ഫണ്ടില്ല: കോട്ടയം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലാക്കി സാമ്പത്തിക പ്രതിസന്ധി. കോടിക്കണക്കിന് രൂപയാണ് ശസ്ത്രക്രിയ അനുബന്ധ ഉപകരണങ്ങൾ വാങ്ങിയ ഇനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് മെഡിക്കൽകോളജ് അധികൃതർ നൽകാനുള്ളത്. മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ശസ്ത്രക്രിയ ഉപകരണ സ്ഥാപനത്തിന് മാത്രം 10 കോടിയാണ് നൽകാനുള്ളത്. സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് പ്രതിസന്ധിയാകുന്നത്. മൂന്നുമാസം കൂടുമ്പോൾ നൽകിയിരുന്ന ഫണ്ട് ഒന്നരവർഷം പിന്നിട്ടിട്ടും ലഭിക്കാത്തതിനാൽ വട്ടം തിരിയുകയാണ് മെഡിക്കൽ കോളേജ് അധികൃതർ.
നേരത്തേ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും വാങ്ങിയ ഇനത്തിലുള്ള കടബാധ്യത പരിഹരിക്കാൻ 200 കോടി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തുടർനടപടിയൊന്നുമുണ്ടായില്ല. സാധാരണ കാരുണ്യ ആരോഗ്യ സുരക്ഷ ഇൻഷുറൻസ് പദ്ധതിക്കായി അനുവദിക്കുന്ന തുകയാണ് കുടിശ്ശിക തീർക്കാൻ ഉപയോഗിച്ചിരുന്നത്.
എന്നാൽ, ഇപ്പോൾ ഈ തുക വകമാറ്റി എച്ച്.ഡി.എസ് ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനാണ് ഉപയോഗിക്കുന്നത്. ഫണ്ട് ലഭ്യമല്ലാത്തതിനാൽ ഡിസംബർ മാസത്തിലെ ശമ്പളം കൊടുക്കാനും കഴിഞ്ഞിട്ടില്ല.
ആശുപത്രി അധികൃതർ ഫണ്ട് ലഭ്യമാക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും സർക്കാർ ഇതുവരെ കനിഞ്ഞിട്ടില്ല. പണം നൽകാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങൾ ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങൾ നൽകുന്നുമില്ല. ഹൃദയ ശസ്ത്രക്രിയകൾ അടക്കം മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണെന്ന് ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.