ഓണസമ്മാനമായി മെഡിക്കൽ കോളജ് ഭൂഗർഭപാത ഈ മാസം തുറക്കും
text_fieldsകോട്ടയം: കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള ഭൂഗർഭപാത ഈ മാസം തുറക്കും. മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിൽനിന്ന് ആശുപത്രിയിലേക്ക് നിർമിക്കുന്ന ഭൂഗർഭ പാതയുടെ നിർമാണം പൂർത്തിയായതായും ഈ മാസം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1.29 കോടി ചെലവിലായിരുന്നു നിർമാണം. പ്രവൃത്തിയുടെ പരിപാലന കാലാവധി അഞ്ച് വർഷമാണ്. 18 മീറ്റർ നീളത്തിലും അഞ്ചു മീറ്റർ വീതിയിലും 3.5 മീറ്റർ ഉയരത്തിലുമാണ് പാത. ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്നവർക്ക് തിരക്കേറിയ റോഡ് കുറുകെ കടക്കാതെ ഭൂഗർഭ പാതയിലൂടെ മെഡിക്കൽ കോളജിലേക്ക് എത്താമെന്നും അദ്ദേഹം പറഞ്ഞു.
നീണ്ടൂർ-കുറുപ്പന്തറ റോഡിന്റെ നീണ്ടൂർ പ്ലാസ ജങ്ഷനിൽനിന്ന് ആരംഭിച്ച് കുറുപ്പന്തറ വരെയുള്ള പ്രധാന റോഡിന്റെ 4.5 കിലോമീറ്റർ ഭാഗത്തെ നിർമാണം പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു. വെള്ളക്കെട്ട് മൂലം പൂർണമായി തകർന്നു കിടന്നതുമായ ആറ് സ്ഥലങ്ങളിൽ റോഡ് ഉയർത്തിയതിനു ശേഷമാണ് ടാറിങ് നടത്തിയിട്ടുള്ളത്.
അതിരമ്പുഴ ജങ്ഷൻ നവീകരണോദ്ഘാടനം 17ന്
പുനർനിർമിച്ച അതിരമ്പുഴ ജങ്ഷന്റെയും അതിരമ്പുഴ-ആറ്റുകാരൻ കവല, ഹോളി ക്രോസ് റോഡുകളുടെയും ഉദ്ഘാടനം സെപ്റ്റംബർ 17ന് നടക്കുമെന്നും വി.എൻ. വാസവൻ പറഞ്ഞു.
ആറ് മീറ്റർ വീതിയുണ്ടായിരുന്ന ജങ്ഷൻ 18 മീറ്റർ വീതിയിലും 400 മീറ്ററോളം നീളത്തിലുമാണ് നവീകരിച്ചത്. റോഡിന്റെ ഇരുവശത്തും ഭൂമി ഏറ്റെടുത്ത്, കെട്ടിടങ്ങൾ നീക്കിയാണ് പുനർനിർമാണം നടത്തിയത്. 8.81 കോടി ചെലവഴിച്ചായിരുന്നു നിർമാണം. പ്രവൃത്തിയുടെ പരിപാലന കാലാവധി മൂന്നു വർഷമാണ്.
അതിരമ്പുഴ ജങ്ഷനെയും ഏറ്റുമാനൂർ-വെച്ചൂർ റോഡിനെയും ബന്ധിപ്പിക്കുന്ന അതിരമ്പുഴ-ആട്ടുകാരൻ കവല റോഡ് ബി.എം ബി.സി നിലവാരത്തിലാണ് ടാറിങ് നടത്തിയിരിക്കുന്നത്. എം.സി റോഡിനെയും പഴയ എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന ഏറ്റുമാനൂർ നഗരസഭയിലെ പ്രധാന ലിങ്ക് റോഡായ ഹോളി ക്രോസ് റോഡും ബി.എംബി.സി നിലവാരത്തിലാണ് പൂർത്തീകരിച്ചത്. ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ കെട്ടിടത്തിനായി മണ്ണുപരിശോധന പൂർത്തീകരിച്ച് റിപ്പോർട്ട് ലഭ്യമായതായും വി.എൻ. വാസവൻ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി.എൻജിനീയർ കെ. ജോസ് രാജൻ, നഗരസഭ അംഗം ഇ.എസ്. ബിജു, കെ.എൻ. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്ക് മന്ത്രിസഭ അനുമതി
ഏറ്റുമാനൂർ നഗരസഭയിലും ഇതിനോടു ചേർന്നുള്ള അതിരമ്പുഴ, കാണക്കാരി പഞ്ചായത്തുകളിലെ വാർഡുകളിലും കുടിവെള്ളം എത്തിക്കാനുള്ള ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്ക് മന്ത്രിസഭ യോഗം അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.
കിഫ്ബി മുഖേന 93.22 കോടി ചെലവിലാണ് പദ്ധതി യാഥാർഥ്യമാകുക. രണ്ടാംഘട്ടമായി 73.38 കോടിയുടെ നിർമാണ പ്രവൃത്തികൾക്കാണ് മന്ത്രിസഭ അനുമതി നൽകിയത്. ഇതോടെ ദീർഘകാലമായി സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങിയ പദ്ധതിപ്രവർത്തനങ്ങൾക്കാണ് പരിഹാരമാകുന്നത്.
22 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയും നേതാജി നഗറിൽ 16 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണിയും 20 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണിയുമാണ് നിർമിക്കുന്നത്.
കച്ചേരിക്കുന്ന്, കട്ടച്ചിറ എന്നിവിടങ്ങളിലാണ് ടാങ്ക് നിർമിക്കുക. ഇതിന്റെ ടെൻഡർ നടപടി പൂർത്തീകരിച്ച് നിർമാണപ്രവർത്തനങ്ങളിലേക്ക് കടന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.