‘സകർമ’യോട് മുഖംതിരിച്ച്കോട്ടയം നഗരസഭ
text_fieldsകോട്ടയം: കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് തയാറാക്കാൻ സകർമ സോഫ്റ്റ്വെയർ ഉപയോഗിക്കാതെ നഗരസഭ. സംസ്ഥാനത്തെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ഭരണസമിതി യോഗങ്ങളുട മിനിറ്റ്സ് സൂക്ഷിക്കുന്നത് സകർമ സോഫ്റ്റ്വെയർ വഴിയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ യോഗതീരുമാനങ്ങൾ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സകർമ സോഫ്റ്റ്വെയർ വഴിമാത്രം നടത്തണമെന്നാണ് സർക്കാർ നിർദേശം. മിനിറ്റ്സ് തയാറാക്കിയ സമയവും ദിവസവും കൃത്യതയോടെ രേഖപ്പെട്ടു കിടക്കുമെന്നതാണ് ഇതിന്‍റെ മേന്മ.
ഇതുവഴി വെട്ടൽ, തിരുത്തൽ, കൂട്ടിച്ചേർക്കൽ തുടങ്ങിയ അഭ്യാസങ്ങൾക്കും അറുതിയാവും. ഭരണസമിതി യോഗങ്ങളുടെ അജണ്ടയും അതിന്മേൽ സ്ഥാപനം കൈക്കൊള്ളുന്ന തീരുമാനങ്ങളും അറിയാൻ പൊതുജനങ്ങൾക്ക് കഴിയും. എന്നാൽ, കോട്ടയം നഗരസഭയിൽ മിനിറ്റ്സ് ടൈപ് ചെയ്ത് പ്രിന്‍റ് എടുത്ത് മിനിറ്റ്സ് ബുക്കിൽ ഒട്ടിച്ചുചേർക്കുകയാണ് ചെയ്യുന്നത്. മിനിറ്റ്സിന്‍റെ അവസാന പേജിൽ മാത്രം ചെയർപേഴ്സൻ ഒപ്പ് രേഖപ്പെടുത്തും. ഇത്തരത്തിലുള്ള മിനിറ്റ്സിലെ രേഖപ്പെടുത്തലുകളിൽ തിരുത്തൽ വരുത്തുന്നതായി പ്രതിപക്ഷത്തിന്‍റെ ആരോപണം നേരത്തേയുള്ളതാണ്.
ഇതിന്‍റെ പേരിൽ കൗൺസിലിൽ ബഹളവും പതിവാണ്. കൗൺസിൽ മിനിറ്റ്സ് അടുത്ത യോഗത്തിനു വരുമ്പോൾ മാത്രമാണ് കൗൺസിലർമാർക്കു ലഭ്യമാക്കുന്നത്. വൈസ്ചെയർമാനും അടുത്തിടെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. യോഗം കഴിഞ്ഞാൽ യഥാസമയം മിനിറ്റ്സ് ലഭ്യമാക്കുന്നില്ലെന്നും യോഗതീരുമാനങ്ങൾ രേഖപ്പെടുത്താതെ പൊതുചർച്ചയിലെ കാര്യങ്ങൾ മാത്രം രേഖപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നുമാണ് വൈസ് ചെയർമാർ പറഞ്ഞത്. സകർമ സോഫ്റ്റ്വെയർ അടിയന്തരമായി നടപ്പാക്കാൻ 2020-21 ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശം നൽകിയിരുന്നു. ഓഡിറ്റ് പരാമർശം ശനിയാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ ചർച്ചചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.