കൗൺസിലറുടെ വിയോജനക്കുറിപ്പ് സർക്കാർ അംഗീകരിച്ചു; കോട്ടയം നഗരസഭയിൽ പദ്ധതിപ്രവർത്തനങ്ങൾ അവതാളത്തിൽ
text_fieldsകോട്ടയം: വാർഷികപദ്ധതിയുമായി ബന്ധപ്പെട്ട് കൗൺസിലർ നൽകിയ വിയോജനക്കുറിപ്പ് സർക്കാർ അംഗീകരിച്ചതോടെ കോട്ടയം നഗരസഭയുടെ സ്പിൽ ഓവർ പ്രവൃത്തികൾ അവതാളത്തിൽ. ഇതോടെ 2023-24 വാർഷികപദ്ധതിയിൽ പൂർത്തികരിക്കാൻ കഴിയാതിരുന്ന 47 കോടിയുടെ വികസന പദ്ധതികൾ അനിശ്ചിതത്വത്തിലായി. വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ വിഷയം ഉയർന്നതോടെ പ്രശ്നം പരിഹരിക്കാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കാൻ തീരുമാനിച്ചു.
എൽ.ഡി.എഫിലെ കേരള കോൺഗ്രസ്(എം) അംഗം ജോസ് പള്ളിക്കുന്നേലാണ് വാർഷിക കണക്കുമായി ബന്ധപ്പെട്ട് വിയോജനം അറിയിച്ചത്. ജൂൺ 11ന് നടന്ന കൗൺസിൽ യോഗത്തിൽ 2023-24 വാർഷികപദ്ധതിയിൽ പൂർത്തീകരിക്കാൻ കഴിയാതിരുന്നതും 2024-25 വർഷം സ്പിൽ ഓവറായി നിശ്ചയിച്ചതുമായ പദ്ധതികളുമായി ബന്ധപ്പെട്ട വാർഷികകണക്ക് ഭേദഗതികൾ പാസാക്കിയിരുന്നു.
എന്നാൽ, ഭേദഗതി കണക്ക് പാസാക്കാൻ കഴിയില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ജോസ് പള്ളിക്കുന്നേൽ വിയോജനം രേഖപ്പെടുത്തി. ഇത് സെക്രട്ടറി പിന്നീട് സർക്കാറിലേക്ക് അയച്ചു. ഇത് പരിശോധിച്ച തദ്ദേശവകുപ്പ്, കൗൺസിൽ തീരുമാനം താൽക്കാലികമായി തടഞ്ഞ് ഈ മാസം മൂന്നിന് ഉത്തരവിറക്കി. ഇതോടെ സ്പിൽ ഓവർ പ്രവൃത്തികൾ താൽക്കാലികമായി നിലച്ചിരിക്കുകയാണ്.
വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ സ്പിൽ ഓവർ പ്രവൃത്തികൾ മുടങ്ങുന്നത് നഗരസഭയുടെ വികസനപ്രവൃത്തികളെ ബാധിക്കുമെന്നും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. അടുത്തവർഷം ഒരുരൂപപോലും ചെലവഴിക്കാൻ കഴിയാത്ത സ്ഥിതിയായിരിക്കുമെന്നും ഇവർ പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ വിളിക്കണമെന്ന് ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു.
വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തുന്നതിൽ ചെയർപേഴ്സണിന് വീഴ്ച വന്നുവെന്ന് കുറ്റപ്പെടുത്തിയ എൽ.ഡി.എഫ്, തുടർനടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും വിയോജനം തെറ്റാണെന്ന് തെളിയിക്കാൻ ചെയർപേഴ്സണിനെയും സെക്രട്ടറിയേയും വെല്ലുവിളിക്കുന്നതായും ജോസ് പള്ളിക്കുന്നേൽ പറഞ്ഞു. ഇതോടെ ഈമാസം 15ന് പ്രത്യേക കൗൺസിൽ വിളിക്കുമെന്ന് ചെയർപേഴ്സൺ അറിയിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ഭാഗത്ത് നഗരസഭയുടെ സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നും നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്നും ബി.ജെ.പി കൗൺസിലർ വിനു മോഹൻ പറഞ്ഞു. ഇതിൽ വീഴ്ചയുണ്ടായാൽ ആർപ്പുക്കര പഞ്ചായത്ത് ഈസ്ഥലം കൈയേറുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കുമാരനല്ലൂർ േക്ഷത്രത്തിലെ ഉത്സവകാലത്തിന് മുന്നോടിയായി എല്ലാ തെരുവ് വിളക്കുകളും തെളിയിക്കണമെന്നാണ് അനിൽ തറയിൽ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ അലംഭാവത്തിൽ പല ഫയലുകളും കെട്ടിക്കിടക്കുകയാണെന്നും കൗൺസിലർമാർ ആരോപിച്ചു. പെൻഷൻ തട്ടിപ്പ് കേസിലെ പ്രതിയെ കണ്ടെത്തുന്നതിൽ പൊലീസ് ഗുരുതരവീഴ്ചയാണ് വരുത്തുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.