കോട്ടയം നഗരസഭ: നികുതി പിരിവിൽ വൻ വീഴ്ച; കിട്ടാനുള്ളത് കോടികൾ
text_fieldsകോട്ടയം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന നഗരസഭ കിട്ടാനുള്ള നികുതി പോലും യഥാസമയം പിരിച്ചെടുക്കുന്നില്ല. കോടികളാണ് വിവിധയിനങ്ങളിലായി പിരിഞ്ഞുകിട്ടാനുള്ളത്. കെട്ടിടനികുതി, വസ്തു നികുതി, കെട്ടിടങ്ങളുടെ വാടക, വിവിധ ലൈസൻസ് ഫീസ് തുടങ്ങിയവയാണ് കുടിശ്ശികയായത്.
വസ്തുനികുതിയാണ് ഏറ്റവുമധികം പിരിച്ചെടുക്കാനുള്ളത്. കുടിശ്ശികയടക്കം 45.45 കോടി രൂപ വസ്തു നികുതിയിനത്തിൽ ലഭിക്കണം. ഈ വർഷം നവംബർ വരെ നഗരസഭക്ക് കിട്ടേണ്ടത് 58.68 കോടി രൂപയാണ്. ഇതിൽ പിരിക്കാനായത് 13.23 കോടി മാത്രം. മുൻവർഷങ്ങളിൽ 33 കോടിയോളം രൂപ കുടിശ്ശിക കിട്ടാനുണ്ട്. തൊഴിലാളികളുടെ തൊഴിൽ നികുതിയിനത്തിൽ 2.53 കോടിയാണ് കുടിശ്ശിക. 4.97 കോടിയിൽ 2.43 കോടി മാത്രമാണ് പിരിച്ചെടുത്തത്. കെട്ടിടങ്ങളുടെയും സ്റ്റാളുകളുടെയും വാടകയിനത്തിൽ പിരിച്ചെടുക്കാനുള്ളത് 20 കോടി രൂപയാണ്. വ്യാപാരസ്ഥാപനങ്ങളുടെ തൊഴിൽ നികുതിയിനത്തിൽ 44 ലക്ഷം രൂപയോളം കിട്ടാനുണ്ട്. മുൻവർഷങ്ങളിലെ റവന്യു വിഭാഗം ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഈ വൻ തുക കുടിശ്ശികയാകാൻ കാരണം. പുതിയ ഉദ്യോഗസ്ഥരിൽ പലരും ഫീൽഡിൽ പോയി നികുതി പിരിച്ചെടുക്കുന്നതിൽ താൽപര്യമില്ല. കെ സ്മാർട്ട് വന്നതുമുതൽ ആറുമാസമായി കൂടുതൽ നികുതി പിരിക്കാനാവുന്നുണ്ട്.
വികസനപ്രവൃത്തികൾക്ക് പണമില്ലാത്തതിനാൽ നഗരസഭയിൽ ഒന്നും നടക്കാത്ത അവസ്ഥയാണ്. അതിനിടയിലാണ് കോടികൾ കുടിശ്ശികയാക്കിയിട്ടുള്ളത്. നികുതി കൃത്യമായി പിരിച്ചെടുത്തില്ലെങ്കിൽ പല ഗ്രാന്റുകളും കിട്ടാൻ തടസ്സമാവും. കഴിഞ്ഞ വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകളിൽ നികുതി പിരിച്ചെടുക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും സെക്രട്ടറിമാരുടെ അവലോകന യോഗത്തിൽ കോട്ടയം നഗരസഭയുടെ കാര്യം പ്രത്യേകം പരാമർശിച്ചിരുന്നു.
കുടിശ്ശിക
- വസ്തു നികുതി - 45.45 കോടി രൂപ
- തൊഴിൽ നികുതി - 2.53 കോടി
- കെട്ടിടം, സ്റ്റാൾ വാടക - 20 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.