കുടിവെള്ളം; നഗരസഭയ്ക്ക് ചെലവ് കോടികൾ; വെള്ളക്കരം കുടിശ്ശിക 7.34 കോടി
text_fieldsകോട്ടയം: മുനിസിപ്പൽ പരിധിയിലെ പൊതുടാപ്പുകളുടെ വെള്ളക്കരം കുടിശ്ശിക 7.34 കോടി. 2024 മാർച്ച് വരെയുള്ള കണക്കാണിത്. കുടിശ്ശിക ഒഴിവാക്കിത്തരാൻ ജലഅതോറിറ്റി അധികൃതർക്ക് കത്തയക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കോട്ടയം മെയിൻ ഓഫിസ് പരിധിയിൽ 452 പൊതുടാപ്പുകൾക്കായി 1.20 കോടി, കുമാരനല്ലൂരിൽ 161 പൊതുടാപ്പുകൾക്കായി 1.76 കോടി, നാട്ടകത്ത് 176 ടാപ്പുകൾക്കായി 4.37 കോടി എന്നിങ്ങനെയാണ് കുടിശ്ശികയുള്ളത്.
തുക ആവശ്യപ്പെട്ട് ജലഅതോറിറ്റി നഗരസഭക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, നിരവധി തവണ കത്ത് നൽകിയിട്ടും ഉപയോഗ ശൂന്യമായ ടാപ്പുകൾ ഒഴിവാക്കാൻ സംയുക്ത പരിശോധനക്ക് ജലഅതോറിറ്റി തയാറായിട്ടില്ല. പരിശോധന നടത്തി എണ്ണം കൃത്യമാക്കിയ ശേഷം മാത്രമേ തുക അടക്കൂ എന്നായിരുന്നു ഇതുവരെ മുനിസിപ്പാലിറ്റി നിലപാട്.
റവന്യൂ റിക്കവറി 39.98 ലക്ഷം
വാടകക്കാർ കുടിശ്ശിക അടക്കാത്തതിനാൽ നഗരസഭ ഒടുക്കേണ്ടത് 39.98 ലക്ഷം രൂപ. റവന്യൂ റിക്കവറി നേരിടുന്ന ഈ വാട്ടർ കണക്ഷനുകളുടെ തുക അടിയന്തരമായി അടക്കാൻ ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റിക്ക് നോട്ടീസ്. സെക്രട്ടറിയുടെ പേരിലുള്ള 15 കെട്ടിടങ്ങളിലാണ് തുക കുടിശ്ശികയായിട്ടുള്ളത്. നിലവിലെ പരിശോധനയിൽ ഈ കണക്ഷനുള്ള പല കെട്ടിടങ്ങളും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് സെക്രട്ടറി അറിയിച്ചു. ചിലത് പൊളിച്ചുമാറ്റപ്പെട്ടതും ഉപയോഗശൂന്യമായതുമാണ്.
ഫെബ്രുവരിയിൽ കലക്ടറുടെ ചേംബറിൽ കൂടിയ യോഗത്തിൽ റവന്യൂ റിക്കവറി നടപടിയുമായി മുന്നോട്ടുപോകാനും നഗരസഭ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നുമാണ് നിർദേശം. റവന്യൂ റിക്കവറി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് കത്തയക്കാമെന്നും തുടർന്ന് കെട്ടിടത്തിന്റെ വാടക കരാർ പരിശോധിച്ച് കുടിശ്ശിക വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കാമെന്നും സെക്രട്ടറി അറിയിച്ചു.
അമൃതിന് വേണം 2.60 കോടി കൂടി
മുനിസിപ്പാലിറ്റിയിൽ അമൃത് 2.0 കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് ടെൻഡറിൽ വെച്ചതിനേക്കാൾ 2.60 കോടികൂടി വേണം. അധിക തുകക്ക് അംഗീകാരം നൽകാനാവില്ലെന്നും പുതുക്കിയ എസ്റ്റിമേറ്റിന് മാത്രം അംഗീകാരം നൽകാനും കൗൺസിൽ തീരുമാനിച്ചു. കോട്ടയം പഴയ മുനിസിപ്പൽ ഏരിയ, നാട്ടകം, കുമാരനല്ലൂർ എന്നിവിടങ്ങളിലായി മൂന്ന് പ്രവൃത്തികളായാണ് പദ്ധതി നടപ്പാക്കുന്നത്.
നാട്ടകത്ത് 52 ലക്ഷം, കുമാരനല്ലൂരിൽ 37 ലക്ഷം, പഴയ മുനിസിപ്പൽ ഏരിയയിൽ 1.30 കോടി എന്നിങ്ങനെയാണ് തുക അധികം വേണ്ടത്. ഇതിൽ പഴയ മുനിസിപ്പൽ ഏരിയയിൽ തുക ചെലവഴിക്കുന്നതിനാണ് കൗൺസിൽ അനുമതി തേടിയത്. പകുതി തുക നഗരസഭയും പകുതി തുക സംസ്ഥാനവുമാണ് വഹിക്കേണ്ടത്. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാമെന്നും തുക നൽകുന്നത് പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം മാത്രം മതിയെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പിലെ വീഴ്ചകൾ കൗൺസിലർമാർ ഉന്നയിച്ചു. നിലവിലെ പ്രവൃത്തികൾ 31നകം പൂർത്തീകരിക്കാമെന്ന് ജലഅതോറിറ്റി പ്രതിനിധികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.