്കും. ഏറ്റുമാനൂർ സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം നവംബറിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയായി. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എൻജിനീയർ കെ. ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കലക്ടർ ജോൺ വി. സാമുവൽ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, ജില്ല പഞ്ചായത്ത് അംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, ഗ്രാമപഞ്ചായത്ത് അംഗം അരുൺ കെ. ഫിലിപ്പ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ടി.കെ. ജയകുമാർ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി. ജയപ്രകാശ്, ഡി.സി.എച്ച് പ്രസിഡന്റ് സി.ജെ. ജോസഫ്, അലുമ്നി അസോ. പ്രസിഡന്റ് ഡോ. ജോസ് ടോം, കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത്, കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, ആർപ്പൂക്കര സർവിസ് സഹ.ബാങ്ക് പ്രസിഡന്റ് കെ.കെ. ഹരിക്കുട്ടൻ, സ്വാഗതസംഘം കൺവീനർ കെ.എൻ. വേണുഗോപാൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ബിനു ബോസ്, സോബിൻ തെക്കേടം, ജോസ് ഇടവഴിക്കൽ, പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസി. എക്സി. എൻജിനീയർ പി.ബി. വിമൽ തുടങ്ങിയവർ സംസാരിച്ചു.
മെഡിക്കൽ കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1981 എം.ബി.ബി.എസ് ബാച്ച് 22 ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. മാലിന്യശേഖരണത്തിന് വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫും നിർവഹിച്ചു.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി അടിപ്പാത
ഗാന്ധിനഗർ: സർക്കാറിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നിർമിച്ച അടിപ്പാത മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി. ഏറ്റുമാനൂർ മണ്ഡലവികസനവുമായി ബന്ധപ്പെട്ടു നടന്ന ആദ്യ ശിൽപശാലയിൽ സ്ഥലം എം.എൽ.എയായ മന്ത്രി വി.എൻ. വാസവനാണ് മെഡിക്കൽ കോളജിലേക്ക് സുരക്ഷിതമായി കടക്കാൻ അടിപ്പാത എന്ന ആശയം മുന്നോട്ടുവെച്ചത്. തുടർന്ന് 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ 129.80 ലക്ഷം രൂപ അടിപ്പാത നിർമാണത്തിനായി വകയിരുത്തി. ആറുമാസംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. അഞ്ചുവർഷമാണ് പരിപാലന കാലാവധി.
അടിപ്പാതക്ക് 18 മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുണ്ട്. ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന നടപ്പാതയിൽകൂടി ആഗമന കവാടം വഴി ഭൂഗർഭ പാതയിൽ പ്രവേശിച്ച് മെഡിക്കൽ കോളജ് കോമ്പൗണ്ടിലേക്ക് എത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.