കോട്ടയം നഗരസഭയിൽ വനിത കൗൺസിലർമാരും ചെയർപേഴ്സനുമായി പിടിവലി
text_fieldsകോട്ടയം മുനിസിപ്പൽ കൗൺസിൽ യോഗത്തിനിടെ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യന്റെ കൈയിൽനിന്ന് അജണ്ട തട്ടിപ്പറിക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫ് കൗൺസിലർമാർ
കോട്ടയം: തുടർച്ചയായ മൂന്നാംദിനവും മുനിസിപ്പൽ കൗൺസിൽ യോഗം അലങ്കോലമായി. എൽ.ഡി.എഫിലെ വനിത കൗൺസിലർമാർ ചെയർപേഴ്സനുമായി പിടിവലി കൂടുകയും അജണ്ട വലിച്ചുകീറുകയും ചെയ്തു. അജണ്ട അംഗീകരിച്ചതായി ചെയർപേഴ്സൻ പ്രഖ്യാപിച്ചെങ്കിലും ഇല്ലെന്നാണ് എൽ.ഡി.എഫ് നിലപാട്. ചെയർപേഴ്സൻ കൗൺസിലിൽ പറഞ്ഞത് മൈക്കില്ലാത്തതിനാൽ കേട്ടില്ലെന്ന് സെക്രട്ടറിയും.
പ്രമേയത്തിൽ ചർച്ച വേണമെന്ന എൽ.ഡി.എഫിന്റെയും അനുവദിക്കില്ലെന്ന യു.ഡി.എഫിന്റെയും പിടിവാശിയാണ് മൂന്നാംദിനവും കൗൺസിലിനെ ബഹളമയമാക്കിയത്. 211 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് 20 ന് പ്രത്യേക ചർച്ച നടത്താമെന്നും കൗൺസിൽ തുടങ്ങാൻ അനുവദിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു എന്നുപറഞ്ഞാണ് ചെയർപേഴ്സൻ സംസാരിച്ചുതുടങ്ങിയത്. എന്നാൽ പ്രമേയത്തിൽ ചർച്ച വേണമെന്നും രണ്ടിലൊന്നറിയണമെന്നും പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ ആവശ്യപ്പെട്ടു.
അജണ്ടയല്ലാതെ ചർച്ച അനുവദിക്കില്ലെന്ന് യു.ഡി.എഫ് കൗൺസിലർ എം.പി. സന്തോഷ്കുമാർ പറഞ്ഞു. ഇരുവിഭാഗവും പതിവുപോലെ ബഹളം തുടർന്നു. ഇതിനിടെ, കഴിഞ്ഞ കൗൺസിലിൽ അജണ്ടയിലുണ്ടായിരുന്ന ക്ഷേമപെൻഷൻ വിഷയം 2024 ഒക്ടോബറിൽ ധനകാര്യസമിതി അംഗീകരിച്ചതാണെന്നും ഇത്ര വൈകിയാണ് കൗൺസിലിൽ വെച്ചതെന്നും എൽ.ഡി.എഫിലെ ടി.എൻ. മനോജ് ചൂണ്ടിക്കാട്ടി. ഇതേ രീതിയിൽ മറ്റ് വിഷയങ്ങൾ വൈകിയ കാര്യവും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരത്തിൽ ചർച്ച അനുവദിക്കില്ലെന്നും അജണ്ടയെടുക്കണമെന്നും യു.ഡി.എഫും ചെയർപേഴ്സനും ആവശ്യപ്പെട്ടു.
ഏറെ നേരം വാക്കുതർക്കവും ബഹളവും തുടർന്നു. ചിലർ മുനിസിപ്പൽ ചട്ടം നോക്കി. മറ്റു ചിലർ വട്ടം കൂടി ആലോചനയിലായി. ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് കെ. ശങ്കരൻ സംസാരിക്കാൻ ഏറെ നേരം എഴുന്നേറ്റുനിന്നെങ്കിലും ബഹളം കാരണം നടന്നില്ല. അജണ്ട വായിക്കണമെന്നായിരുന്നു ബി.ജെ.പി ആവശ്യം. കഴിഞ്ഞ രണ്ടുദിവസം നടന്ന കൗൺസിലിലും ഇവർ നിലപാട് വ്യക്തമാക്കിയിരുന്നില്ല. വൈകീട്ട് 4.15 ആയതോടെ അജണ്ട വായിക്കാൻ പറഞ്ഞ് യു.ഡി.എഫ് അംഗങ്ങൾ എഴുന്നേറ്റു.
വായിപ്പിക്കില്ലെന്ന് എൽ.ഡി.എഫും. ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അജണ്ട വായിക്കാൻ ശ്രമിച്ചതോടെ കസേരക്കടുത്തെത്തിയ എൽ.ഡി.എഫ് വനിത കൗൺസിലർമാർ അജണ്ട തട്ടിപ്പറിക്കാൻ പിടിവലിയായി. കൈയിൽനിന്നുപോയതോടെ അജണ്ട അംഗീകരിച്ചതായി ചെയർപേഴ്സൻ വിളിച്ചുപറയുകയായിരുന്നു.
ബഹളത്തിനിടെ സെക്രട്ടറി ഇറങ്ങിപ്പോവുകയും ചെയ്തു. അജണ്ട അംഗീകരിച്ചതായി ചെയർപേഴ്സൻ പറയുമ്പോൾ സെക്രട്ടറി ഉണ്ടായിരുന്നതായും അതിനാൽ അജണ്ട പാസായെന്നുമാണ് യു.ഡി.എഫ് പറയുന്നത്. എന്നാൽ മൈക്ക് പ്രവർത്തിക്കാത്തതിനാൽ ചെയർപേഴ്സൻ പറഞ്ഞത് കേട്ടില്ലെന്നും ബഹളം മാത്രമാണ് കേട്ടതെന്നും സെക്രട്ടറി പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.