കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ; ഇത്തവണ ഭാഗ്യം ആർക്കൊപ്പം?
text_fieldsകോട്ടയം: അട്ടിമറികളില്ലെങ്കിൽ നറുക്കെടുപ്പ്... കോട്ടയം ആർക്കൊപ്പമെന്നറിയാൻ ഒരുദിനത്തിെൻറ അകലം മാത്രം. ഇടത്-വലത് മുന്നണികൾ തുല്യനിലയിലെ കോട്ടയം നഗരസഭയിൽ അധ്യക്ഷയെ കണ്ടെത്താൻ തിങ്കളാഴ്ച രാവിലെ 11ന് തെരഞ്ഞെടുപ്പ് നടക്കും.
സെപ്റ്റംബർ 24ന് എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതോടെ യു.ഡി.എഫ് അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പുറത്തായി. നേരത്തേ നറുക്കെടുപ്പിലൂടെയായിരുന്നു ബിൻസി നഗരസഭ അധ്യക്ഷയായത്.
ഇത്തവണയും അധ്യക്ഷക്കായി നറുക്കെടുപ്പിെൻറ ഭാഗ്യപരീക്ഷണം വേണ്ടിവരുമെന്നാണ് സൂചന. കൗൺസിലിൽ ആകെ 52 അംഗങ്ങളുണ്ട്. യു.ഡി.എഫിനും എൽ.ഡി.എഫിനും 22 അംഗങ്ങൾ വീതവും ബി.ജെ.പിക്ക് എട്ടുേപരും. മൂന്നു മുന്നണികളും സ്ഥാനാർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചതിനാൽ അട്ടിമറികളോ അസാധുവോ ഉണ്ടായില്ലെങ്കിൽ 22 - 22 - എട്ട് എന്നതാകും വോട്ടുനില. ഏറ്റവും കുറച്ച് വോട്ട് നേടിയ സ്ഥാനാർഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും. നിലവിലെ സ്ഥിതിയനുസരിച്ച് ബി.ജെ.പി സ്ഥാനാർഥി മാറും. ഇതോടെ ബി.ജെ.പി അംഗങ്ങളും വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് വിവരം. തുടർന്ന് നടക്കുന്ന വോട്ടെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും 22-22 എന്ന നിലയിൽ തുല്യത വരും. ഇത് നറുക്കെടുപ്പിലേക്ക് നയിക്കും. എന്നാൽ, ആരെങ്കിലും മുന്നണി മാറി വോട്ടുചെയ്താൽ കണക്കുകൂട്ടലുകൾ തെറ്റുകയും കൂടുതൽ വോട്ടുലഭിക്കുന്നയാൾ ചെയർപേഴ്സനാകുകയും ചെയ്യും. കോൺഗ്രസിലെ ചെയർപേഴ്സൻ -വൈസ് ചെയർമാൻ ഭിന്നതയാണ് പ്രതിപക്ഷം മുതലെടുത്ത് അവിശ്വാസ പ്രമേയത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ഇപ്പോഴും കോണ്ഗ്രസ് പാർലമെൻററി പാർട്ടിയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്. ഇത് പരിഹരിക്കാൻ കഴിയുമെന്നും ഒറ്റക്കെട്ടായി യു.ഡി.എഫ് നിലയുറപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ അനുനയ ശ്രമങ്ങളും നടക്കുന്നു. ഇതിനിടെ, ഒരംഗമുള്ള കേരള കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചതും യു.ഡി.എഫിൽ അലോസരം സൃഷ്ടിക്കുന്നുണ്ട്.
കോണ്ഗ്രസ് പാർലമെൻററി പാർട്ടി യോഗവും കോണ്ഗ്രസ് നേതൃത്വവും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മുൻ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യനും വ്യക്തമാക്കി. സ്വതന്ത്രയായി വിജയിച്ച ഇവർ യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചതാണ്. ഇതോടെയാണ് എൽ.ഡി.എഫും യു.ഡി.എഫും തുല്യനിലയിലായത്. അഞ്ചു വർഷത്തേക്ക് ചെയർപേഴ്സൻ സ്ഥാനം നൽകാമെന്നാണ് കോണ്ഗ്രസ് പാർട്ടി പറഞ്ഞതെന്നും ബിൻസി പറഞ്ഞു. എൽ.ഡി.എഫിനെ പിന്തുണക്കില്ലെന്നും ഇവർ പറഞ്ഞു. അതിനിടെ, ബിൻസിയെ തന്നെ യു.ഡി.എഫ് വീണ്ടും മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. പാർലമെൻററി പാർട്ടി യോഗത്തിലാകും അന്തിമ തീരുമാനം.
അതേസമയം, എൽ.ഡി.എഫ് ക്യാമ്പും ആശങ്കയിലാണ്. ഒരംഗം ആശുപത്രിയിലാണെന്നതാണ് ഇവർ അങ്കലാപ്പിലാക്കിയത്. എന്നാൽ, ആശുപത്രിയിലുള്ള കൗൺസിലറുടെ ആരോഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹത്തിന് വോട്ടെടുപ്പിൽ പെങ്കടുക്കാൻ കഴിയുമെന്നും ഇവർ പറയുന്നു. യു.ഡി.എഫിലെ അസ്വാരസ്യങ്ങൾ തുണയാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.
റീബാ വർക്കിയെ മത്സരിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം. അവിശ്വാസ പ്രമേയ ചർച്ചയിൽ എൽ.ഡി.എഫിനെ പിന്തുണച്ചുവെങ്കിലും അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.
ഷീജ അനിൽ എൽ.ഡി.എഫ് സ്ഥാനാർഥി
കോട്ടയം: കോട്ടയം നഗരസഭ ചെയർപേഴ്സൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി അഡ്വ. ഷീജ അനിൽ മത്സരിക്കും. ശനിയാഴ്ച ചേർന്ന എൽ.ഡി.എഫ് പാർലമെൻററി പാർട്ടി യോഗമാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥിയായി കഴിഞ്ഞ തവണയും ഷീജ തന്നെയാണ് മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.